2014, നവംബർ 18, ചൊവ്വാഴ്ച

FIRE & SAFETY പഠിച്ചാല്‍ എല്ലാം നടക്കുമെടാ ...

ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചു ഗംഭീര മാര്‍ക്കോടെ പാസായപ്പോ നമ്മള് കരുതി ദിപ്പോ കിട്ടും അടിപൊളി ജോലി ന്ന്...
യെവടെ!!!
അവസാനം NIFE യിലെ ശശി സാറിന്‍റെ ( ചിരിക്കണ്ട... സാറിന്‍റെ പേര് ശരിക്കും ശശി എന്ന് തന്ന്യാ.. ) പരിചയത്തില്‍ കൊച്ചിയില്‍ സീ ബ്ലൂ ഷിപ്‌ യാര്‍ഡില്‍ ഒരു ജോലി തരപ്പെട്ടു.
സാലറി എത്രയായാലും വേണ്ടില്ല എക്സ്പീരിയന്‍സ് ഉണ്ടാക്കണം എന്ന് ഉപദേശം കൂടെ ണ്ടാരുന്നു .
"സീ ബ്ലൂ ഷിപ്‌ യാര്‍ഡ്‌"
ആ പേര് കേള്‍ക്കുമ്പോഴേ ഒരു സുഖമില്ലേ ??
സേഫ്റ്റി ആപ്പീസര്‍ ആയി ഞാനാ ഷിപ്‌ യാര്‍ഡില്‍ ആര്‍മാദിച്ചു നടക്കുന്നത് ഓര്‍ത്ത്‌ ഉറക്കം തന്നെ കിട്ടാതായി ..
അന്നേരം ഡാമി പ്പോ പൊട്ടുമല്ലോ കര്‍ത്താവേ എന്നോര്‍ത്ത് പി ജെ ജോസപ്പിനും, ഡാം പൊട്ടിയാല്‍ കൊച്ചിയിലെ ഈ ഷിപ്‌യാര്‍ഡ്‌ വരെ പ്രളയത്തില്‍ മുങ്ങുമല്ലോ എന്നോര്‍ത്ത് അച്ഛനും ഉറക്കം നഷ്ട്ടപ്പെട്ടു .
ആദ്യായിട്ടായിരിക്കും ഒരുത്തന്‍ ആദ്യായി ജോലിക്ക് പോകുമ്പോ "മോനെ നീ ഇതിനു പോവണ്ട്രാ.." ന്നു വീട്ടുകാര്‍ പറയുന്നത് .
ഞാന്‍ കേട്ടില്ല.. എന്‍റെ മനസ് നിറയെ പ്രതീക്ഷയുടെ കടലായിരുന്നു.
********************************
ഒരു ഗമണ്ടന്‍ ഗേറ്റ് കടന്നു ചെന്നതും പ്രതീക്ഷയുടെ കടലിലെ ഓളം ഒക്കെ നിന്ന്.. മ്മടെ തൃശൂര് പട്ടാളം മാര്‍ക്കറ്റിലേക്ക് കടന്ന പോലെ ഒരു അവസ്ഥ..
ആകെ ഇരുമ്പ് സാധങ്ങള്‍.. കായലില്‍ ഒരു ബോട്ട് കിടപ്പുണ്ട്.
പിന്നെ കോസ്റ്റ്‌ ഗാര്‍ഡിന്‍റെ വല്യൊരു ബോട്ടും കരയ്ക്ക് കയറി കിടപ്പുണ്ട്.
ആപ്പീസിലേക്ക് ചെന്ന് സര്‍ പറഞ്ഞ ആളെ പോയി കണ്ടു.. അങ്ങേരാണ് ശരിക്കും അവിടത്തെ ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി ആപ്പീസര്‍.
നമ്മടെ ജോലി ഫയര്‍ വാച്ചര്‍..
(ങേ!! അതെന്തൂട്ടാ ... )
സാലറി :3000+accomodation.
(അപ്പൊ ഖാനാ ഖാനാ ?? ബാക്കി ചെലവ് ??)
"ഡ്രസ്സ്‌ മാറാന്‍ ദാണ്ടെ അങ്ങോട്ട്‌ പോയ്കോളൂ"
ഒരു കണ്ടെയ്നര്‍ ന്‍റെ മുകളില്‍ മറ്റൊരു കണ്ടെയ്നര്‍ ചൂണ്ടി കാട്ടി അയാള്‍. അതിലേക്ക് കയറാന്‍ ഒരു ഗോവണി. അതിന്‍റെ ഹാന്‍ഡ്‌ റെയില്‍ ഇപ്പോഴേ ഊരി വീഴും എന്ന അവസ്ഥയില്‍ ആയിരുന്നു.
പിന്നെ സ്വന്തം സേഫ്റ്റിക്കായി പ്രത്യേകം ഡ്രസ്സ്‌ ഒന്നുമില്ല.
"വല്ല പഴയ ഡ്രസ്സ്‌ വല്ലതും ഉണ്ടെങ്കി ഇട്ടെക്കൂ .. ഗ്രീസ് ഒക്കെ ആയാല്‍ വല്യ പാടാ പോവാന്‍ .."
ങേ!! ഗ്രീസാ ???
ഒരു വിധം കൊത്തി പിടിച്ചു ഞാന്‍ അതില്‍ കയറി. സേഫ്റ്റി എന്നാല്‍ ഇതാണല്ലേ ?
*****************************

