2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

പ്രണയിനി


പതിവിലും നേരത്തെയാണ് അവളുടെ ഫോണ്‍ വന്നത്...

"എന്താ നിന്‍റെ ശബ്ദം വല്ലാതിരിക്കുന്നല്ലോ മോളെ..."

"വിനൂ.. ഒന്നുമില്ലടാ..........  എന്തെങ്കിലും പറയു നീ.."

"അല്ല.. നിനക്ക് എന്തോ പറ്റിയിട്ടുണ്ട്... നിന്‍റെ മനസ് എനിക്കറിയാം... പറയൂ.."

ഒരു ചെറിയ മൌനം പിന്നെ മറുപടിയും  "സത്യമാ വിനൂ...

എന്‍റെ കല്യാണം ഉറപ്പിച്ചു.. അതും എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ഒരു ഗള്‍ഫുകാരനുമായി... അവര്‍ ഇന്ന് കുറച്ചു പേര്‍ കാണാന്‍ വരുന്നുണ്ട്.. ഞാനിനി എന്തു ചെയ്യും വിനൂ?? നീ പറയു... "

ഗദ്ഗദത്തോടെ മുറിഞ്ഞ വാക്കുകളില്‍ അവള്‍ പറഞ്ഞൊപ്പിച്ചു..

"ഞാന്‍.............,..........."

 എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം... അവള്‍ക്കും പിന്നെ ഒന്നും പറയാന്‍ കഴിയുന്നില്ലായിരുന്നു... 

"മോളെ ഞാന്‍ വിളിക്കാം" 

മെല്ലെ ഫോണ്‍ മേശമേല്‍ വച്ചിട്ട് ഞാന്‍ നടന്നു... പൂമുഖവും ഡൈനിംഗ് ഹാളും പിന്നിട്ടു പതിയെ ...................... അടുക്കളയിലേക്ക്.......... 

അവിടെ അവളുടെ  എരിയുന്ന ഹൃദയം പോലെ ചീന ചട്ടിയില്‍ പൊരിയുന്ന കരിമീന്‍.,.. 

മനസറിയാതെ നാവു യാന്ത്രികമായി മൊഴിഞ്ഞു .....

"അമ്മേ...... വിശക്കുന്നു... ഇത്തിരി ചോറ്............."


******************************
വ്യത്യസ്ത പ്രശ്നങ്ങള്‍............,......... ഒരേയൊരു വികാരം.........

BY
വിനീത് തൊയക്കാവ് 

2012, ജൂലൈ 13, വെള്ളിയാഴ്‌ച

തനിയാവര്‍ത്തനം

മാനം മുട്ടി നില്‍ക്കുന്ന മൊട്ടക്കുന്നുകളുടെ താഴ്വാരത്തില്‍ ഉറച്ച ചെമ്മണ്ണിലൂടെ അവന്‍നടക്കുകയാണ്. നുകമെന്ന ജീവിത ഭാരം കഴുത്തിലേറ്റിയിട്ടു ഇന്നേക്ക് വര്ഷം ആറു തികയുന്നു.

എന്നും ഒരേ ഭാരം..
പിന്നില്‍ ഉഴുതുമറിയുന്ന മണ്‍തരികളില്‍ നാളെ സ്വര്‍ണം വിളഞ്ഞാലും തനിക്ക്

കിട്ടുന്നത് ഒത്തിരി 
തല്ലും ഇത്തിരി തലോടലും മാത്രം. ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്ത

വിധം വായ്‌ 
മൂടിക്കെട്ടിയിരിക്കുന്ന വല ക്കണ്ണകളില്‍ കണ്ണീരുപ്പു പറ്റിപ്പിടിച്ചിരിക്കുന്നു. പുറത്തുചാട്ടയടിപ്പാടുകളില്‍ പഴുപ്പേരുന്നു. പഴയ പാടുകള്‍ മായും മുന്‍പേ പുതിയത് തെളിഞ്ഞിരിക്കും.

എന്നും ഒരേ വേദന. മനസ് മരവിച്ചു പോയെങ്കിലും ശരീരം ഇന്നും വേദനയെ തിരിച്ചറിയുന്നു. അതും
മരവിച്ചിരുന്നെങ്കില്‍ എന്നിടക്ക് ചിന്തിക്കും. ആവര്‍ത്തന വിരസമായ ജീവിതം.ഒരിക്കല്‍ ഒരുനാള്‍ഈ കാലുകളും ബന്ധിക്കപ്പെടും. പിന്നെ, കഴുത്തിലെ നുകപ്പാടിന്റെ സ്ഥാനത്ത് രക്തം ചിന്തും. തന്‍റെശവവും അവര്‍ വില്‍ക്കും.

പണം, അതിനും വലുതല്ല അവര്‍ക്കൊന്നും. മനുഷ്യന്‍ എന്ന വാക്കിന്‍റെ
അര്‍ത്ഥം സ്വാര്‍ത്ഥന്‍ എന്നാണോ??? ആയിരിക്കാം.എന്തായാലും ഒരു മാറ്റം അനിവാര്യം തന്നെ.നാവിനെ പോലും ചലിക്കാന്‍ അനുവദിക്കാതെ ബന്ധനസ്ഥനാക്കിയ മുഖാവരണം ആദ്യംപൊട്ടിച്ചെറിയണം. പിന്നെ ഞാനെന്ന ജന്മം ചുമലിലേറ്റിയ സകല ഭാരങ്ങളും. സര്വസ്വതന്ത്രനായ്ഓടണം. അങ്ങ് ദൂരെ മോട്ടക്കുന്നുകള്‍ക്കപ്പുറാം  ശാന്തമായൊഴുകുന്ന നദിക്കക്കരെ കടക്കണം,.അവിടെ പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളില്‍ വിഹല ചിന്തകളെതുമില്ലാതെ  മേഞ്ഞു നടക്കണം.

