2012, ജനുവരി 8, ഞായറാഴ്‌ച

അറവുകാരന്‍

അബ്ദുക്കാ.... ഈ കന്നാലീനെ ഒന്നങ്ങുട് മാറ്റി കെട്ട്വോ”? അബ്ദു പെട്ടെന്നൊന്നു ഞെട്ടി. ചിന്തകളില്‍ നിന്നും യാഥാര്‍ത്യത്തിലേക്ക് പെട്ടെന്നൊരു മലക്കം മറിച്ചില്‍..... സൈദുവിന്റെ മകന്‍ ഷമീറാ വിളിച്ചത്. പോത്തുകള്‍ റോഡില്‍ വഴി മുടക്കി നില്‍ക്കുകയാണ്. അയാള്‍ വേഗം വയല്‍വരമ്പില്‍ നിന്നെഴുന്നേറ്റു പോത്തുകളെ തിരികെ പാടത്തേക്കിറക്കി. “നാളെ അറക്കാന്‍ ള്ളതാവും ലെ അബ്ദുക്കാ?". “ഉം”. ഒരു മൂളലില്‍ അബ്ദു ഉത്തരത്തിന്റെ ദൈര്‍ഖ്യം കുറച്ചു. “ഇങ്ങള് നാളേം കട തൊറക്ക്വാണോ? ഇങ്ങള് ഒരു വാപ്പേണോ മനുഷ്യാ. വല്ലാത്ത പടപ്പ് തന്നെ”.


ഒന്നും മിണ്ടാതെ, മനസ്സില്‍ നിന്നും നുരഞ്ഞു പൊന്തിയ ദേഷ്യം കണ്ടനാളത്തില്‍ തടഞ്ഞു. എന്തൊക്കെയോ പറയണമെന്നുണ്ട്. വേണ്ട. പറഞ്ഞാല്‍ പിന്നെ അതും കുഴപ്പമാകും. നായരുടെ ചായക്കടയില്‍ തുറക്കാന്‍ പറ്റിയ പരദൂഷണപ്പൊതി കിട്ടിയ വ്യഗ്രതയില്‍ അയാള്‍ ബൈക്കെടുത്തു കടന്നു പോയി.

അബ്ദു പിന്നെയും ചിന്തയിലാണ്ടു. നാളെ ഞാനെന്തിനു കട തുറക്കാതിരിക്കണം?? ഒരു രാജ്യദ്രോഹിയെ തൂക്കിലേറ്റുന്നതില്‍ ഞാന്‍ എന്തിനു 
 ഉത്കണ്ടപ്പെടണം ?? പക്ഷെ അവന്‍........ അവനെന്‍റെ രക്തത്തില്‍ കുരുത്തതല്ലേ എന്നോര്‍ക്കുമ്പോള്‍ മനസിന്‌ ഒരു വിങ്ങല്‍.,. പൊടി പിടിച്ച വിയര്‍പ്പുകണങ്ങള്‍ക്കിടയിലൂടെ കണ്ണുനീര്‍ തുള്ളി ഒഴുകുന്നുണ്ടോ?? ഇല്ല. ഞാന്‍ കരയില്ല. നാളെ ആതമാവ്‌ ഇല്ലാത്ത തണുത്ത വിറങ്ങലിച്ച ആ ശരീരം പുറത്തേക്കു കൊണ്ട് വരുമ്പോള്‍ അത് വാങ്ങാന്‍ പോലും ഞാന്‍ പോകില്ല. എനിക്കവനെ ഇനി കാണണ്ട. 

