2014, ഡിസംബർ 26, വെള്ളിയാഴ്‌ച

ജിംബ്രൂട്ടന്‍റെ സ്വപ്നം

സ്വപ്നം കാണുന്നത് സാധാരണയാണ്.. എന്നാല്‍ ഒരു സ്വപ്നം കൊണ്ട് സൂപ്പര്‍ ഫാസ്റ്റ് ബസ് ഒക്കെ നിര്‍ത്തിക്ക്യാ ന്നു പറഞ്ഞാ ??

ഇത്തിരി കടന്ന കയ്യല്ലേ ..

ആപ്പീസിലെ ജിംബ്രൂട്ടനും (യഥാര്‍ത്ഥ പേരല്ല ) മറ്റൊരു ടെക്കിയും കൂടെ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തെ സൈറ്റിലേക്ക് പോവുകയാണ്.

(ഈ ടെക്കി എന്ന് പറയുമ്പോ ടെക്നോപാര്‍ക്ക് ലെ സ്റ്റാഫ് ആണെന്ന് ആരും കരുതണ്ട ട്ടാ.... ഞങ്ങളുടെ ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ലെ ഗടീസിനെ പറയുന്നതാണ്. )

രാത്രി ...

ബസിലാണ് യാത്ര. അത്യാവശ്യം തിരക്കുമുണ്ട് ബസില്‍. മൂന്നാള്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നടുവിലായി ജിംബ്രൂട്ടന്‍ സ്ഥാനം പിടിച്ചു. മറ്റേ ആള്‍ തൊട്ടടുത്ത്.
വിന്‍ഡോ സീറ്റില്‍ ഒരു അമ്മാവന്‍ നേരത്തേ തന്നെ കയറി ഇരിപ്പുണ്ട്.

ജിബ്രൂട്ടന്‍റെ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്ന ആള്‍ തന്‍റെ ട്രോളി ബാഗ് സീറ്റിനടിയിലേക്ക് തള്ളി വച്ചിട്ടുണ്ട്. അതിന്‍റെ രണ്ടറ്റത്തെ ടയറില് ചവിട്ടി താളമിട്ടാണ് ജിംബ്രൂട്ടന്‍ ഇരിക്കുന്നത്.

കുന്നംകുളത്തെ ഗ്രൗണ്ടില്‍ ഒരു എച്ചും പിന്നെ ഒരു റൌണ്ട് ഓട്ടവും കഴിഞ്ഞു ലൈസന്‍സും കയ്യില്‍ കിട്ടിയാല്‍ ഏതൊരു പയ്യന്‍റെയും ആഗ്രഹം പോലെ തന്നെ ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ വല്യ താല്പര്യമാണ് കക്ഷിക്ക്.

ഏതു വണ്ടി കൊടുത്താലും ഓടിച്ചോളും.

(പക്ഷെ വണ്ടി കൊടുക്കുന്നവനു അതിനി വേണ്ട എന്നുണ്ടെങ്കി മാത്രം കൊടുത്താ മതി.)

അങ്ങനെ യാത്ര തുടങ്ങി. . എല്ലാരും ഉറക്കമായി..
ഡ്രൈവറും ??
ആവോ.. അറിയില്ല..
എന്തായാലും ബസ് അത്യാവശ്യം വേഗത്തില്‍ പോകുന്നുണ്ട്.

ജിംബ്രൂട്ടനപ്പോള്‍ മനോഹരമായ ആ സ്വപ്നം കാണാന്‍ തുടങ്ങുകയായിയിരുന്നു.
**************
ഇപ്പോള്‍ ജിംബ്രൂട്ടനാണ് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് നൂറെ നൂറ്റിപ്പത്തില്‍ പായിച്ചു കൊണ്ടിരിക്കുന്നത്.
പാതിരാത്രി തിരക്ക് കുറവായത് കൊണ്ട് ഒന്നും നോക്കാനില്ല..

വലതു കാല്‍ ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടി, ഇടതു കാല്‍പടം ക്ലച് പെടലില്‍ പതിയെ കയറ്റി വച്ച് ജിംബ്രൂട്ടന്‍ അങ്ങനെ പെടച്ചു വിടുകയാണ്.
(സത്യത്തില്‍ ട്രോളി ബാഗിന്‍റെ രണ്ടു ടയറുകളിലാണ് ചവിട്ട് )

പെട്ടെന്നാണ് അത് സംഭവിച്ചത്.

ഇടവഴിയില്‍ നിന്നും ഒരു ടിപ്പര്‍ ലോറി പെട്ടെന്ന് അതിവേഗത്തില്‍ കയറി വന്നു.

ആക്സിലേറ്ററില്‍ നിന്നും വലത്തെ കാല്‍ ബ്രേക്ക് പെടലിലേക്ക്.

ബ്രേക്ക്..................................................

ഏ !!!!

ബ്രേക്ക് പെടല്‍ കാണുന്നില്ല..

എവിടെ പോയി????

തന്‍റെ മരണം കണ്മുന്നില്‍!!!

"അയ്യോ................................................."

ജിംബ്രൂട്ടന്‍ ഉറക്കെ നിലവിളിച്ചു.

ഞെട്ടിയുണര്‍ന്നുകൊണ്ട് അവന്‍ അടുത്തിരുന്നുറങ്ങുന്ന അമ്മാവനെ ശക്തിയായി പിടിച്ചു കുലുക്കി.

" വണ്ടീടെ ബ്രേക്ക് കാണാനില്ല ചേട്ടാആആആആആആആ ... "

അമ്മാവന്‍ പേടിച്ച് അതിലും ഉച്ചത്തില്‍ നിലവിളിച്ചു..
(അങ്ങേരിനി അവന്‍ സ്വപ്നം കണ്ട ബസിലെ കണ്ടക്ടര്‍ ആയി സ്വപ്നം കാണുകയായിരുന്നോ ആവോ !! )

അപ്രതീക്ഷിതമായി ഉണ്ടായ ബഹളത്തില്‍ ഒരു കൊച്ചു കുട്ടി ഞെട്ടിയെണീറ്റ്‌ കരച്ചില്‍ തുടങ്ങി.

ബസില്‍ ആകെ നിലവിളി.

ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇട്ടു...

കണ്ടക്ടര്‍ ഓടി വന്നു ജിംബ്രൂട്ടനോട് ചോദിച്ചു.

"എന്താ.. എന്താ.. " ??

അപ്പോഴേക്കും സ്വബോധം (എവിടെ നിന്നോ ) വീണ്ടെടുത്ത ജിംബ്രൂട്ടന്‍ ചമ്മിയ ചിരിയോടെ പറഞ്ഞു ..

"സോറി ചേട്ടാ.. സ്വപ്നം കണ്ടതാ... "

അടുത്തിരിക്കുന്നവരുടെ കൂട്ടച്ചിരിക്കിടയില്‍ അമ്മാവനും ബസ് ഡ്രൈവറും വിളിച്ച പച്ചത്തെറി മുങ്ങിപ്പോയി.
***************************************************
NOTE: ഈ കഥയ്ക്ക്‌ ജീവിച്ചിരിക്കുന്ന Rithesh C Nairതിരുവനന്തപുരത്തേയ്ക്ക് പോയ സംഭവവുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും സ്വാഭാവികമാണ്.
ഈ പോസ്റ്റിനു ശേഷം എനിക്ക് സംഭവിക്കാനിടയുള്ള ശാരീരികമായ വൈകല്യങ്ങള്‍ക്ക് അവന്‍ മാത്രമായിരിക്കും ഉത്തരവാദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