പുറത്തു വീണ്ടും ചാട്ടയടിപ്പാടുകള്‍ തെളിയുന്നു.

ഹൂ... സ്വപ്‌നങ്ങള്‍ ഇന്നും തല്ലു കൊള്ളിച്ചു. ഇനി
മുതല്‍ ദിവസവും ഈ സ്വപ്നം കാണല്‍ നിര്‍ത്തണം.

എന്നും കാണുന്നത് ഒരേ സ്വപ്‌നങ്ങള്‍....,..
ആവര്‍ത്തന വിരസത.

2012, ജനുവരി 17, ചൊവ്വാഴ്ച

നിനക്കായ്...

സഖീ...
എന്തെല്ലാമോ പറയാന്‍ മോഹിക്കും നേരമെല്ലാം വേണ്ടെന്നു മനസ് തിരികെ വിളിച്ചപ്പോള്‍ പിന്നെ അക്ഷരങ്ങളുടെ കൂട്ട് തേടാം എന്ന് കരുതി. അതെന്‍റെ മനസിനെ ഈ താളില്‍ തളച്ചു.

ഒന്നും ഓര്മയില്‍ നിന്ന് മായുന്നില്ല. എല്ലാം ഒരു മരീചിക പോലെ എന്നെ മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കയ്യെത്തും ദൂരത്തു എത്തുമ്പോഴേക്കും നിന്നിലേക്ക് ദൂരം കൂടുന്നു.

അന്നാദ്യമായ്‌ നിന്നെ കണ്ടത് അമ്പല നടയിലായിരുന്നു. ചിങ്ങമാസ പുലരിയിലെ അവിട്ടം നാളില്‍ മഞ്ഞ പട്ടു ദാവണിയും ചുറ്റി ഈറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടി കിലുകിലെ കിലുങ്ങുന്ന കൊലുസുമിട്ടു നീയന്നെന്‍ മുന്പില്‍ വന്നു നിന്നപ്പോള്‍ അറിയാതെ ആശിച്ചു പോയി നീയെന്‍റെ ജീവിതത്തിലേക്കും നിറവിളക്കുമായ്‌ വലതു കാല്‍ വെച്ച് കടന്നു വന്നിരുന്നെങ്കിലെന്നു.

ഞാന്‍ അന്ന് പ്രദക്ഷിണം വച്ചത് നിന്നെയായിരുന്നോ? എന്‍റെ പിറന്നാള്‍ ദിനത്തില്‍ ദേവി എനിക്കായി സമ്മാനിച്ചത് നിന്നെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നോ??

പിന്നെ എന്നും നീയായിരുന്നു മനസ്സില്‍....,.. സൂര്യന്‍ കടലിനെ പുല്കാനായി കടന്നു പോയ സായന്തനങ്ങളില്‍ പുഞ്ചപ്പാടത്തെ കൊയ്ത്തു കഴിഞ്ഞ വിള നിലങ്ങളില്‍ സ്വപ്നങ്ങളുടെ പറുദീസ കെട്ടി ഞാന്‍ കിടന്നതും, ശാന്തമായൊഴുകുന്ന കനോലിയുടെ തീരങ്ങളില് നിന്‍റെ വെള്ളിപ്പാദസര കിലുക്കത്തിന്റെ സാമ്യമുണ്ടെന്ന് തോന്നിക്കുമാറ് കുഞ്ഞോളങ്ങള്‍ കാതില്‍ മന്ത്രിച്ചതും മുറ്റത്തെ പിച്ചക തൈ ചുറ്റിവരിഞ്ഞ നാട്ടുമാവിന്‍ ചോട്ടില്‍ ഏകനായി നിന്‍റെ നിശ്വാസം പോലെ ഇളംകാറ്റിനു എന്നെ തന്നെ സമര്പ്പി്ച്ചിരുന്നതും... അങ്ങനെയങ്ങനെ... നിന്നെ മാത്രം മനസിന്‍റെ സ്വര്ണചെപ്പില്‍ കാത്തു വെച്ച ഒരു പാട് നിമിഷങ്ങള്‍..... ,... 

മുന്നില്‍ വന്നു നിന്നപ്പോഴെല്ലാം നിന്‍റെ കണ്ണിലെ വൈഡൂര്യ തിളക്കമുള്ള കൃഷ്ണമണികള്‍ എന്തിനോ തിരഞ്ഞിരുന്നു. അധരങ്ങളില്‍ എന്തോ പറയാന്‍ വെമ്പി നിന്നിരുന്നു എന്നെനിക്കറിയാം. 

അന്നും ഒരു വാക്ക് ചോദിക്കാതെ പുസ്തകത്താളില്‍ ഒളിച്ചു വെച്ച മയില്പ്പീ്ലി പോലെ എന്‍റെ പ്രണയവും ഞാന്‍ ഒളിച്ചു വച്ചു. എനിക്കറിയാം നിനക്കെന്നെയും ഇഷ്ട്ടമാണെന്നു. 
ഇടയിലെപ്പോഴോ നിന്‍ നാവില്‍ നിന്നത് കേള്ക്കാ നായി കാത്തുനില്‍ക്കാന്‍ ഞാനെന്‍റെ സ്വാര്ത്ഥ മനസിനെ പാകപ്പെടുത്തി.

