അല്പം അകലെ ആ കുന്നിന്‍ മുകളില്‍ കയറി നിന്ന് കൊണ്ട് അയാള്‍ ഉച്ചത്തില്‍ അലറി വിളിച്ചു
"എനിക്കറിയാം... എനിക്കുറപ്പാ... അവന്‍ തന്നെയാണതു ചെയ്തത്... കൊല്ലും ഞാന്‍.... കൊല്ലും ഞാനവനെ.. "
"അല്ല മാഷേ.. നിങ്ങള് ഇവിടെ പുതിയതാ ??" ചായക്ക് ഓര്‍ഡര്‍ കൊടുക്കും മുന്‍പേ പരമു ചോദ്യം വിളമ്പി.
"അതേ.. ന്താ അയാളീ വിളിച്ചു പറയുന്നേ ??"
"ഹഹ.. ഇതിവിടെ പതിവാ.. അയാള്‍ക്ക് മുഴുവട്ടാണ്. ഇങ്ങനെ ഓരോന്ന് വിളിച്ചു പറയും. ചിലപ്പോള്‍ പറയുന്നതെല്ലാം പച്ചത്തെറിയായിരിക്കും.
ദേ ഈ കടത്തിണ്ണയില്‍ തന്നെയാ രാത്രി കിടപ്പ്. പകല്‍ അവിടെയും ഇവിടെയും ഒക്കെ പോയി തെണ്ടിത്തിരിഞ്ഞു വരും.. കാശിവിടെ കൊണ്ടിടും. ഇവിടന്നു വല്ല പുട്ടോ ചോറോ എന്തേലും വാങ്ങി തിന്നും..
പാവം എത്രയാന്നു ഒന്നും ഞാന്‍ നോക്കാറില്ല. ഇനി അഥവാ ഒന്നും ഇല്ലേലും ഞാന്‍ വല്ലതും തിന്നാന്‍ കൊടുക്കും.. "
"ഓ.. പിന്നെ.. വെറുതെ കൊടുക്കുന്നു. ഒരു ദിവസം പഴകിയാല്‍ പിന്നെ പുട്ടിനു നൂറു രൂപാ വരും മാഷേ ഇടയ്ക്ക്. "
ചായകുടിക്കുന്നതിനിടയില്‍ ഒരു അപ്രിയ സത്യം അവതരിപ്പിച്ചു കരുണന്‍.
എന്തോ പിറുപിറുത്തുകൊണ്ട് പരമു ഒഴിഞ്ഞ ചായഗ്ലാസുകള്‍ കഴുകാനെടുത്തു നടന്നു .
ചായക്കടയില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും നാരായണന്‍ മാഷിന്‍റെ ശ്രദ്ധ ആ ഭ്രാന്തനിലെക്കായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം ആ ചെറിയ ലോഡ്ജ് മുറിയിലെ കട്ടിലിലേക്ക് ചാഞ്ഞു കിടന്നിനി തീര്‍ക്കണം.
****************************
നേരം രാത്രി പതിനൊന്നു ആവാറായി.
ഈ കുഗ്രാമത്തില്‍ ഇനി ഭക്ഷണം എവിടെ നിന്ന് കിട്ടാനാണ്. ലോഡ്ജില്‍ നിന്നും മാഷ് ധൃതിയില്‍ പുറത്തിറങ്ങി.
എന്തോ ആ ഭ്രാന്തന്‍റെ മുഖം... ഇന്നലെകളില്‍ എവിടെയോ കണ്ടു മറന്ന പോലെ. ആ അലര്‍ച്ച.. ആ ശബ്ദം . ഒന്നും മനസ്സില്‍ നിന്ന് പോകുന്നില്ല.
പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. ഹോട്ടല്‍ അടച്ചു. അല്ലെങ്കിലും ഈ നേരത്ത് ഹോട്ടല്‍ തുറന്നു വച്ചിട്ട് ആര് വരാനാ.. ഇനിയല്പം കുന്നിന്‍ ചരുവില്‍ ഇരുന്നു കാറ്റ് കൊള്ളാം..
എവിടെയാണാ ഭ്രാന്തന്‍ ??
പാവം .. എവിടെയെങ്കിലും കിടന്നു ഉറങ്ങുന്നുണ്ടാകും..
ഒരുകണക്കിന് അയാള്‍ ഭാഗ്യവാനാണ്. പ്രാരാബ്ദങ്ങളില്ല, പരാതികളില്ല.. ഒന്നിനെ കുറിച്ചും ഭയക്കേണ്ട. വീട്ടുകാരെ കുറിച്ച് ഓര്‍ക്കേണ്ട. ആകെയുള്ളത് വിശപ്പ് മാത്രം..
എനിക്കതിനു കഴിയില്ലല്ലോ. സ്വസ്ഥമായി ഒന്ന് ഉറങ്ങുന്നത് ഇനി ആറടി മണ്ണിലാവാം. ഇന്ന് എന്നോളം വളര്‍ന്ന എന്‍റെ മകള്‍ ആദ്യമായി മുഖത്ത് നോക്കി ചോദിച്ചു.
നിങ്ങള്‍ എന്നെങ്കിലും സ്നേഹത്തോടെ മോളെ എന്ന് ഒന്ന് വിളിച്ചിട്ടുണ്ടോ ?? ശാസിക്കാനല്ലാതെ അരികത്തെയ്ക്ക് വിളിച്ചിട്ടുണ്ടോ ?? എന്ന്.
അവള്‍ പറഞ്ഞത് ശരിയാണ്. ഞാനവരെ ഇതുവരെ ഓമനിച്ചിട്ടില്ല. എനിക്ക് അതിനു കഴിയുന്നില്ല.
