2014, ഡിസംബർ 26, വെള്ളിയാഴ്‌ച

ഒരു പേരുണ്ടാകുന്നത്...

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയോന്‍പതു ഒക്ടോബര്‍ മാസം പത്താം തിയതി രാത്രി...

കാര്‍ത്ത്യായനി നേഴ്സിംഗ് ഹോമിന്‍റെ ലേബര്‍ റൂമില്‍ തന്‍റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കാന്‍ കാത്തൊരുവള്‍ കിടക്കുന്നു. .

ലേബര്‍ റൂമിനു പുറത്തു ഒരു നാല് വയസുകാരന്‍ പയ്യന്‍ കൂ കൂ തീവണ്ടി പാടി ഓടി നടക്കുന്നു... (ലവന് തീവണ്ടി കളിയ്ക്കാന്‍ കണ്ട നേരം... )

ഒരു രണ്ടു വയസുകാരി പെങ്കൊച്ച് അമ്മാമയുടെ ചുമലില്‍ ഇരുന്നു വെറുതെ തൊണ്ട കീറുന്നു..

ഇതിനൊക്കെയും ഉത്തരവാദിത്ത്വപ്പെട്ടവന്‍ ആശുപത്രിക്ക് പുറത്ത് അന്നത്തെ ഏറ്റവും മികച്ച ടെന്‍ഷന്‍ ഫ്രീ മരുന്നായ കാജാ ബീഡി കിട്ടുന്ന വല്ല കടയും തുറന്നു ഇരിപ്പുണ്ടോ എന്ന് തിരയുന്നു....

അല്‍പ സമയങ്ങള്‍ക്കകം ലേബര്‍ റൂമിന്‍റെ വാതില്‍ തുറക്കപ്പെട്ടു.. ഒരു നര വീണ തല പുറത്തേക്ക് നീണ്ടു.. ശുഭ്ര വസ്ത്ര ധാരിണി. കയ്യില്‍ ഒരു ലിസ്റ്റും...

"ഈ മരുന്ന് ഉടന്‍ വാങ്ങണം... എവിടെ ഇവരുടെ ഭര്‍ത്താവ്??"

കയ്യില്‍ നയാ പൈസ ഇല്ലാതെ ഇരിക്കുന്ന അമ്മാമ ഉടന്‍ വിളിച്ചു....

"നാരായണാ...."

സിസ്റ്റര്‍ മേലോട്ട് നോക്കി...

പക്ഷെ വിളി കേട്ടത് താഴെ നിന്നായിരുന്നു..

അയാള്‍ ഓടിയെത്തി.. മരുന്ന് ലിസ്റ്റും വാങ്ങി പുറത്തേയ്ക്കോടി ഉടന്‍ തന്നെ മരുന്നുമായി തിരികെ വന്നു ലേബര്‍ റൂമിന്‍റെ വാതിലില്‍ മുട്ടി..

വാതില്‍ വീണ്ടും തുറക്കപ്പെട്ടു..

"നിങ്ങള്‍ ഇവിടെ തന്നെ കാണണം.. ഇനി പുറത്തൊന്നും പോയി നില്‍ക്കരുത്. " ആ ഡയലോഗില്‍ ഒരു ലോഡ്‌ ദേഷ്യം അനുഭവപ്പെട്ടു.

"അല്ല സിസ്റ്ററെ ഞാന്‍... "

വാചകം മുഴുമിക്കും മുന്‍പേ വാതിലടഞ്ഞു.

ഒരു ചെറിയ ഇടവേള... ശാന്തതയെ കീറി മുറിച്ചു കൊണ്ട് ഒരു നിലവിളി.. ഒപ്പം ഒരു കുഞ്ഞിന്‍റെ കരച്ചിലും...

ലേബര്‍ റൂമിന്‍റെ വാതില്‍ വീണ്ടും തുറന്നു..

"ഭാര്യ പ്രസവിച്ചു ട്ടോ... ആണ്‍കുട്ടിയാ.... "

സന്തോഷം കൊണ്ടയാളുടെ കണ്ണ് നിറഞ്ഞു...

(സോറി.. ലേബര്‍ റൂമിനു പുറത്തെ ഉണ്ട ബള്‍ബിന്റെ ചോട്ടില്‍ നിന്നപ്പോ കണ്ണില്‍ പ്രാണി വീണതാണ്)

പിന്നെ ലേബര്‍ റൂമിലേക്ക്‌ സകല നേഴ്സുമാരുടെയും തള്ളിക്കയറ്റമായിരുന്നു..