കാലത്തിനു ശരവേഗമാകുമ്പോള്‍ നമ്മുടെ കൂടിക്കാഴ്ചകള്ക്ക് കാത്തിരിക്കാരുള്ള ദിനങ്ങളുടെ ദൈര്ഘ്യം കൂടി വരുന്നു .. അതെന്‍റെ പ്രണയവും മൂടുവാന്‍ തുടങ്ങിയിരിക്കുന്നു. വിധി വരും കാലങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങിയാല്‍???

ഇല്ല.... നിന്നെ നഷ്ട്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല. മനസ്സില്‍ പണിത് വച്ച തങ്ക താലി നിന്‍ മാറില്‍ ചാര്ത്താ തെ ഇനി സ്വപ്നങ്ങളില്‍ മാത്രം കണ്ണ് നട്ടു ജീവിക്കാന്‍ എനിക്ക് കഴിയില്ല പ്രിയേ.. ഇനിയും പറയാതെ വയ്യ. 

ഇഷ്ട്ടമാണ് നിന്നെ. അന്നും ഇന്നും എന്നും....

ഏകാന്തമായ എന്‍റെ ജീവിതവീഥിയില്‍ കൈകോര്‍ത്തു ഒരുമിച്ചു ഒരേ ദൂരം നടക്കാന്‍ നീ വരുമോ???  ജാതിയും വര്ണ്ണ വും പദവിയും നമ്മുടെയിടയില്‍ മതില്ക്കെട്ട് തീര്ത്താ ലും നീയെനിക്ക് അതിനേക്കാള്‍ വില കല്പ്പിക്കുന്നുവെങ്കില്‍ നീ വരും... നിന്നെ ഞാന്‍ കൊണ്ട് പോകും. നമ്മുടെ മാത്രം ലോകത്തേക്ക്... 

വരില്ലേ നീ???

2012, ജനുവരി 12, വ്യാഴാഴ്‌ച

ആത്മഹത്യയും രഞ്ജിനി ഹരിദാസും


എന്തിനാ നോക്കുന്നെ??
പറഞ്ഞു തീര്‍ന്നപ്പോഴേക്കും കണ്ണാടിയിലെ പ്രതിബിംബവും മുഖം വീര്‍പ്പിച്ചു. ഹും...  കല്യാണം കഴിക്കണം പോലും. കോളേജില്‍ നിന്ന് വരുന്ന നേരം നോക്കി ഇളിച്ചു ഇരിക്ക്യാ മാമന്‍റെ മോന്‍ പ്രേമന്‍ .
വരുമെന്ന് പറഞ്ഞിരുന്നു. ന്നാലും ആക്ക്രാന്തം കാട്ടി ഇത്ര നേരത്തെ തന്നെ വരണോ.

ശരിക്കും ഒരു അഴകിയ രാവണന്‍ തന്നെ. ഗള്‍ഫ്‌ സ്പ്രേയും പൂശി കയ്യിലും കഴുത്തിലുമൊക്കെ സ്വര്‍ണത്തിളക്കവുമായിട്ടു. മാമന്‍റെ മോനാണെന്ന് കരുതി അയാളെ തന്നെ കെട്ടണം എന്ന് പറഞ്ഞാല്‍ എങ്ങനാ...???

എന്നോട് ചോദിക്ക്യാതെ എന്‍റെ കല്യാണമോ. സുധിയോടൊപ്പം ജീവിക്കാന്‍ അല്ലെ ഇവരുടെയൊക്കെ സമ്മതം വേണ്ടുല്ലു. മരിക്കാന്‍ ആരോടും ചോദിക്കണ്ടല്ലോ.

ഹോ! വിശക്കുന്നു . അമ്മയോട് വഴക്കിട്ടു കയറി ഇരിക്കുന്നതാ... മണിക്കൂറുകള്‍ കഴിഞ്ഞു. ഇത്ര നേരായിട്ടും ആര്‍ക്കും എന്‍റെ കാര്യത്തില്‍ ഒരു ചിന്തയുമില്ല.

കണ്ണാടിയിലെ പൊട്ടെടുത്തു അവള്‍ നെറ്റിയില്‍ ഒട്ടിച്ചു. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നാ ചൊല്ല്. ആദ്യം ഒരു ആത്മഹത്യാ കുറിപ്പ്‌ എഴുതണം.

ഇതിലിപ്പോ എന്താ എഴുതാ??? പ്രണയ ലേഖനമാണേല്‍ സുമയോടു ചോദിക്കാമായിരുന്നു. അവള്‍ ഈ കാര്യത്തില്‍ ബിരുദാനന്ദ ബിരുദം കഴിഞ്ഞതാ. ഹും! വേറാരോടും വിളിച്ചു ചോദിക്കാനും പറ്റാതായി.

*ഞാന്‍ പോവുകയാണ്. എന്‍റെ മരണത്തിനു ഞാന്‍ മാത്രമാണ് ഉത്തരവാദി. ആ....... ഇത്രേം മതി..

പേപ്പര്‍ മടക്കി മേശപ്പുറത്ത് വെച്ചു. ഇനി??
ഇനിയെന്താ മരിക്ക്യന്നെ. അതിനിപ്പോ എന്താ ചെയ്യാ???

അമ്മ കാണാതെ മണ്ണെണ്ണ എടുക്കാമെന്ന് വച്ചാ ചത്താലും സ്വൈര്യം കിട്ടില്ല. ആകെ ഒന്നര ലിറ്ററാ റേഷന്‍ കടയില്‍ നിന്നും കിട്ടണേ. പണ്ടാരക്കാലി അതും തീര്‍ത്തിട്ടാണോ ചത്തെ എന്ന് പറഞ്ഞാവും കരച്ചില്‍. മാത്രോം അല്ല. പൊള്ളി മരിച്ചാല്‍ കാണാന്‍ ഒരു ഭംഗീം ണ്ടാവില്ല.

കുമാരേട്ടന്‍റെ കടയില്‍ നിന്ന് ഒരു ബ്ലേഡു  വാങ്ങി. പിന്നെ കണ്മഷീം.. കാശ് കൊടുത്തിട്ടില്ല. ഇനി കൊടുക്കേം ഇല്ല. ഞാന്‍ ചത്താല്‍ ഇനി അയാള്‍ ആരോട് കാശ് ചോദിക്കും. അല്ലേലും അയാള്‍ക്കിട്ടൊരു പണി കൊടുക്കണമെന്ന് കുറച്ചു നാളായി കരുതുന്നു. അന്ന് ഞാനൊരു ക്ലിപ്പ് വാങ്ങ്യപ്പോ പതിനഞ്ചു രൂപയാ എടുത്തത്.

അയ്യോ.. ബ്ലേഡ്‌ എവിടാ വെച്ചേ??? ആ..... ബോക്സിലുണ്ട്. അവള്‍ ബ്ലേഡ്‌ കയ്യിലെടുത്തു .  ശ്ശൊ! ഇതിപ്പോ മുറിക്കണ്ടേ. ചോര കണ്ടാലെ ഞാന്‍ തല കറങ്ങും. കോളേജില്‍ വീണു കാല്‍ പൊട്ടിയപ്പോ തല കറങ്ങി വീണതും ടി ടി എടുക്കാന്‍ പോയതും ഇപ്പോഴും മറന്നിട്ടില്ല. ആ ഇന്‍ജെക്ഷന്‍ കുത്തുന്നതിനും ഭേദം വീണതിന്‍റെ വേദന സഹിക്കുന്നതായിരുന്നു. ഇതും ശരിയാവുമെന്ന് തോന്നുന്നില്ല. ഇനി???

അവള്‍ സീലിംഗ് ഫാനിലേക്ക് നോക്കി പഴക്കമുണ്ട്. പൊട്ടി വീഴുമോ?? ഏയ്‌... ആകെ അമ്പത്തഞ്ചു കിലോ താങ്ങാനുള്ള കരുത്തോക്കെ കാണും.

അവള്‍ കണ്ണാടിക്ക് മുന്‍പില്‍ നിന്നെഴുന്നേറ്റു. കസേര മെല്ലെ ഫാനിനു താഴേക്കു നീക്കിയിട്ടു. ഷാള്‍ ഫാനില്‍ കെട്ടി. കുരുക്കുണ്ടാക്കി. ഇറങ്ങി . കട്ടിലില്‍ ഗള്‍ഫുകാരന്‍ മുറചെക്കന്‍ തന്ന സമ്മാനപ്പൊതി. ഹും.. അമ്മ കണ്ണുരുട്ടി കാട്ടിയപ്പോ വാങ്ങിയതാ. ഇനി ഇതാര്‍ക്ക് വേണം. എടുത്തു ചുമരിലോട്ടെറിഞ്ഞു. പിന്നെ, മേശയില്‍ നിന്നും ആത്മഹത്യാ കുറിപ്പെടുത്തു.

കയ്യില്‍ തന്നെ പിടിക്കാം. ഇനി ആരേലും വന്നു നോക്കുമ്പോ കാണാതെ പോകരുതല്ലോ. കയ്യില്‍ മുറുക്കി പിടിച്ചു. വീണ്ടും കസേരയില്‍ കയറി. കുരുക്കിനുള്ളിലൂടെ കട്ടിലില്‍ അലസമായി കിടന്ന സമ്മാനപ്പൊതിയിലേക്ക് നോക്കി.

“അയ്യോ!!!!!

കഴിഞ്ഞ സ്റ്റാര്‍ സിങ്ങറില്‍ രഞ്ജിനിയിട്ട അതെ ചുരിദാര്‍...

ഞാന്‍ അന്നെ അമ്മയോട് പറഞ്ഞിരുന്നതാ വാങ്ങി തരാന്‍...,. അമ്മ കേട്ടില്ല. അവള്‍ കസേരയില്‍ നിന്നും ചാടിയിറങ്ങി . കവര്‍ പരതി. ഉള്ളില്‍ പിന്നെയുമുണ്ട് മേക്‌ അപ്പ്‌ സെറ്റ്‌, ഒരു സ്വര്‍ണ തടവള.... പിന്നെ ഒരു സ്പ്രേ കുപ്പിയും...

ഹാ....... അടുത്ത ആഴ്ച കോളേജ്‌ ഡേ ക്ക് ക്ലാസിലെ രംഭ തിലോത്തമമാരുടെ മുന്നിലൂടെ ഞാനിതൊക്കെയിട്ടു ഒരു വിലസു വിലസും. ആ സുധിയും കാണണം ഇതൊക്കെ. അവനു ആ കാശുകാരി പെണ്ണിനോട് ഇത്തിരി നാളായിട്ട് ഒരു കുറുകല്‍..,. ഇനി  എനിക്കെന്‍റെ പ്രേമേട്ടന്‍ മതി.

അവളുടെ കയ്യിലെ ആത്മഹത്യാ കുറിപ്പ്  യാന്ത്രികമായി ചുരുണ്ട്  ചവറ്റുകുട്ടയിലേക്കെറിയപ്പെട്ടു.. 

2012, ജനുവരി 8, ഞായറാഴ്‌ച

അറവുകാരന്‍

അബ്ദുക്കാ.... ഈ കന്നാലീനെ ഒന്നങ്ങുട് മാറ്റി കെട്ട്വോ”? അബ്ദു പെട്ടെന്നൊന്നു ഞെട്ടി. ചിന്തകളില്‍ നിന്നും യാഥാര്‍ത്യത്തിലേക്ക് പെട്ടെന്നൊരു മലക്കം മറിച്ചില്‍..... സൈദുവിന്റെ മകന്‍ ഷമീറാ വിളിച്ചത്. പോത്തുകള്‍ റോഡില്‍ വഴി മുടക്കി നില്‍ക്കുകയാണ്. അയാള്‍ വേഗം വയല്‍വരമ്പില്‍ നിന്നെഴുന്നേറ്റു പോത്തുകളെ തിരികെ പാടത്തേക്കിറക്കി. “നാളെ അറക്കാന്‍ ള്ളതാവും ലെ അബ്ദുക്കാ?". “ഉം”. ഒരു മൂളലില്‍ അബ്ദു ഉത്തരത്തിന്റെ ദൈര്‍ഖ്യം കുറച്ചു. “ഇങ്ങള് നാളേം കട തൊറക്ക്വാണോ? ഇങ്ങള് ഒരു വാപ്പേണോ മനുഷ്യാ. വല്ലാത്ത പടപ്പ് തന്നെ”.


ഒന്നും മിണ്ടാതെ, മനസ്സില്‍ നിന്നും നുരഞ്ഞു പൊന്തിയ ദേഷ്യം കണ്ടനാളത്തില്‍ തടഞ്ഞു. എന്തൊക്കെയോ പറയണമെന്നുണ്ട്. വേണ്ട. പറഞ്ഞാല്‍ പിന്നെ അതും കുഴപ്പമാകും. നായരുടെ ചായക്കടയില്‍ തുറക്കാന്‍ പറ്റിയ പരദൂഷണപ്പൊതി കിട്ടിയ വ്യഗ്രതയില്‍ അയാള്‍ ബൈക്കെടുത്തു കടന്നു പോയി.

അബ്ദു പിന്നെയും ചിന്തയിലാണ്ടു. നാളെ ഞാനെന്തിനു കട തുറക്കാതിരിക്കണം?? ഒരു രാജ്യദ്രോഹിയെ തൂക്കിലേറ്റുന്നതില്‍ ഞാന്‍ എന്തിനു 
 ഉത്കണ്ടപ്പെടണം ?? പക്ഷെ അവന്‍........ അവനെന്‍റെ രക്തത്തില്‍ കുരുത്തതല്ലേ എന്നോര്‍ക്കുമ്പോള്‍ മനസിന്‌ ഒരു വിങ്ങല്‍.,. പൊടി പിടിച്ച വിയര്‍പ്പുകണങ്ങള്‍ക്കിടയിലൂടെ കണ്ണുനീര്‍ തുള്ളി ഒഴുകുന്നുണ്ടോ?? ഇല്ല. ഞാന്‍ കരയില്ല. നാളെ ആതമാവ്‌ ഇല്ലാത്ത തണുത്ത വിറങ്ങലിച്ച ആ ശരീരം പുറത്തേക്കു കൊണ്ട് വരുമ്പോള്‍ അത് വാങ്ങാന്‍ പോലും ഞാന്‍ പോകില്ല. എനിക്കവനെ ഇനി കാണണ്ട. 

അഴുക്ക് പുരണ്ട കൈകള്‍ കൊണ്ടയാള്‍ മുഖം അമര്‍ത്തി തുടച്ചു. അവനു അര്‍ഹിക്കുന്ന ശിക്ഷ തന്നെയാ കിട്ടിയത്. പോത്ത് പാടത്തെ ചെളിയില്‍ പൂഴ്ന്നു കിടന്നു. തന്‍റെ തയമ്പ് വീണ കൈപ്പത്തിയിലെക്കയാള്‍ സൂക്ഷിച്ചു നോക്കി. അതില്‍ പൊടിമീശക്കാരന്‍ പയ്യന്‍റെ മുഖം തെളിഞ്ഞു.
അറവുകാരന്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു അയല്‍ക്കാരനോപ്പം അവള്‍ ഇറങ്ങിപ്പോയപ്പോഴും എനിക്കെന്‍റെ വാപ്പയെ മതിയെന്ന് പറഞ്ഞു തന്‍റെ അരയില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ ആ പൊടി മീശക്കാരന്‍ ചെക്കന്‍.

അവനെ മറ്റെന്തിനെക്കാളും സ്നേഹിച്ചു. തന്‍റെ  ഭാര്യ പോയത് പോലെ അവനും ഒരു നാള്‍ ഉമ്മയെ തേടി പോകാതിരിക്കാന്‍... സ്വാര്‍ഥമായ മോഹം. ഒരു നോട്ടം കൊണ്ട് പോലും അവനെ വേദനിപ്പിച്ചില്ല. മൊബൈലും ബൈക്കും വാങ്ങി കൊടുത്തപ്പോഴും അവന്‍റെ സന്തോഷം...  അതായിരുന്നു അയാളുടെയും സംതൃപ്തി.

പക്വതയില്ലാത്ത പ്രായത്തിന്‍റെ ചഞ്ചലമായ മനസ് അവനില്‍ വരുത്തുന്ന മാറ്റങ്ങള്‍ അയാള്‍ അറിഞ്ഞില്ല. മതത്തിന്‍റെ മഹത്വവും ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാനും മദ്രസാ പഠനം സഹായിക്കുമെന്ന് പല തവണ ഉപദേശിച്ചിട്ടും പോകാന്‍ അവന്‍ പണ്ട് മുതല്‍ക്കേ കൂട്ടാക്കുമായിരുന്നില്ല. പകരം മനസ്സില്‍ മത ഭ്രാന്ത്‌ നിറക്കുന്ന പ്രസംഗങ്ങള്‍ക്കും ചീത്ത കൂട്ടുകെട്ടുകള്‍ക്കും അവന്‍റെ ഭ്രമം പരതുകയായിരുന്നു. മതത്തെ സ്നേഹിക്കാന്‍ പഠിക്കുന്നതിനേക്കാള്‍ മറ്റു മതങ്ങളെ വെറുക്കാന്‍ പഠിച്ചു.

പിന്നെ പ്രായം ഞരമ്പുകളില്‍ ചോര തിളപ്പിച്ചപ്പോള്‍ വാക്കുകളില്‍ വര്‍ഗീയതയുടെ വിഷം ചീറ്റുന്നത് അയാള്‍ കണ്ടു. പക്ഷെ തന്നില്‍ നിന്നും അവനിലേക്ക്‌ ദൂരം കൂടാന്‍ തുടങ്ങിയിരുന്നു .പുതിയ ബന്ധങ്ങള്‍ പിറന്ന നാടിനെ പോലും വെറുക്കാന്‍ പഠിപ്പിച്ചു. ഇസ്ലാമിന്‍റെ പേരില്‍ വിഘടന വാദം വളര്‍ത്തുന്ന തീവ്രവാദത്തിന്‍റെ കണ്ണിയായി അവനും.

അള്ളാഹുവിനെ അറിയാത്തവന്‍ എങ്ങനെ ഇസ്ലാമാവും?? ശരിയായ മുസല്‍മാനു എങ്ങനെ കൂടപ്പിറപ്പിനെപോലെ കരുതേണ്ട മനുഷ്യരെയും  പിറന്ന നാടിനെയും  വെറുക്കാന്‍ കഴിയും? മനുഷ്യ രക്തം കൊണ്ട് പുതിയ ലോകം തീര്‍ക്കാന്‍ ഏതു വിശുദ്ദ ഗ്രന്ഥത്തിലാണ് ഉള്ളത്?? ... ഹാ... അതെങ്ങനെ... വിശുദ്ദ ഖുറാന്‍ വായിക്കാതവന് പ്രവാചകനെ കുറിച്ച് എന്തറിയാം??? എന്നിട്ടും വിശുദ്ദ യുദ്ദമെന്ന പേരില്‍ ഇറങ്ങി തിരിച്ചിരിക്കുന്നു.


രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെന്ന മഹാ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അയല്‍രാജ്യത്തെ ശത്രുക്കള്‍ക്ക്‌ ഏറ്റവും പ്രിയമായ ആയുധമാണല്ലോ മതം. അത് മനസിലാക്കാന്‍ അവനു കഴിയാതെ പോയി.

ഒരു വര്‍ഷം മുന്‍പ്‌ രാജ്യദ്രോഹക്കുറ്റത്തിനു അവന്‍ പിടിക്കപ്പെട്ടപ്പോള്‍ നെഞ്ചില്‍ ഒരു ഇടിവാള്‍ മിന്നി. മരണത്തെ മുഖാമുഖം കണ്ട നിമിഷം. സഹായിക്കാന്‍ അയല്‍പക്കത്തെ ജോസും വേണുവും തന്നെയേ ഉണ്ടായുള്ളു. പിന്നെ മതത്തെക്കാള്‍ മനുഷ്യന് മൂല്യം നല്‍കുന്ന കുറെ നല്ല മനസുകളുടെ കാരുണ്യത്തില്‍ വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചു വരവ്.
അറിയാതെയെങ്കിലും പറ്റിപ്പോയ പാപത്തിനുള്ള ശിക്ഷയായിരികാം ആ ദിവസം നല്‍കിയത്.

നേരം ഇരുട്ടി തുടങ്ങി. പോത്തുകളെയും കൊണ്ട് വീട്ടിലേക്കു നടക്കുമ്പോള്‍ മൊബൈലില്‍ ജമാലിനെ വിളിച്ചു. “ജമാലെ  നാളെ അഞ്ചു മണിക്ക് തന്നെ പോത്തിനെ വെട്ടണം. ഞാന്‍ വരുന്നില്ല. ഈയ് തന്നെ ചെയ്യണം.”


രാത്രി പിന്നെയും എന്തൊക്കെയോ അസ്വസ്ഥതകള്‍. തനിക്ക് ദുഖമില്ലെന്നു സ്വയം മനസിലുറപ്പിക്കാന്‍ ശ്രമിച്ചു. കിടക്കയില്‍ കിടന്നു തിരിഞ്ഞും മറിഞ്ഞും ഉറക്കം കിട്ടുന്നില്ല. പറമ്പില്‍ കെട്ടിയിട്ട പോത്തിനടുതെക്ക് അയാള്‍ നടന്നു. നാളെ അഞ്ചു മണിക്ക് തന്‍റെ മകന്‍റെ കഴുത്തില്‍ കൊലക്കയര്‍ മുറുകുമ്പോള്‍ ഇവിടെ ഈ മിണ്ടാപ്പ്രാണിക്കും അന്ത്യം. പോത്തുകളോട് ദയ തോന്നാന്‍ തുടങ്ങിയാല്‍ പിന്നെ കച്ചോടം നടക്കില്ല. അയാള്‍ തിരിഞ്ഞു നടന്നു. പിന്നെ വീണ്ടും കട്ടിലിലേക്ക്.

സമയം രാവിലെ  എട്ടുമണി. മുറ്റത്ത് ആളുകള്‍ നിറഞ്ഞു തുടങ്ങി. ചെറിയ ചെറിയ കൂട്ടങ്ങളില്‍ നിന്നും പതിഞ്ഞ സംസാരങ്ങള്‍. “ജമാലാത്രേ ആദ്യം കണ്ടത്..”  “അഞ്ചു മണിയോട് കൂടെയാണെന്നാ പറഞ്ഞു കേട്ടത് .” “എത്ര നല്ല മനുഷ്യനായിരുന്നു. ഹാ മനുഷ്യര്ടെ കാര്യൊക്കെ ഇത്രേയുള്ളൂ”.

കടപുഴകിയ നന്മ മരത്തിനു ചുറ്റും മതത്തിന്‍റെ നിറം കലരാത്ത കണ്ണുനീര്‍ ഉറ്റു വീഴുമ്പോള്‍ അങ്ങ് ദൂരെ............ ഒരു പാഴ്ക്കനി മരവിച്ച ചില്ലുപെട്ടിയിലേക്ക് സമയം കാത്തു കിടന്നു.    

2012, ജനുവരി 6, വെള്ളിയാഴ്‌ച

മന്ദാരപ്പൂക്കള്‍


സുഹറ....
എന്തെഴുതണം എന്നെനിക്കറിയില്ല. ഞാന്‍ നിനക്ക് കത്തെഴുതുന്നത് ആദ്യമല്ലേ. ഒരുമിച്ചു കളിച്ചു വളര്‍ന്ന നമ്മള്‍ തമ്മില്‍ കത്തിലൂടെ പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് എഴുതണമെന്ന് തോന്നി.

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോകുന്നത്. മണ്ണപ്പം ചുട്ടു കളിച്ചതും ഉണ്ണിപ്പുര കെട്ടിയതും തെക്കേ തൊടിയിലെ മൂവാണ്ടന്‍ മാവില്‍ മാമ്പഴം എറിഞ്ഞിട്ടു ഒരുമിച്ചു പകുത്തു തിന്നതുംഎല്ലാം... എല്ലാം ഇന്ന് ഓര്‍മയുടെ ചില്ല് ജാലകത്തിലൂടെ ഞാന്‍ കാണുന്നു. അതെന്നെ കൊതിപ്പിച്ചു കൊണ്ട് മാടി വിളിക്കുന്നു. പക്ഷെ ഇനിയുമൊരു തിരിച്ചു പോക്ക്, അത് സാധ്യമല്ലല്ലോ.


നിനക്കവിടെ സുഖമെന്ന് കരുതുന്നു. അല്ല, സുഖം തന്നെയായിരിക്കും. കാരണം നിന്റെ തട്ടം പിടിച്ചു വലിക്കാനും ചിത്രം വരയ്ക്കുമ്പോ പിന്നിലൂടെ വന്നു കണ്ണ് പൊത്താനും നിന്നരികില്‍ ഞാനില്ലല്ലോ.


അന്നൊരിക്കല്‍ ഒത്തു പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ കുഞ്ഞു പര്‍ദ്ദയില്‍ ഒളിപ്പിച്ചു എനിക്കായ് നീ കൊണ്ട് വന്നു തന്ന ആ അത്തര്‍ കുപ്പി ഇന്നും എന്റെ കയ്യില്‍ ഭദ്രമാണ്. പക്ഷെ അതിലെ അനുഭൂതി നിറയുന്ന ഗന്ധം ഇന്നില്ല. എന്നാലും എനിക്കത് ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ. നീ ആദ്യമായ്‌ എനിക്ക് നല്‍കിയ സമ്മാനമല്ലേ ...


