2014, ഡിസംബർ 26, വെള്ളിയാഴ്‌ച

ACCIDENT

ഇംഗ്ലീഷ് എഴുതുമ്പോ അല്പം വളച്ചും ചരിച്ചും സ്റ്റൈലില്‍ എഴുതാനാണ് ശ്രുതിക്കിഷ്ടം.

ആ ഒരൊറ്റ കാരണം കൊണ്ടാണ് ഇനി ഒന്നര മീറ്റര്‍ നീളത്തില്‍ എട്ടു പത്തു കമ്പികളും കൊണ്ട് വന്നിട്ട് "H" ഇട്ടു പഠിച്ചാ മതീന്നും പറഞ്ഞു ഡ്രൈവിംഗ്ടീച്ചര്‍ അവളെ പറഞ്ഞു വിട്ടത്.

ഇപ്പൊ "H" ഇടുന്നത് കാണാപ്പാഠം ചൊല്ലി പഠിക്കുകയാണ് കക്ഷി.

" ഗിയറ് ഫസ്റ്റില്‍ ഇട്ടു മുന്നോട്ടു എടുത്ത് .. വലത്തെ സൈഡിലെ കമ്പി ഷോള്‍ഡറിന് നേരെ വരുമ്പോ നിര്‍ത്തി... ..... ...
.....
....
......."

ഇതൊക്കെ കേട്ടുകൊണ്ടാണ് ജിംബ്രൂട്ടനും ഞാനും ആപ്പീസിലേക്ക് കടന്നു വന്നത്.

"അല്ലേലും ഈ കോണ്‍വെന്റ് സ്കൂളില്‍ നിന്നും പഠിച്ചിറങ്ങണ പെണ്‍പിള്ളാരൊക്കെ ഇങ്ങനാസ്റ്റാ...

കഴിഞ്ഞ ദിവസണ്ട് ഞാന്‍ നോക്കുമ്പോ ഇവള് വീട്ടുമുറ്റത്ത് നടന്ന് നീന്തല് കാണാപ്പാഠം പഠിക്ക്ണ് .. "

ശ്രുതിയില്‍ ഒരു നാഗവല്ലി ഉണരുന്നത് ഞാന്‍ കണ്ടു..
ഉടന്‍ ഞാന്‍ ഇടപെട്ടു.

"നീ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നല്ലേ ബൈബിളില്‍ പറഞ്ഞിരിക്കുന്നെ.... നീ ക്ഷമിക്ക്... "

"ഹും... ഇവന്‍ കുറച്ചു ദിവസായി എന്നെയിട്ടു വാരുന്നു.."

"ആ.. അത് വിട്.. നിന്‍റെ അച്ഛന്‍ ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ അല്ലെ... വീട്ടില്‍ സ്വന്തമായി കാറും ഉണ്ടല്ലോ.. അച്ഛനോട് പഠിപ്പിച്ചു തരാന്‍ പറഞ്ഞാല്‍ പോരെ ??"

"അച്ഛന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. "

"ങേ!! അതെന്തിനാ??"

"വണ്ടി ചെറുതായി ഒരു ബൈക്കില്‍ തട്ടിയതിനാ... "

"ഓ... അതൊക്കെ സാധാരണമല്ലേ.. വണ്ടിയാകുമ്പോ തട്ടും. അതിനു ലൈസന്‍സ് സസ്പെന്‍റ് ചെയ്യോ ??"

"ആ സ്കൂട്ടറെരന്‍ സ്പോട്ടില് പടായി മച്ചൂ... പിന്നെ സസ്പെന്‍ഡ് ചെയ്യാതിരിക്ക്യോ ??"

ഇടയ്ക്ക് കേറി ഗോളടിച്ച ജിംബ്രൂട്ടനെ ഒന്ന് കനപ്പിച്ചു നോക്കി അവള്‍ പറഞ്ഞു

"ഏയ്‌... അയാള് രണ്ടീസം കഴിഞ്ഞാ മരിച്ചേ.. നല്ല പ്രായണ്ട് അങ്ങേര്‍ക്ക്.. "

"ഓ.. അപ്പൊ സംഭവം ഉള്ളതാ ലെ. ശരിക്കും എന്താ സംഭവിച്ചേ ?"

"അതില്ലേ... അച്ഛനെ വണ്ടിയോടിച്ചു പോവുമ്പോഴേ ഒരു സ്കൂട്ടറുകാരന്‍ വന്നു എടേ കേറീതാ...

അച്ഛന്‍ ബ്രേക്ക് ചവിട്ടുന്നതിന് പകരം ചവിട്ട്യേതു ആക്സിലേറ്ററില്‍ ആയിപ്പോയി. "
ഇതൊക്കെ കേട്ടിട്ട് ചിരിക്കണോ സങ്കടിക്കണോ എന്നറിയാതെ നിക്കുന്നതിനിടയിലാ ജിംബ്രൂട്ടന്‍ വീണ്ടും..

"അതൊന്നുമല്ലടാ .. ഇവള്‍ടെ അച്ഛന്‍ ഇങ്ങനെ **മുപ്പതു മുപ്പത്തഞ്ചില്‍** ജാതി പെട പെടച്ചു പോവായിരുന്നു...
ആ നേരത്ത്ണ്ട് ഒരു ടാവ് ഒരു പഴേ എം ഐറ്റി സ്കൂട്ടറില് അങ്ങേരെ ഓവര്‍ടെക് ചെയ്ത് കൂളായി പോയത്.
അത് കണ്ടപ്പോ ഇവള്‍ടെ അച്ഛന് സഹിച്ചില്ല.. ഒരു ചാംബാ ചാമ്പി. ഓണ്‍ സ്പോട്ടില് ആള് പടായി."

ഇനീം അവിടെയിരുന്നാല്‍ പണി കിട്ടും എന്നറിഞ്ഞത് കൊണ്ട് ഞാന്‍ ഫോണില്‍ കോള്‍ വന്നത് പോലെ കാണിച്ചു മെല്ലെ സ്കൂട്ടായി.

പടികള്‍ ഇറങ്ങുമ്പോള്‍ ഓഫീസിലെ ടെക്നിക്കല്‍ സെക്ഷനില്‍ നിന്ന് ഒരു അയല്‍ക്കാരന്‍റെ ദീന രോദനം കേള്‍ക്കുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