എന്താ കാരണം??? കുഞ്ഞിനു വല്ലതും ..... ???

അയാള്‍ അക്ഷമനായി..

പുറത്തേയ്ക്ക് വന്നൊരു സിസ്റ്റര്‍ ആണ് ആ സത്യം തുറന്നു പറഞ്ഞത്.

ആ ഹോസ്പിറ്റലില്‍ ഇത്രയും സുന്ദരായ ഒരു കുഞ്ഞു ജനിക്കുന്നത് ആദ്യമായാണത്രേ... ആ കുഞ്ഞിനെ കാണാനുള്ള തിക്കും തിരക്കുമാണ്..

വീണ്ടും കാത്തിരിപ്പ്..

ആ നര വീണ തല വീണ്ടും വാതിലിനും കട്ട്ലയ്ക്കുമിടയില്‍ ഉദിച്ചു. ഇത്തവണ പക്ഷെ ആ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു. പക്ഷെ അവരുടെ ചോദ്യം

"കുറച്ചു ഉപ്പും മുളകും സംഘടിപ്പിക്കാമോ ??"

ങേ!! ഉപ്പും മുളകും ?? അതും ലേബര്‍ റൂമിലേയ്ക്ക് ?? !!!

അയാള്‍ ഞെട്ടിത്തരിച്ചു.. കസേരയിലിരുന്നു അയാളുടെ അമ്മായിയമ്മയും ഞെട്ടി..

അപ്പോഴും മൂത്ത പുത്രന്‍ കൂ കൂ തീവണ്ടിയും പുത്രി കരച്ചിലും തന്നെ...

(ദേന്തൂട്ട്‌ പിള്ളാര് ഇഷ്ടാ... ഒന്ന് ഞെട്ടിക്കൂടെ ഇവറ്റകള്‍ക്ക് ?? )

ഒരു ചെറിയ നിശബ്ദദയ്ക്ക് ശേഷം അവര്‍ നിലപാട് വ്യക്തമാക്കി..

"പേടിക്കണ്ട . കൊച്ചിനെ അച്ചാര്‍ ഇടാനല്ല. എല്ലാര്‍ക്കും കൊച്ചിനെ വല്യ ഇഷ്ടായി... ആരുടേം കണ്ണ് തട്ടാതിരിക്കാന്‍ ഒന്ന് ഉഴിയാനാ... "

"ഓഹോ.. ആയിക്കോട്ടെ.. "

ഓരോരോ വിശ്വാസങ്ങളെ..

ഇത്രയും സ്നേഹമുള്ള നേഴ്സുമാരും ഉണ്ടോ..

അല്പം സംശയത്തോടെ എങ്കിലും അയാള്‍ പുറത്ത് പോയി എവിടെ നിന്നോ വറ്റല്‍ മുളകും ഉപ്പും സംഘടിപ്പിച്ചു നല്‍കി.

ജനിച്ചു വീണ കൊച്ചിനെ ഉപ്പും മുളകും കൂട്ടി ഉഴിയുന്നതിനിടയില്‍ ആ സുന്ദരന്‍ വാവ ശക്തിയായി ഒന്ന് തുമ്മി..

"അആആഛീ............"

ആ തുമ്മലിന്‍റെ ശക്തിയില്‍ കുനിഞ്ഞു പോയ തല അല്‍പ നേരത്തേയ്ക്ക് സ്റ്റക്ക് ആയിപ്പോയി.

അന്നേരമാണ് ഡോക്റ്റര്‍ ജയശ്രീ ലേബര്‍റൂമിലേക്ക്‌ കടന്നു വന്നത്..

വിനീത വിധേയനായി തല കുനിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടതും അവര്‍ പറഞ്ഞു .
"ഇവന് വിനീത് എന്ന് പേരിട്ടാല്‍ മതി. "

അമ്മയ്ക്ക് സന്തോഷം.. എല്ലാം അറിഞ്ഞപ്പോ അച്ഛനും സന്തോഷം.. എല്ലാര്‍ക്കും സന്തോഷം..

അങ്ങനെയാണ് സുഹൃത്തുക്കളെ എനിക്ക് ആ പേര് കിട്ടിയത്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