2014, നവംബർ 18, ചൊവ്വാഴ്ച

നേരത്തെ എഴുന്നെല്‍ക്കാത്തത് എന്ത് കൊണ്ട് ??

പതിനൊന്നുമണിക്ക് പല്ല് തേയ്ച്ചാല്‍ എന്തെ വെളുക്കൂല്ലേ??
വൈകി എണീക്കണ കാര്യം പറയുമ്പോ എല്ലാര്‍ക്കും കലിപ്പാ എന്നോട്..
നിങ്ങക്കൊക്കെ പറഞ്ഞാ മതിയല്ലോ..
ഒരു ദിവസം നേരത്തെ എണീറ്റത് കൊണ്ട് മാത്രമാണ് എന്‍റെ ജീവിതം തന്നെ മാറി പോയത്.
ദാ.. ഒരു അനുഭവക്കുറിപ്പ്..
************************
അഞ്ചാം ക്ലാസ് കഴിഞ്ഞുള്ള വേനലവധി. ഞാനും ന്‍റെ ചേട്ടനും കൂടി ഒരുമിച്ചാണ് എന്നും കിടന്നുറങ്ങുന്നത്.
ചേട്ടന്‍ പണ്ടേ പൊട്ട പഠിപ്പാ... എത്ര വൈകി കിടന്നാലും നേരത്തെ എണീക്കും പഹയന്‍.
എണീക്കുന്നതില്‍ എനിക്ക് പരാതിയൊന്നും ഉണ്ടായിട്ടല്ല. പ്രശ്നം എന്താന്നു വച്ചാല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടെ പുതയ്ക്കാന്‍ എടുത്താ പൊങ്ങാത്ത ഒരു വല്യ കമ്പിളി പുതപ്പുണ്ട്.
കിടക്കാന്‍ നേരത്ത് നല്ല വൃത്തിയില്‍ മടക്കി വച്ചിട്ടുണ്ടാകും. പക്ഷെ പുലര്‍ച്ചെ ആകുമ്പോ കാബൂളിവാലയിലെ ജഗതീം ഇന്നസെന്‍റും ചെയ്യണ പോലെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് പറിച്ചു ആകെ അലങ്കോലമായിട്ടുണ്ടാകും.
അവസാനം എണീക്കുന്ന ആളുടെ ഡ്യൂട്ടിയാണ് ഈ കമ്പിളി പുതപ്പ് മടക്കി വെക്കല്‍. അതായത് എന്‍റെ പണി എന്ന് പ്രത്യേകം പറയണ്ടല്ലോ.
ചിന്തിക്കണം ഒരു പത്തു വയസുകാരന്‍ പയ്യനെ കൊണ്ടാണ് ഈ കഠിന ജോലി ചെയ്യിക്കുന്നത്.
ഒരിക്കലെങ്കിലും ഈ പണ്ടാരം മടക്കുന്ന ബുദ്ധിമുട്ട് ചേട്ടനും ഒന്നറിയണം എന്നു ഞാന്‍ തിരുമാനിച്ചു.
സാധാരണ അമ്മയുടെ കുറ്റിചൂല് കൊണ്ടുള്ള നില്‍പ്പാണ് ദിവസവും കാണാറ്..
നിങ്ങള് കരുതും എണീറ്റ പാടെ നീയെന്തിനാ മുറ്റത്ത് ഇറങ്ങി നില്‍ക്കുന്നെ എന്ന്.
അമ്മ മുറ്റമടിക്കാനല്ല സുഹൃത്തുക്കളെ എന്നെ അടിക്കാനാണ് കുറ്റിചൂലെടുക്കുന്നത്. 

അങ്ങനെ അന്ന് ഞാന്‍ ആദ്യമായി ചേട്ടനേക്കാള്‍ നേരത്തെ എണീറ്റു..
അന്നായിരിക്കണം പ്രഭാത സൂര്യന്‍റെ ഭംഗി ഞാന്‍ ആദ്യമായി ആസ്വദിക്കുന്നത്.
ആഹാ.. എന്ത് രസം എന്ത് രസം..
ഉദയസൂര്യ പ്രഭയില്‍ ആര്‍മാദിക്കാന്‍ മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോഴുണ്ട് അടുത്ത വീട്ടിലെ ഹൈദര്‍ ഇക്കയുടെ സൈക്കിള്‍ റോഡില്‍ ഇരിക്കുന്നു..
മനസ്സില്‍ ഒരഞ്ചാറ് ലഡ്ഡു ഒരുമിച്ചു പൊട്ടി.
സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു വരുന്നവന്, അതും സ്വന്തമായി ഒരു സൈക്കിള്‍ ടയര്‍ മാത്രമുള്ളവന് ഒരു സൈക്കിള്‍ ഇങ്ങനെ എന്നെ എടുത്തോ എന്നെ എടുത്തോ എന്ന് പറയാതെ പറഞ്ഞു ഇരിക്കണ കാണുമ്പോ തോന്നുന്ന എല്ലാര്‍ക്കും തോന്നണ ആ ലത് ഇല്ലേ.. ആ ലത് എനിക്കും തോന്നി.
എന്നെക്കാളും വല്യ സൈക്കിളില്‍ കയറി ഞാന്‍ ചെങ്കല്ല് വിരിച്ച റോഡിലൂടെ ചവിട്ടി.. സീറ്റിലേക്ക്‌ ഇരുന്നാല്‍ പെടലിലേക്ക് കാലെത്തില്ല. എന്നുകരുതി സീറ്റില്‍ ഇരുന്നു ചവിട്ടാതിരിക്കുന്നതെങ്ങനെ..
കയറി ഇരുന്നു.. ആഹാ.. എന്ത് സുഖം എന്തൊരു സുഖം... എന്നിട്ടും പൂതി തീര്‍ന്നില്ല.
ചെങ്കല്‍ റോഡില്‍ എട്ടിടാന്‍ ഒരു സാഹസിക ശ്രമം. എല്ലാ ഫ്രീക്കന്മാരുടെ സൈക്കിളിനും ബ്രേക്ക്‌ കാണില്ല എന്ന നഗ്ന സത്യം മനസിലാക്കും മുന്‍പേ ഞാന്‍ സ്പൈഡര്‍ മാനായി. വപ്പത്തണ്ട് പോലത്തെ എന്‍റെ കൈ ഒടിഞ്ഞു രണ്ടു പീസായി..
പിന്നെ രണ്ടു ദിവസം ഹോസ്പ്പിറ്റല്‍ അത് കഴിഞ്ഞു ഒന്നര മാസം എന്‍റെ വലതുകൈക്കുഞ്ഞിനെ തൊട്ടില് കെട്ടി താലോലിച്ചു നടക്കേണ്ടി വന്നു.
കരാട്ടെ പഠിച്ചു ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടണം എന്ന എന്‍റെ ജീവിതാഭിലാഷത്തിനു തിരശീല വീണത്‌ ദിങ്ങനെ
അച്ഛന്‍: "മോന് ബ്ലാക്ക് ബെല്‍റ്റ്‌ അച്ഛന്‍ ഇന്ന് തന്നെ വാങ്ങി തരാം... പിന്നെ കരാട്ടെ കൂടെ പഠിക്കാന്‍ പോയിട്ട് ഇനീം എല്ലിന്‍റെ എണ്ണം കൂട്ടണ്ട. ഒടിയുമ്പോ ഒടിയുമ്പോ പശ വെച്ച് ഒട്ടിക്കാന്‍ പറ്റണ സാധനല്ല ഈ കയ്യ്"
ഇനി നിങ്ങള് പറ.. ഞാന്‍ വൈകി എണീക്കുന്നത് ഒരു തെറ്റാ ???

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