സംഭവം എന്താന്നു വച്ചാല്‍ അതൊരു വര്‍ക്ക്ഷോപ്പ് ആണ്. ചെറിയ ഷിപ്പുകള്‍ ബോട്ടുകള്‍ ഒക്കെ റിപ്പയര്‍ ചെയ്യുന്ന സ്ഥലം. ആ വല്യ ബോട്ടിലാണ് പണി. അതിലേക്കും എന്‍ട്രി ഇതുപോലെ വേള്‍ഡ്‌ ചെയ്തു പിടിപ്പിച്ച ഒരു വലിയ എണിയിലൂടെ തന്നെ.
ഡ്രസ്സ്‌ ഒക്കെ ഇട്ടു ബോട്ടില്‍ കേറി നമ്മടെ സീനിയെഴ്സ്‌ നെ പോയി പരിചയപ്പെട്ടു..
"അല്ല ചേട്ടാ.. എന്താ നമ്മടെ ജോലീടെ സ്വഭാവം ??"
"നിനക്ക് വെള്ളം കോരാന്‍ അറിയാമോ ??"
"ഉം.."
ഒരു പാട്ടയും കയറും എടുത്തു തന്നിട്ട് സീനിയര്‍ എന്‍റെ വര്‍ക്ക്‌ കാണിച്ചു തന്നു.
"ആ വല്യ ബോട്ടില്‍ നിന്ന് കൊണ്ട് കായലിലെ വെള്ളം കോരണം. എന്നിട്ട് ദോണ്ടെ അവിടെ ബോട്ടിനകത്ത് ഗാസ് കട്ടിംഗ് നടക്കുന്നുണ്ട്.
അതിന്‍റെ താഴെ പോയി നിക്കണം. എങ്ങാനും തീ പൊരി താഴെ വീണാല്‍ അപ്പൊ വെള്ളം ഒഴിക്കണം.."
പിന്നെ ഒരു എക്സ്ട്ടിങ്ങ്വിഷറും ഒരു പായ്ക്കറ്റ് DCP പൌഡറും തന്നു.
പിന്നെ ഒരു ഉപദേശവും:
"ഒരുപാട് കേബ്ലിംഗ് പോയിട്ടുള്ളതാ ഈ റൂമിലൂടെ .
വയറില്‍ തീ പിടിച്ചാ ഈ പാക്കറ്റ്‌ പൌഡര്‍ വാരി എറിയണം..
വല്ലാതെ കത്തിയാല്‍ മാത്രം എക്സ്ട്ടിങ്ങ്വിഷര്‍ ഉപയോഗിച്ചാ മതി... റീ ഫില്ലിംഗ് ചെലവ് കുറയ്‌ക്കാലോ.. യേത്.. "
എലിപ്പെട്ടി പോലത്തെ ഒരു കുടുസുമുറി.
അതിനു മുകളില്‍ നിന്ന് ഗ്യാസ്‌ കട്ടിംഗ്.
താഴെ ഞാന്‍ ഒറ്റയ്ക്ക്..

തീ പിടിച്ചാല്‍ ഇറങ്ങി ഒടാനോന്നും പറ്റില്ല. പുകക്കുഴല്‍ പോലെ ഒരു എക്സിറ്റ് മാത്രേ ഉള്ളൂ..
ഒക്കെ കേട്ടപ്പോഴേ വയറു കത്താന്‍ തുടങ്ങി..

.
.
.
പൌഡര്‍ എറിഞ്ഞില്ലേ എന്ന് ചോദിക്കണ്ട. കത്തിയത് എന്‍റെ വയറാ...
**************************************************
രാത്രി വീട്ടീന്നു കോള്‍...
അമ്മയാണ് സംസാരിച്ചത്.
"മോനെ മുല്ലപ്പെരിയാര്‍ ദിപ്പോ പൊട്ടും ന്നാ പി ജെ ജോസപ്പ്‌ വരെ പറയണേ.. നീ ജോലി നിര്‍ത്തി ഇങ്ങു പോരെ ഡാ.. അമ്മയ്ക്ക് നിന്നെ കാണണം. "
"ഹോ!! വല്യ ശല്യായല്ലോ.. ദേ ഞാന്‍ വരാം.. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം.. ഇനിയെങ്ങാനും വേറെ ജോലി കിട്ടാതെ വീട്ടില്‍ ഇരിക്കുമ്പോ ചുമ്മാ അതുമിതും പറഞ്ഞു വന്നേക്കരുത് . ഞാന്‍ നാളെ തന്നെ വരാം.. ഹും.. "
ചുളുവില്‍ ഒരു എഗ്രിമെന്‍റ് പാസാക്കി ഞാന്‍ പിറ്റേന്ന് തന്നെ വണ്ടി കയറി.

1 അഭിപ്രായം: