2014, ഡിസംബർ 26, വെള്ളിയാഴ്‌ച

ACCIDENT

ഇംഗ്ലീഷ് എഴുതുമ്പോ അല്പം വളച്ചും ചരിച്ചും സ്റ്റൈലില്‍ എഴുതാനാണ് ശ്രുതിക്കിഷ്ടം.

ആ ഒരൊറ്റ കാരണം കൊണ്ടാണ് ഇനി ഒന്നര മീറ്റര്‍ നീളത്തില്‍ എട്ടു പത്തു കമ്പികളും കൊണ്ട് വന്നിട്ട് "H" ഇട്ടു പഠിച്ചാ മതീന്നും പറഞ്ഞു ഡ്രൈവിംഗ്ടീച്ചര്‍ അവളെ പറഞ്ഞു വിട്ടത്.

ഇപ്പൊ "H" ഇടുന്നത് കാണാപ്പാഠം ചൊല്ലി പഠിക്കുകയാണ് കക്ഷി.

" ഗിയറ് ഫസ്റ്റില്‍ ഇട്ടു മുന്നോട്ടു എടുത്ത് .. വലത്തെ സൈഡിലെ കമ്പി ഷോള്‍ഡറിന് നേരെ വരുമ്പോ നിര്‍ത്തി... ..... ...
.....
....
......."

ഇതൊക്കെ കേട്ടുകൊണ്ടാണ് ജിംബ്രൂട്ടനും ഞാനും ആപ്പീസിലേക്ക് കടന്നു വന്നത്.

"അല്ലേലും ഈ കോണ്‍വെന്റ് സ്കൂളില്‍ നിന്നും പഠിച്ചിറങ്ങണ പെണ്‍പിള്ളാരൊക്കെ ഇങ്ങനാസ്റ്റാ...

കഴിഞ്ഞ ദിവസണ്ട് ഞാന്‍ നോക്കുമ്പോ ഇവള് വീട്ടുമുറ്റത്ത് നടന്ന് നീന്തല് കാണാപ്പാഠം പഠിക്ക്ണ് .. "

ശ്രുതിയില്‍ ഒരു നാഗവല്ലി ഉണരുന്നത് ഞാന്‍ കണ്ടു..
ഉടന്‍ ഞാന്‍ ഇടപെട്ടു.

"നീ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നല്ലേ ബൈബിളില്‍ പറഞ്ഞിരിക്കുന്നെ.... നീ ക്ഷമിക്ക്... "

"ഹും... ഇവന്‍ കുറച്ചു ദിവസായി എന്നെയിട്ടു വാരുന്നു.."

"ആ.. അത് വിട്.. നിന്‍റെ അച്ഛന്‍ ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ അല്ലെ... വീട്ടില്‍ സ്വന്തമായി കാറും ഉണ്ടല്ലോ.. അച്ഛനോട് പഠിപ്പിച്ചു തരാന്‍ പറഞ്ഞാല്‍ പോരെ ??"

"അച്ഛന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. "

"ങേ!! അതെന്തിനാ??"

"വണ്ടി ചെറുതായി ഒരു ബൈക്കില്‍ തട്ടിയതിനാ... "

"ഓ... അതൊക്കെ സാധാരണമല്ലേ.. വണ്ടിയാകുമ്പോ തട്ടും. അതിനു ലൈസന്‍സ് സസ്പെന്‍റ് ചെയ്യോ ??"

"ആ സ്കൂട്ടറെരന്‍ സ്പോട്ടില് പടായി മച്ചൂ... പിന്നെ സസ്പെന്‍ഡ് ചെയ്യാതിരിക്ക്യോ ??"

ഇടയ്ക്ക് കേറി ഗോളടിച്ച ജിംബ്രൂട്ടനെ ഒന്ന് കനപ്പിച്ചു നോക്കി അവള്‍ പറഞ്ഞു

"ഏയ്‌... അയാള് രണ്ടീസം കഴിഞ്ഞാ മരിച്ചേ.. നല്ല പ്രായണ്ട് അങ്ങേര്‍ക്ക്.. "

"ഓ.. അപ്പൊ സംഭവം ഉള്ളതാ ലെ. ശരിക്കും എന്താ സംഭവിച്ചേ ?"

"അതില്ലേ... അച്ഛനെ വണ്ടിയോടിച്ചു പോവുമ്പോഴേ ഒരു സ്കൂട്ടറുകാരന്‍ വന്നു എടേ കേറീതാ...

അച്ഛന്‍ ബ്രേക്ക് ചവിട്ടുന്നതിന് പകരം ചവിട്ട്യേതു ആക്സിലേറ്ററില്‍ ആയിപ്പോയി. "
ഇതൊക്കെ കേട്ടിട്ട് ചിരിക്കണോ സങ്കടിക്കണോ എന്നറിയാതെ നിക്കുന്നതിനിടയിലാ ജിംബ്രൂട്ടന്‍ വീണ്ടും..

"അതൊന്നുമല്ലടാ .. ഇവള്‍ടെ അച്ഛന്‍ ഇങ്ങനെ **മുപ്പതു മുപ്പത്തഞ്ചില്‍** ജാതി പെട പെടച്ചു പോവായിരുന്നു...
ആ നേരത്ത്ണ്ട് ഒരു ടാവ് ഒരു പഴേ എം ഐറ്റി സ്കൂട്ടറില് അങ്ങേരെ ഓവര്‍ടെക് ചെയ്ത് കൂളായി പോയത്.
അത് കണ്ടപ്പോ ഇവള്‍ടെ അച്ഛന് സഹിച്ചില്ല.. ഒരു ചാംബാ ചാമ്പി. ഓണ്‍ സ്പോട്ടില് ആള് പടായി."

ഇനീം അവിടെയിരുന്നാല്‍ പണി കിട്ടും എന്നറിഞ്ഞത് കൊണ്ട് ഞാന്‍ ഫോണില്‍ കോള്‍ വന്നത് പോലെ കാണിച്ചു മെല്ലെ സ്കൂട്ടായി.

പടികള്‍ ഇറങ്ങുമ്പോള്‍ ഓഫീസിലെ ടെക്നിക്കല്‍ സെക്ഷനില്‍ നിന്ന് ഒരു അയല്‍ക്കാരന്‍റെ ദീന രോദനം കേള്‍ക്കുന്നുണ്ടായിരുന്നു.

ജിംബ്രൂട്ടന്‍റെ സ്വപ്നം

സ്വപ്നം കാണുന്നത് സാധാരണയാണ്.. എന്നാല്‍ ഒരു സ്വപ്നം കൊണ്ട് സൂപ്പര്‍ ഫാസ്റ്റ് ബസ് ഒക്കെ നിര്‍ത്തിക്ക്യാ ന്നു പറഞ്ഞാ ??

ഇത്തിരി കടന്ന കയ്യല്ലേ ..

ആപ്പീസിലെ ജിംബ്രൂട്ടനും (യഥാര്‍ത്ഥ പേരല്ല ) മറ്റൊരു ടെക്കിയും കൂടെ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തെ സൈറ്റിലേക്ക് പോവുകയാണ്.

(ഈ ടെക്കി എന്ന് പറയുമ്പോ ടെക്നോപാര്‍ക്ക് ലെ സ്റ്റാഫ് ആണെന്ന് ആരും കരുതണ്ട ട്ടാ.... ഞങ്ങളുടെ ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ലെ ഗടീസിനെ പറയുന്നതാണ്. )

രാത്രി ...

ബസിലാണ് യാത്ര. അത്യാവശ്യം തിരക്കുമുണ്ട് ബസില്‍. മൂന്നാള്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നടുവിലായി ജിംബ്രൂട്ടന്‍ സ്ഥാനം പിടിച്ചു. മറ്റേ ആള്‍ തൊട്ടടുത്ത്.
വിന്‍ഡോ സീറ്റില്‍ ഒരു അമ്മാവന്‍ നേരത്തേ തന്നെ കയറി ഇരിപ്പുണ്ട്.

ജിബ്രൂട്ടന്‍റെ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്ന ആള്‍ തന്‍റെ ട്രോളി ബാഗ് സീറ്റിനടിയിലേക്ക് തള്ളി വച്ചിട്ടുണ്ട്. അതിന്‍റെ രണ്ടറ്റത്തെ ടയറില് ചവിട്ടി താളമിട്ടാണ് ജിംബ്രൂട്ടന്‍ ഇരിക്കുന്നത്.

കുന്നംകുളത്തെ ഗ്രൗണ്ടില്‍ ഒരു എച്ചും പിന്നെ ഒരു റൌണ്ട് ഓട്ടവും കഴിഞ്ഞു ലൈസന്‍സും കയ്യില്‍ കിട്ടിയാല്‍ ഏതൊരു പയ്യന്‍റെയും ആഗ്രഹം പോലെ തന്നെ ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ വല്യ താല്പര്യമാണ് കക്ഷിക്ക്.

ഏതു വണ്ടി കൊടുത്താലും ഓടിച്ചോളും.

(പക്ഷെ വണ്ടി കൊടുക്കുന്നവനു അതിനി വേണ്ട എന്നുണ്ടെങ്കി മാത്രം കൊടുത്താ മതി.)

അങ്ങനെ യാത്ര തുടങ്ങി. . എല്ലാരും ഉറക്കമായി..
ഡ്രൈവറും ??
ആവോ.. അറിയില്ല..
എന്തായാലും ബസ് അത്യാവശ്യം വേഗത്തില്‍ പോകുന്നുണ്ട്.

ജിംബ്രൂട്ടനപ്പോള്‍ മനോഹരമായ ആ സ്വപ്നം കാണാന്‍ തുടങ്ങുകയായിയിരുന്നു.
**************
ഇപ്പോള്‍ ജിംബ്രൂട്ടനാണ് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് നൂറെ നൂറ്റിപ്പത്തില്‍ പായിച്ചു കൊണ്ടിരിക്കുന്നത്.
പാതിരാത്രി തിരക്ക് കുറവായത് കൊണ്ട് ഒന്നും നോക്കാനില്ല..

വലതു കാല്‍ ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടി, ഇടതു കാല്‍പടം ക്ലച് പെടലില്‍ പതിയെ കയറ്റി വച്ച് ജിംബ്രൂട്ടന്‍ അങ്ങനെ പെടച്ചു വിടുകയാണ്.
(സത്യത്തില്‍ ട്രോളി ബാഗിന്‍റെ രണ്ടു ടയറുകളിലാണ് ചവിട്ട് )

പെട്ടെന്നാണ് അത് സംഭവിച്ചത്.

ഇടവഴിയില്‍ നിന്നും ഒരു ടിപ്പര്‍ ലോറി പെട്ടെന്ന് അതിവേഗത്തില്‍ കയറി വന്നു.

ആക്സിലേറ്ററില്‍ നിന്നും വലത്തെ കാല്‍ ബ്രേക്ക് പെടലിലേക്ക്.

ബ്രേക്ക്..................................................

ഏ !!!!

ബ്രേക്ക് പെടല്‍ കാണുന്നില്ല..

എവിടെ പോയി????

തന്‍റെ മരണം കണ്മുന്നില്‍!!!

"അയ്യോ................................................."

ജിംബ്രൂട്ടന്‍ ഉറക്കെ നിലവിളിച്ചു.

ഞെട്ടിയുണര്‍ന്നുകൊണ്ട് അവന്‍ അടുത്തിരുന്നുറങ്ങുന്ന അമ്മാവനെ ശക്തിയായി പിടിച്ചു കുലുക്കി.

" വണ്ടീടെ ബ്രേക്ക് കാണാനില്ല ചേട്ടാആആആആആആആ ... "

അമ്മാവന്‍ പേടിച്ച് അതിലും ഉച്ചത്തില്‍ നിലവിളിച്ചു..
(അങ്ങേരിനി അവന്‍ സ്വപ്നം കണ്ട ബസിലെ കണ്ടക്ടര്‍ ആയി സ്വപ്നം കാണുകയായിരുന്നോ ആവോ !! )

അപ്രതീക്ഷിതമായി ഉണ്ടായ ബഹളത്തില്‍ ഒരു കൊച്ചു കുട്ടി ഞെട്ടിയെണീറ്റ്‌ കരച്ചില്‍ തുടങ്ങി.

ബസില്‍ ആകെ നിലവിളി.

ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇട്ടു...

കണ്ടക്ടര്‍ ഓടി വന്നു ജിംബ്രൂട്ടനോട് ചോദിച്ചു.

"എന്താ.. എന്താ.. " ??

അപ്പോഴേക്കും സ്വബോധം (എവിടെ നിന്നോ ) വീണ്ടെടുത്ത ജിംബ്രൂട്ടന്‍ ചമ്മിയ ചിരിയോടെ പറഞ്ഞു ..

"സോറി ചേട്ടാ.. സ്വപ്നം കണ്ടതാ... "

അടുത്തിരിക്കുന്നവരുടെ കൂട്ടച്ചിരിക്കിടയില്‍ അമ്മാവനും ബസ് ഡ്രൈവറും വിളിച്ച പച്ചത്തെറി മുങ്ങിപ്പോയി.
***************************************************
NOTE: ഈ കഥയ്ക്ക്‌ ജീവിച്ചിരിക്കുന്ന Rithesh C Nairതിരുവനന്തപുരത്തേയ്ക്ക് പോയ സംഭവവുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും സ്വാഭാവികമാണ്.
ഈ പോസ്റ്റിനു ശേഷം എനിക്ക് സംഭവിക്കാനിടയുള്ള ശാരീരികമായ വൈകല്യങ്ങള്‍ക്ക് അവന്‍ മാത്രമായിരിക്കും ഉത്തരവാദി.