മാഷ് ആ വലിയ പാറയില്‍ തല ചായ്ച്ചു കിടന്നു. കൊതുകുതിരി ഗന്ധം നിറഞ്ഞ ലോഡ്ജ് മുറിയില്‍ സമാധാനമില്ലാതെ ഉറങ്ങുന്ന തന്നെക്കാള്‍ എന്തുകൊണ്ടും സുഖലോലുപനാണ് ഈ ഭ്രാന്തന്‍..
ഇളംകാറ്റില്‍ എപ്പോഴോ കണ്ണുകള്‍ അടഞ്ഞു പോയി.
******************************************
ഏതോ ഒരു ആട്ടിന്‍ കുട്ടിയെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നു. മുഖത്ത് എന്തോ നനവ് ഊര്‍ന്നിറങ്ങുന്നു.. ചോരയുടെ മണമുള്ള ഒരു കീറ് തുണിക്കഷ്ണം പെട്ടെന്ന് മുഖത്തേയ്ക്ക് വീണപോലെ.
മാഷ് ചാടിയെഴുന്നേറ്റു.. മുഖത്ത് തടവി നോക്കി. ഹൂ....
സ്വപ്നമായിരുന്നു. നേരം ഒരുപാട് കടന്നു പോയിരിക്കുന്നു.
അതാ അയാളാ കടത്തിണ്ണയില്‍ ഇരിക്കുന്നുണ്ട്. മങ്ങി കത്തുന്ന തെരുവു വിളക്കിന്‍റെ കീഴില്‍ അയാളെന്തോ ചെയ്യുന്നുണ്ട്. കയ്യിലൊരു വെള്ളിത്തിളക്കം. കഠാരയാണോ ഇനി ?
അല്പം ഭയം തോന്നിയെങ്കിലും മാഷ് അയാള്‍ക്കരികിലെക്ക് നടന്നു. അരികിലെത്തിയതും അയാള്‍ രൂക്ഷമായി നോക്കിക്കൊണ്ടലറി.
"എന്താടാ എന്നേം കൊല്ലണോ നിനക്ക്.. എങ്കി കൊല്ലടാ.. ??"
മാഷിന്‍റെ ഉള്ളിലൊരു വെള്ളിടി വെട്ടി. രണ്ടടി പുറകിലേക്ക് വച്ച് നിന്നു. എന്തും സംഭവിക്കാം. അടുത്തെങ്ങും ഒരാളുമില്ല.
ഭ്രാന്തന്‍ ചാടിയെണീറ്റു മാഷിനു മുഖാമുഖം നിന്നു.
ഈ.. കണ്ണുകള്‍.. രവീന്ദ്രന്‍.. രവീന്ദ്രനല്ലേ ഇത് ?? എന്‍റെ പഴയ ചങ്ങാതി..
"രവീ.............."
"പോ... പോവാനാ പറഞ്ഞെ... ഞാന്‍ രവിയല്ല.. എന്നെ എനിക്ക് പോലും അറിയില്ല. ഞാനെന്നോ മരിച്ചതാണ്.. എന്‍റെ മോള്‍ മരിച്ചപ്പോ ഞാനും മരിച്ചു.
അവനാ കൊന്നത്.. എനിക്കറിയാം.. കൊല്ലും ഞാന്‍ അവനെ... പോടാ..."
പറഞ്ഞു അവസാനിപ്പിക്കും മുന്‍പേ തന്‍റെ നെഞ്ചിലേക്ക് അയാള്‍ ആഞ്ഞൊന്നു തള്ളി. തള്ളലില്‍ മാഷ് പുറകിലേക്ക് മലര്‍ന്നു വീണു. തട്ടിപ്പിടഞ്ഞു എഴുന്നേല്‍ക്കും മുന്‍പേ അയാള്‍ ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
****************************
ആ തിണ്ണയില്‍ മാഷു തളര്‍ന്നിരുന്നു.
അതേ. അത് രവി തന്നെ. ഉറപ്പാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊന്നു പോലെ സ്നേഹിച്ച മകള്‍ ഒരിക്കല്‍ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയപ്പോഴാണ് ആദ്യമായി അവന്‍റെ സമനില തെറ്റിയത്. സ്വന്തമെന്നു പറയാന്‍ അവനു ആ മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അന്ന് പക്ഷെ ആ ആഘാതത്തിന്‍റെ പ്രതിഫലനം മാത്രമാണെന്ന് കരുതി. അവന്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സമയമെടുത്തു.
പിന്നെ, വീണുടഞ്ഞ സ്ഫടികപാത്രം പോലെ റെയില്‍വേ ട്രാക്കില്‍ നിന്നുമവളെ വീണ്ടു കിട്ടിയപ്പോള്‍ ...
അന്നാണ് അവനെ അവസാനമായി ഞാന്‍ കാണുന്നത്.
കാലമെത്ര കടന്നു പോയിരിക്കുന്നു. ഇന്ന്, അവനെ ഈ രൂപത്തില്‍. ദൈവമേ...............
ലോഡ്ജ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ മകളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു. .
"രവിയെ പോലെ ഞാനും ഒരച്ഛനാണ്.
ആവിഷ്ക്കാര സ്വാതന്ത്ര്യം പോരെന്നു ചൊല്ലി തെരുവിലിറങ്ങി പേക്കൂത്ത് നടത്തുന്ന പുതിയ തലമുറയ്ക്ക് മുന്‍പില്‍ കര്‍ക്കശക്കാരനായ ഒരച്ഛനായി ജീവിക്കാനേ എനിക്ക് കഴിയു..
ഭയമാണ്.. എനിക്കീ നാടിനെ ..
എന്‍റെ മക്കളേ മാപ്പ്.. "
*******************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