പിന്നൊരിക്കല്‍ നിന്‍റെ നിറക്കൂട്ടുകളില്‍ ന്നിന്നും കറുത്ത ചായം കൊണ്ടെനിക്ക് മീശ വരച്ചതും ഒപ്പം എന്‍റെ നെഞ്ചില്‍ വെളുത്ത ചായം  തേച്ചതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. അന്നെനിക്ക് എന്താണ് നീ ഉദ്ദേശിച്ചത് എന്ന് മനസിലാവാതെ പോയി. നിന്നെ പോലെ കലാവാസനയും ഗഹനമായ ചിന്തകളും എനിക്ക് കൂട്ടില്ലായിരുന്നല്ലോ. പക്ഷെ പിന്നെ ഞാന്‍ മനസിലാക്കി അതിനര്‍ത്ഥം. കറുത്ത ചായത്തിന്‍റെ സ്ഥാനത്ത് കട്ടി മീശ വന്നപ്പോഴേക്കും മനസിന്‍റെ വെളുപ്പ്‌ നിറം മങ്ങാന്‍ തുടങ്ങിയിരുന്നു. 


ഒരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ. പ്രാരാബ്ദതിന്‍റെ വിള്ളല്‍ വീണു തകരാറായ കുടുംബം നോക്കാന്‍ എനിക്ക് നിന്നെ മറന്നു വിയര്‍പ്പ് പോലും സ്വതന്ത്രമായൊഴുകാന്‍ വിസമ്മതിക്കുന്ന പ്രവാസത്തിന്‍റെ മരുക്കാടിലേക്ക് യാത്രയാകേണ്ടി വന്നു. പിന്നെ ഓട്ടമായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ പണം നേടാനുള്ള വ്യഗ്രതയില്‍.. പലവട്ടം തട്ടി വീണു. എങ്കിലും എനിക്കെന്‍റെ ലക്‌ഷ്യം നിറവേറ്റണമായിരുന്നു.


പതര്‍ച്ചയോടെയെങ്കിലും മെല്ലെ മെല്ലെ പുരോഗതിയിലേക്ക് കാല്‍ വെക്കാന്‍ തുടങ്ങിയപ്പോള്‍ നിന്നെയോര്‍ക്കാന്‍ ഞാന്‍ വൈകി പോയി. അതൊരു വലിയ തെറ്റാണെന്നറിയാം.


ഇന്ന് ഞാന്‍ സ്വതന്ത്രനാണ്. മൂത്ത ചേച്ചിയുടെ വിവാഹം കഴിഞ്ഞു. അച്ഛന്‍ വരുത്തി വെച്ച കടങ്ങള്‍ എല്ലാം തീര്‍ത്തു. ഇന്നെനിക് ചുറ്റും മതില്‍ക്കെട്ടുകളില്ല.  അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവാസത്തിന്‍റെ ലോകം വെടിഞ്ഞു ഞാനിതാ നമ്മുടെ ഗ്രാമത്തില്‍ എത്തിയിരിക്കുന്നു.


ഇവിടെ എല്ലാമുണ്ട്. പഴയ ആ മൂവാണ്ടന്‍ മാവും പിന്നെ നമ്മള്‍ മീന്‍ പിടിക്കാറുള്ള ആ പുഴയും എല്ലാം...പിന്നെ നമ്മള്‍ പിരിയാന്‍ നേരം ഒരുമിച്ചു നട്ട ആ മന്ദാര തയ്യില്‍ ഇന്ന് നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു, നിന്‍റെ മനസ് പോലെ സുന്ദരമായ, നിഷ്ക്കളങ്കമായ വെള്ള  മന്ദാരപ്പൂക്കള്‍,.... എങ്കിലും എവിടെയും ഒരു ശൂന്യത തളം കെട്ടി നില്‍ക്കുന്നു. സുഹറാ ... അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ .........


എനിക്കറിയാം ഇനിയെന്നെ കാണാന്‍, എന്നോട് കൂട്ട് കൂടാന്‍ നീ വരില്ലെന്ന്.  പക്ഷെ എനിക്ക് നീ വേണം. ഇനിയുള്ള നാളുകളില്‍ എനിക്ക് തുണയായി എന്‍റെ മാത്രമായി നീ വേണം സുഹറാ...


ഇന്ന് ഞാന്‍ വരികയാണ്. നിന്നരികിലേക്ക്. എങ്കില്‍ പിന്നെ എന്തിനീ എഴുത്ത് എന്നാവും. വെറുതെ,... നീ കേട്ടാലും ഇല്ലെങ്കിലും എനിക്ക് എന്നോട് തന്നെ എല്ലാം ഏറ്റു പറയണം. അതിനു ഈ എഴുത്ത് സഹായിക്കുമെന്ന് തോന്നി.


ഇന്ന് ഞാന്‍ നിന്‍റെ മേല്‍ നിനക്കിഷ്ട്ടപ്പെട്ട മന്ദാരപ്പൂക്കള്‍ വിതറും. പിന്നെ നിന്നെ പുണര്‍ന്നു കിടക്കും. നമുക്കിടയില്‍ ആറടിക്കനത്തില്‍ ഖബരസ്ഥാനിലെ മണ്ണ് ഒരു പ്രതിബന്ധം സൃഷ്ട്ടിക്കും എന്നറിയാം. പക്ഷെ നിന്നിലലിയാനാണ് ഞാന്‍ വരുന്നത്. ജുമാഅത് പള്ളിയില്‍ നിന്നും  മറ്റൊരു ബാങ്ക് മുഴങ്ങും മുന്‍പേ നമ്മള്‍ ഒന്നാകും. നിന്നോടോരുമിച്ചു നമ്മള്‍ മാത്രമുള്ള ആരും ശല്യപ്പെടുത്താനില്ലാത്ത  ലോകത്തിലേക്ക്....