സെന്റ്‌ മേരീസ് കോളേജിലെ സുന്ദരിമാര്‍

പയ്യന്നൂര്‍ കോളേജിന്‍റെ വരാന്തയില്‍ വീശണ കാറ്റിന്‍റെ സുഖൊന്നും മ്മടെ തൃശൂര് സെന്‍റ് മേരീസ്‌ കോളേജിന്‍റെ വരാന്തേല് നിന്നാ കിട്ടൂല്ലാ ട്ടാ....
കോളേജില്‍ ഇന്‍റര്‍കോം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്‍റെ ഭാഗമായുള്ള കേബ്ലിംഗ് ചെയ്യാനാണ് ഞങ്ങളുടെ ഇലക്ട്രീഷന്‍ കണ്ണന്‍ ചേട്ടനും ശിഷ്യ ഗണങ്ങളും അവിടെ എത്തിയത്‌.
പണി തുടങ്ങി കുറച്ച് സമയം കഴിഞ്ഞതേയുള്ളൂ... ശിഷ്യന്മാരില്‍ ഒരുവന് ഈ പെണ്‍പിള്ളാരെ കണ്ടിട്ട് വായില്‍ നിന്ന് തേനൊലിച്ചു തുടങ്ങി..
ക്ലാസ് റൂമില്‍ തൂത്തു വാരിക്കൊണ്ടിരിക്കുന ഒരു ശാലീന സുന്ദരിയെ നോക്കി അവന്‍ ആദ്യ ഡയലോഗ് ഇട്ടു...
"മോളെ ... എന്തേലും ഹെല്‍പ്‌ വേണേ ചേട്ടനോട് പറഞ്ഞാ മതീ ട്ടാ... ഞാനിവിടൊക്കെ തന്നെണ്ട്..."
അത് കേട്ടതും അവള്‍ തൂത്തുവാരല്‍ നിര്‍ത്തി . ചുറ്റുമുള്ള തരുണീമണികളെ ഒന്ന് നോക്കി... എന്നിട്ട് അവന്‍റെ അടുത്തേക്ക്‌ നടന്നു...
തല്ലാനാണോ തലോടാനാണോ എന്നറിയാതെ കുഴങ്ങി നിന്ന അവന്‍റെ മുന്‍പില്‍ ചെന്ന് നിന്നിട്ട് അവള്‍ ഒന്ന് അസ്സലായി പുഞ്ചിരിച്ചു....
അവന്‍റെ കണ്ണുകളില്‍ അനുരാഗം പൂത്തുലഞ്ഞു... അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി...
അന്നേരം അവള്‍ അല്പം ഉച്ചത്തില്‍ മൊഴിഞ്ഞു...
"ചേട്ടാ.. ഹെല്‍പ്‌ ചെയ്യാന്നു പറഞ്ഞ സ്ഥിതിക്ക് ആ ക്ലാസ്‌ റൂമും വരാന്തയും ഒന്ന് വൃത്തിയാക്കിയിട്ടെക്കണേ.
അപ്പോഴേക്കും ഞങ്ങള് അനിയത്തിമാര് ഒന്ന് കറങ്ങീട്ട് വരാ.. "
പറഞ്ഞു തീരും മുന്‍പേ അവന്‍റെ കയ്യില്‍ ചൂലും ഏല്‍പ്പിച്ചിട്ട് ലവള്‍ സിമ്പിള്‍ ആയി നടന്നു ..
വാ പൊത്തി ചിരിച്ചു കൊണ്ട് കൂടെ തോഴിമാരും.
"ഹാപ്പിയായല്ലോ ഡേയ്...
ഇനി ആ ചിറീമത്തെ തേനൊക്കെ നന്നായി തൊടച്ചിട്ടു ക്ലാസ്‌ റൂം ഒക്കെ ക്ലീന്‍ ചെയ്തിട്ട് മോന്‍ പണിക്ക് വന്നാ മതി ട്ടാ.."
എല്ലാം കണ്ടു കൊണ്ട് നിന്ന ഗുരു ശിഷ്യനോട് ആജ്ഞാപിച്ചു..
*****************
*ശുഭം *

ഒരു പേരുണ്ടാകുന്നത്...

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയോന്‍പതു ഒക്ടോബര്‍ മാസം പത്താം തിയതി രാത്രി...

കാര്‍ത്ത്യായനി നേഴ്സിംഗ് ഹോമിന്‍റെ ലേബര്‍ റൂമില്‍ തന്‍റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കാന്‍ കാത്തൊരുവള്‍ കിടക്കുന്നു. .

ലേബര്‍ റൂമിനു പുറത്തു ഒരു നാല് വയസുകാരന്‍ പയ്യന്‍ കൂ കൂ തീവണ്ടി പാടി ഓടി നടക്കുന്നു... (ലവന് തീവണ്ടി കളിയ്ക്കാന്‍ കണ്ട നേരം... )

ഒരു രണ്ടു വയസുകാരി പെങ്കൊച്ച് അമ്മാമയുടെ ചുമലില്‍ ഇരുന്നു വെറുതെ തൊണ്ട കീറുന്നു..

ഇതിനൊക്കെയും ഉത്തരവാദിത്ത്വപ്പെട്ടവന്‍ ആശുപത്രിക്ക് പുറത്ത് അന്നത്തെ ഏറ്റവും മികച്ച ടെന്‍ഷന്‍ ഫ്രീ മരുന്നായ കാജാ ബീഡി കിട്ടുന്ന വല്ല കടയും തുറന്നു ഇരിപ്പുണ്ടോ എന്ന് തിരയുന്നു....

അല്‍പ സമയങ്ങള്‍ക്കകം ലേബര്‍ റൂമിന്‍റെ വാതില്‍ തുറക്കപ്പെട്ടു.. ഒരു നര വീണ തല പുറത്തേക്ക് നീണ്ടു.. ശുഭ്ര വസ്ത്ര ധാരിണി. കയ്യില്‍ ഒരു ലിസ്റ്റും...

"ഈ മരുന്ന് ഉടന്‍ വാങ്ങണം... എവിടെ ഇവരുടെ ഭര്‍ത്താവ്??"

കയ്യില്‍ നയാ പൈസ ഇല്ലാതെ ഇരിക്കുന്ന അമ്മാമ ഉടന്‍ വിളിച്ചു....

"നാരായണാ...."

സിസ്റ്റര്‍ മേലോട്ട് നോക്കി...

പക്ഷെ വിളി കേട്ടത് താഴെ നിന്നായിരുന്നു..

അയാള്‍ ഓടിയെത്തി.. മരുന്ന് ലിസ്റ്റും വാങ്ങി പുറത്തേയ്ക്കോടി ഉടന്‍ തന്നെ മരുന്നുമായി തിരികെ വന്നു ലേബര്‍ റൂമിന്‍റെ വാതിലില്‍ മുട്ടി..

വാതില്‍ വീണ്ടും തുറക്കപ്പെട്ടു..

"നിങ്ങള്‍ ഇവിടെ തന്നെ കാണണം.. ഇനി പുറത്തൊന്നും പോയി നില്‍ക്കരുത്. " ആ ഡയലോഗില്‍ ഒരു ലോഡ്‌ ദേഷ്യം അനുഭവപ്പെട്ടു.

"അല്ല സിസ്റ്ററെ ഞാന്‍... "

വാചകം മുഴുമിക്കും മുന്‍പേ വാതിലടഞ്ഞു.

ഒരു ചെറിയ ഇടവേള... ശാന്തതയെ കീറി മുറിച്ചു കൊണ്ട് ഒരു നിലവിളി.. ഒപ്പം ഒരു കുഞ്ഞിന്‍റെ കരച്ചിലും...

ലേബര്‍ റൂമിന്‍റെ വാതില്‍ വീണ്ടും തുറന്നു..

"ഭാര്യ പ്രസവിച്ചു ട്ടോ... ആണ്‍കുട്ടിയാ.... "

സന്തോഷം കൊണ്ടയാളുടെ കണ്ണ് നിറഞ്ഞു...

(സോറി.. ലേബര്‍ റൂമിനു പുറത്തെ ഉണ്ട ബള്‍ബിന്റെ ചോട്ടില്‍ നിന്നപ്പോ കണ്ണില്‍ പ്രാണി വീണതാണ്)

പിന്നെ ലേബര്‍ റൂമിലേക്ക്‌ സകല നേഴ്സുമാരുടെയും തള്ളിക്കയറ്റമായിരുന്നു..

എന്താ കാരണം??? കുഞ്ഞിനു വല്ലതും ..... ???

അയാള്‍ അക്ഷമനായി..

പുറത്തേയ്ക്ക് വന്നൊരു സിസ്റ്റര്‍ ആണ് ആ സത്യം തുറന്നു പറഞ്ഞത്.

ആ ഹോസ്പിറ്റലില്‍ ഇത്രയും സുന്ദരായ ഒരു കുഞ്ഞു ജനിക്കുന്നത് ആദ്യമായാണത്രേ... ആ കുഞ്ഞിനെ കാണാനുള്ള തിക്കും തിരക്കുമാണ്..

വീണ്ടും കാത്തിരിപ്പ്..

ആ നര വീണ തല വീണ്ടും വാതിലിനും കട്ട്ലയ്ക്കുമിടയില്‍ ഉദിച്ചു. ഇത്തവണ പക്ഷെ ആ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു. പക്ഷെ അവരുടെ ചോദ്യം

"കുറച്ചു ഉപ്പും മുളകും സംഘടിപ്പിക്കാമോ ??"

ങേ!! ഉപ്പും മുളകും ?? അതും ലേബര്‍ റൂമിലേയ്ക്ക് ?? !!!

അയാള്‍ ഞെട്ടിത്തരിച്ചു.. കസേരയിലിരുന്നു അയാളുടെ അമ്മായിയമ്മയും ഞെട്ടി..

അപ്പോഴും മൂത്ത പുത്രന്‍ കൂ കൂ തീവണ്ടിയും പുത്രി കരച്ചിലും തന്നെ...

(ദേന്തൂട്ട്‌ പിള്ളാര് ഇഷ്ടാ... ഒന്ന് ഞെട്ടിക്കൂടെ ഇവറ്റകള്‍ക്ക് ?? )

ഒരു ചെറിയ നിശബ്ദദയ്ക്ക് ശേഷം അവര്‍ നിലപാട് വ്യക്തമാക്കി..

"പേടിക്കണ്ട . കൊച്ചിനെ അച്ചാര്‍ ഇടാനല്ല. എല്ലാര്‍ക്കും കൊച്ചിനെ വല്യ ഇഷ്ടായി... ആരുടേം കണ്ണ് തട്ടാതിരിക്കാന്‍ ഒന്ന് ഉഴിയാനാ... "

"ഓഹോ.. ആയിക്കോട്ടെ.. "

ഓരോരോ വിശ്വാസങ്ങളെ..

ഇത്രയും സ്നേഹമുള്ള നേഴ്സുമാരും ഉണ്ടോ..

അല്പം സംശയത്തോടെ എങ്കിലും അയാള്‍ പുറത്ത് പോയി എവിടെ നിന്നോ വറ്റല്‍ മുളകും ഉപ്പും സംഘടിപ്പിച്ചു നല്‍കി.

ജനിച്ചു വീണ കൊച്ചിനെ ഉപ്പും മുളകും കൂട്ടി ഉഴിയുന്നതിനിടയില്‍ ആ സുന്ദരന്‍ വാവ ശക്തിയായി ഒന്ന് തുമ്മി..

"അആആഛീ............"

ആ തുമ്മലിന്‍റെ ശക്തിയില്‍ കുനിഞ്ഞു പോയ തല അല്‍പ നേരത്തേയ്ക്ക് സ്റ്റക്ക് ആയിപ്പോയി.

അന്നേരമാണ് ഡോക്റ്റര്‍ ജയശ്രീ ലേബര്‍റൂമിലേക്ക്‌ കടന്നു വന്നത്..

വിനീത വിധേയനായി തല കുനിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടതും അവര്‍ പറഞ്ഞു .
"ഇവന് വിനീത് എന്ന് പേരിട്ടാല്‍ മതി. "

അമ്മയ്ക്ക് സന്തോഷം.. എല്ലാം അറിഞ്ഞപ്പോ അച്ഛനും സന്തോഷം.. എല്ലാര്‍ക്കും സന്തോഷം..

അങ്ങനെയാണ് സുഹൃത്തുക്കളെ എനിക്ക് ആ പേര് കിട്ടിയത്..

2014, ഡിസംബർ 2, ചൊവ്വാഴ്ച

സ്നേഹം ഒളിപ്പിക്കുന്ന തണല്‍ മരങ്ങള്‍



അല്പം അകലെ ആ കുന്നിന്‍ മുകളില്‍ കയറി നിന്ന് കൊണ്ട് അയാള്‍ ഉച്ചത്തില്‍ അലറി വിളിച്ചു

"എനിക്കറിയാം... എനിക്കുറപ്പാ... അവന്‍ തന്നെയാണതു ചെയ്തത്... കൊല്ലും ഞാന്‍.... കൊല്ലും ഞാനവനെ.. "

"അല്ല മാഷേ.. നിങ്ങള് ഇവിടെ പുതിയതാ ??" ചായക്ക് ഓര്‍ഡര്‍ കൊടുക്കും മുന്‍പേ പരമു ചോദ്യം വിളമ്പി.

"അതേ.. ന്താ അയാളീ വിളിച്ചു പറയുന്നേ ??"

"ഹഹ.. ഇതിവിടെ പതിവാ.. അയാള്‍ക്ക് മുഴുവട്ടാണ്. ഇങ്ങനെ ഓരോന്ന് വിളിച്ചു പറയും. ചിലപ്പോള്‍ പറയുന്നതെല്ലാം പച്ചത്തെറിയായിരിക്കും.

ദേ ഈ കടത്തിണ്ണയില്‍ തന്നെയാ രാത്രി കിടപ്പ്. പകല്‍ അവിടെയും ഇവിടെയും ഒക്കെ പോയി തെണ്ടിത്തിരിഞ്ഞു വരും.. കാശിവിടെ കൊണ്ടിടും. ഇവിടന്നു വല്ല പുട്ടോ ചോറോ എന്തേലും വാങ്ങി തിന്നും..

പാവം എത്രയാന്നു ഒന്നും ഞാന്‍ നോക്കാറില്ല. ഇനി അഥവാ ഒന്നും ഇല്ലേലും ഞാന്‍ വല്ലതും തിന്നാന്‍ കൊടുക്കും.. "

"ഓ.. പിന്നെ.. വെറുതെ കൊടുക്കുന്നു. ഒരു ദിവസം പഴകിയാല്‍ പിന്നെ പുട്ടിനു നൂറു രൂപാ വരും മാഷേ ഇടയ്ക്ക്. "

ചായകുടിക്കുന്നതിനിടയില്‍ ഒരു അപ്രിയ സത്യം അവതരിപ്പിച്ചു കരുണന്‍.

എന്തോ പിറുപിറുത്തുകൊണ്ട് പരമു ഒഴിഞ്ഞ ചായഗ്ലാസുകള്‍ കഴുകാനെടുത്തു നടന്നു .

ചായക്കടയില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും നാരായണന്‍ മാഷിന്‍റെ ശ്രദ്ധ ആ ഭ്രാന്തനിലെക്കായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം ആ ചെറിയ ലോഡ്ജ് മുറിയിലെ കട്ടിലിലേക്ക് ചാഞ്ഞു കിടന്നിനി തീര്‍ക്കണം.
****************************
നേരം രാത്രി പതിനൊന്നു ആവാറായി.
ഈ കുഗ്രാമത്തില്‍ ഇനി ഭക്ഷണം എവിടെ നിന്ന് കിട്ടാനാണ്. ലോഡ്ജില്‍ നിന്നും മാഷ്‌ ധൃതിയില്‍ പുറത്തിറങ്ങി.

എന്തോ ആ ഭ്രാന്തന്‍റെ മുഖം... ഇന്നലെകളില്‍ എവിടെയോ കണ്ടു മറന്ന പോലെ. ആ അലര്‍ച്ച.. ആ ശബ്ദം . ഒന്നും മനസ്സില്‍ നിന്ന് പോകുന്നില്ല.

പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. ഹോട്ടല്‍ അടച്ചു. അല്ലെങ്കിലും ഈ നേരത്ത് ഹോട്ടല്‍ തുറന്നു വച്ചിട്ട് ആര് വരാനാ.. ഇനിയല്പം കുന്നിന്‍ ചരുവില്‍ ഇരുന്നു കാറ്റ് കൊള്ളാം..

എവിടെയാണാ ഭ്രാന്തന്‍ ??

പാവം .. എവിടെയെങ്കിലും കിടന്നു ഉറങ്ങുന്നുണ്ടാകും..

ഒരുകണക്കിന് അയാള്‍ ഭാഗ്യവാനാണ്. പ്രാരാബ്ദങ്ങളില്ല, പരാതികളില്ല.. ഒന്നിനെ കുറിച്ചും ഭയക്കേണ്ട. വീട്ടുകാരെ കുറിച്ച് ഓര്‍ക്കേണ്ട. ആകെയുള്ളത് വിശപ്പ്‌ മാത്രം..

എനിക്കതിനു കഴിയില്ലല്ലോ. സ്വസ്ഥമായി ഒന്ന് ഉറങ്ങുന്നത് ഇനി ആറടി മണ്ണിലാവാം. ഇന്ന് എന്നോളം വളര്‍ന്ന എന്‍റെ മകള്‍ ആദ്യമായി മുഖത്ത് നോക്കി ചോദിച്ചു.

നിങ്ങള്‍ എന്നെങ്കിലും സ്നേഹത്തോടെ മോളെ എന്ന് ഒന്ന് വിളിച്ചിട്ടുണ്ടോ ?? ശാസിക്കാനല്ലാതെ അരികത്തെയ്ക്ക് വിളിച്ചിട്ടുണ്ടോ ?? എന്ന്.

അവള്‍ പറഞ്ഞത് ശരിയാണ്. ഞാനവരെ ഇതുവരെ ഓമനിച്ചിട്ടില്ല. എനിക്ക് അതിനു കഴിയുന്നില്ല.

മാഷ്‌ ആ വലിയ പാറയില്‍ തല ചായ്ച്ചു കിടന്നു. കൊതുകുതിരി ഗന്ധം നിറഞ്ഞ ലോഡ്ജ് മുറിയില്‍ സമാധാനമില്ലാതെ ഉറങ്ങുന്ന തന്നെക്കാള്‍ എന്തുകൊണ്ടും സുഖലോലുപനാണ് ഈ ഭ്രാന്തന്‍..

ഇളംകാറ്റില്‍ എപ്പോഴോ കണ്ണുകള്‍ അടഞ്ഞു പോയി.
******************************************

ഏതോ ഒരു ആട്ടിന്‍ കുട്ടിയെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നു. മുഖത്ത് എന്തോ നനവ്‌ ഊര്‍ന്നിറങ്ങുന്നു.. ചോരയുടെ മണമുള്ള ഒരു കീറ് തുണിക്കഷ്ണം പെട്ടെന്ന് മുഖത്തേയ്ക്ക്‌ വീണപോലെ.

മാഷ്‌ ചാടിയെഴുന്നേറ്റു.. മുഖത്ത് തടവി നോക്കി. ഹൂ....
സ്വപ്നമായിരുന്നു. നേരം ഒരുപാട് കടന്നു പോയിരിക്കുന്നു.

അതാ അയാളാ കടത്തിണ്ണയില്‍ ഇരിക്കുന്നുണ്ട്. മങ്ങി കത്തുന്ന തെരുവു വിളക്കിന്‍റെ കീഴില്‍ അയാളെന്തോ ചെയ്യുന്നുണ്ട്. കയ്യിലൊരു വെള്ളിത്തിളക്കം. കഠാരയാണോ ഇനി ?

അല്പം ഭയം തോന്നിയെങ്കിലും മാഷ്‌ അയാള്‍ക്കരികിലെക്ക് നടന്നു. അരികിലെത്തിയതും അയാള്‍ രൂക്ഷമായി നോക്കിക്കൊണ്ടലറി.

"എന്താടാ എന്നേം കൊല്ലണോ നിനക്ക്.. എങ്കി കൊല്ലടാ.. ??"

മാഷിന്‍റെ ഉള്ളിലൊരു വെള്ളിടി വെട്ടി. രണ്ടടി പുറകിലേക്ക് വച്ച് നിന്നു. എന്തും സംഭവിക്കാം. അടുത്തെങ്ങും ഒരാളുമില്ല.
ഭ്രാന്തന്‍ ചാടിയെണീറ്റു മാഷിനു മുഖാമുഖം നിന്നു.

ഈ.. കണ്ണുകള്‍.. രവീന്ദ്രന്‍.. രവീന്ദ്രനല്ലേ ഇത് ?? എന്‍റെ പഴയ ചങ്ങാതി..

"രവീ.............."
"പോ... പോവാനാ പറഞ്ഞെ... ഞാന്‍ രവിയല്ല.. എന്നെ എനിക്ക് പോലും അറിയില്ല. ഞാനെന്നോ മരിച്ചതാണ്.. എന്‍റെ മോള്‍ മരിച്ചപ്പോ ഞാനും മരിച്ചു.
അവനാ കൊന്നത്.. എനിക്കറിയാം.. കൊല്ലും ഞാന്‍ അവനെ... പോടാ..."

പറഞ്ഞു അവസാനിപ്പിക്കും മുന്‍പേ തന്‍റെ നെഞ്ചിലേക്ക് അയാള്‍ ആഞ്ഞൊന്നു തള്ളി. തള്ളലില്‍ മാഷ്‌ പുറകിലേക്ക് മലര്‍ന്നു വീണു. തട്ടിപ്പിടഞ്ഞു എഴുന്നേല്‍ക്കും മുന്‍പേ അയാള്‍ ഇരുട്ടിലേക്ക്‌ ഓടി മറഞ്ഞു.
****************************

ആ തിണ്ണയില്‍ മാഷു തളര്‍ന്നിരുന്നു.
അതേ. അത് രവി തന്നെ. ഉറപ്പാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പൊന്നു പോലെ സ്നേഹിച്ച മകള്‍ ഒരിക്കല്‍ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയപ്പോഴാണ് ആദ്യമായി അവന്‍റെ സമനില തെറ്റിയത്. സ്വന്തമെന്നു പറയാന്‍ അവനു ആ മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

അന്ന് പക്ഷെ ആ ആഘാതത്തിന്‍റെ പ്രതിഫലനം മാത്രമാണെന്ന് കരുതി. അവന്‍ ജീവിതത്തിലേക്ക്‌ തിരിച്ചു വരാന്‍ സമയമെടുത്തു.

പിന്നെ, വീണുടഞ്ഞ സ്ഫടികപാത്രം പോലെ റെയില്‍വേ ട്രാക്കില്‍ നിന്നുമവളെ വീണ്ടു കിട്ടിയപ്പോള്‍ ...
അന്നാണ് അവനെ അവസാനമായി ഞാന്‍ കാണുന്നത്.
കാലമെത്ര കടന്നു പോയിരിക്കുന്നു. ഇന്ന്, അവനെ ഈ രൂപത്തില്‍. ദൈവമേ...............

ലോഡ്ജ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ മകളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു. .

"രവിയെ പോലെ ഞാനും ഒരച്ഛനാണ്.
ആവിഷ്ക്കാര സ്വാതന്ത്ര്യം പോരെന്നു ചൊല്ലി തെരുവിലിറങ്ങി പേക്കൂത്ത്‌ നടത്തുന്ന പുതിയ തലമുറയ്ക്ക് മുന്‍പില്‍ കര്‍ക്കശക്കാരനായ ഒരച്ഛനായി ജീവിക്കാനേ എനിക്ക് കഴിയു..

ഭയമാണ്.. എനിക്കീ നാടിനെ ..
എന്‍റെ മക്കളേ മാപ്പ്.. "
*******************************