അഴുക്ക് പുരണ്ട കൈകള്‍ കൊണ്ടയാള്‍ മുഖം അമര്‍ത്തി തുടച്ചു. അവനു അര്‍ഹിക്കുന്ന ശിക്ഷ തന്നെയാ കിട്ടിയത്. പോത്ത് പാടത്തെ ചെളിയില്‍ പൂഴ്ന്നു കിടന്നു. തന്‍റെ തയമ്പ് വീണ കൈപ്പത്തിയിലെക്കയാള്‍ സൂക്ഷിച്ചു നോക്കി. അതില്‍ പൊടിമീശക്കാരന്‍ പയ്യന്‍റെ മുഖം തെളിഞ്ഞു.
അറവുകാരന്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു അയല്‍ക്കാരനോപ്പം അവള്‍ ഇറങ്ങിപ്പോയപ്പോഴും എനിക്കെന്‍റെ വാപ്പയെ മതിയെന്ന് പറഞ്ഞു തന്‍റെ അരയില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ ആ പൊടി മീശക്കാരന്‍ ചെക്കന്‍.

അവനെ മറ്റെന്തിനെക്കാളും സ്നേഹിച്ചു. തന്‍റെ  ഭാര്യ പോയത് പോലെ അവനും ഒരു നാള്‍ ഉമ്മയെ തേടി പോകാതിരിക്കാന്‍... സ്വാര്‍ഥമായ മോഹം. ഒരു നോട്ടം കൊണ്ട് പോലും അവനെ വേദനിപ്പിച്ചില്ല. മൊബൈലും ബൈക്കും വാങ്ങി കൊടുത്തപ്പോഴും അവന്‍റെ സന്തോഷം...  അതായിരുന്നു അയാളുടെയും സംതൃപ്തി.

പക്വതയില്ലാത്ത പ്രായത്തിന്‍റെ ചഞ്ചലമായ മനസ് അവനില്‍ വരുത്തുന്ന മാറ്റങ്ങള്‍ അയാള്‍ അറിഞ്ഞില്ല. മതത്തിന്‍റെ മഹത്വവും ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാനും മദ്രസാ പഠനം സഹായിക്കുമെന്ന് പല തവണ ഉപദേശിച്ചിട്ടും പോകാന്‍ അവന്‍ പണ്ട് മുതല്‍ക്കേ കൂട്ടാക്കുമായിരുന്നില്ല. പകരം മനസ്സില്‍ മത ഭ്രാന്ത്‌ നിറക്കുന്ന പ്രസംഗങ്ങള്‍ക്കും ചീത്ത കൂട്ടുകെട്ടുകള്‍ക്കും അവന്‍റെ ഭ്രമം പരതുകയായിരുന്നു. മതത്തെ സ്നേഹിക്കാന്‍ പഠിക്കുന്നതിനേക്കാള്‍ മറ്റു മതങ്ങളെ വെറുക്കാന്‍ പഠിച്ചു.

പിന്നെ പ്രായം ഞരമ്പുകളില്‍ ചോര തിളപ്പിച്ചപ്പോള്‍ വാക്കുകളില്‍ വര്‍ഗീയതയുടെ വിഷം ചീറ്റുന്നത് അയാള്‍ കണ്ടു. പക്ഷെ തന്നില്‍ നിന്നും അവനിലേക്ക്‌ ദൂരം കൂടാന്‍ തുടങ്ങിയിരുന്നു .പുതിയ ബന്ധങ്ങള്‍ പിറന്ന നാടിനെ പോലും വെറുക്കാന്‍ പഠിപ്പിച്ചു. ഇസ്ലാമിന്‍റെ പേരില്‍ വിഘടന വാദം വളര്‍ത്തുന്ന തീവ്രവാദത്തിന്‍റെ കണ്ണിയായി അവനും.

അള്ളാഹുവിനെ അറിയാത്തവന്‍ എങ്ങനെ ഇസ്ലാമാവും?? ശരിയായ മുസല്‍മാനു എങ്ങനെ കൂടപ്പിറപ്പിനെപോലെ കരുതേണ്ട മനുഷ്യരെയും  പിറന്ന നാടിനെയും  വെറുക്കാന്‍ കഴിയും? മനുഷ്യ രക്തം കൊണ്ട് പുതിയ ലോകം തീര്‍ക്കാന്‍ ഏതു വിശുദ്ദ ഗ്രന്ഥത്തിലാണ് ഉള്ളത്?? ... ഹാ... അതെങ്ങനെ... വിശുദ്ദ ഖുറാന്‍ വായിക്കാതവന് പ്രവാചകനെ കുറിച്ച് എന്തറിയാം??? എന്നിട്ടും വിശുദ്ദ യുദ്ദമെന്ന പേരില്‍ ഇറങ്ങി തിരിച്ചിരിക്കുന്നു.


രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെന്ന മഹാ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അയല്‍രാജ്യത്തെ ശത്രുക്കള്‍ക്ക്‌ ഏറ്റവും പ്രിയമായ ആയുധമാണല്ലോ മതം. അത് മനസിലാക്കാന്‍ അവനു കഴിയാതെ പോയി.

ഒരു വര്‍ഷം മുന്‍പ്‌ രാജ്യദ്രോഹക്കുറ്റത്തിനു അവന്‍ പിടിക്കപ്പെട്ടപ്പോള്‍ നെഞ്ചില്‍ ഒരു ഇടിവാള്‍ മിന്നി. മരണത്തെ മുഖാമുഖം കണ്ട നിമിഷം. സഹായിക്കാന്‍ അയല്‍പക്കത്തെ ജോസും വേണുവും തന്നെയേ ഉണ്ടായുള്ളു. പിന്നെ മതത്തെക്കാള്‍ മനുഷ്യന് മൂല്യം നല്‍കുന്ന കുറെ നല്ല മനസുകളുടെ കാരുണ്യത്തില്‍ വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചു വരവ്.
അറിയാതെയെങ്കിലും പറ്റിപ്പോയ പാപത്തിനുള്ള ശിക്ഷയായിരികാം ആ ദിവസം നല്‍കിയത്.

നേരം ഇരുട്ടി തുടങ്ങി. പോത്തുകളെയും കൊണ്ട് വീട്ടിലേക്കു നടക്കുമ്പോള്‍ മൊബൈലില്‍ ജമാലിനെ വിളിച്ചു. “ജമാലെ  നാളെ അഞ്ചു മണിക്ക് തന്നെ പോത്തിനെ വെട്ടണം. ഞാന്‍ വരുന്നില്ല. ഈയ് തന്നെ ചെയ്യണം.”


രാത്രി പിന്നെയും എന്തൊക്കെയോ അസ്വസ്ഥതകള്‍. തനിക്ക് ദുഖമില്ലെന്നു സ്വയം മനസിലുറപ്പിക്കാന്‍ ശ്രമിച്ചു. കിടക്കയില്‍ കിടന്നു തിരിഞ്ഞും മറിഞ്ഞും ഉറക്കം കിട്ടുന്നില്ല. പറമ്പില്‍ കെട്ടിയിട്ട പോത്തിനടുതെക്ക് അയാള്‍ നടന്നു. നാളെ അഞ്ചു മണിക്ക് തന്‍റെ മകന്‍റെ കഴുത്തില്‍ കൊലക്കയര്‍ മുറുകുമ്പോള്‍ ഇവിടെ ഈ മിണ്ടാപ്പ്രാണിക്കും അന്ത്യം. പോത്തുകളോട് ദയ തോന്നാന്‍ തുടങ്ങിയാല്‍ പിന്നെ കച്ചോടം നടക്കില്ല. അയാള്‍ തിരിഞ്ഞു നടന്നു. പിന്നെ വീണ്ടും കട്ടിലിലേക്ക്.

സമയം രാവിലെ  എട്ടുമണി. മുറ്റത്ത് ആളുകള്‍ നിറഞ്ഞു തുടങ്ങി. ചെറിയ ചെറിയ കൂട്ടങ്ങളില്‍ നിന്നും പതിഞ്ഞ സംസാരങ്ങള്‍. “ജമാലാത്രേ ആദ്യം കണ്ടത്..”  “അഞ്ചു മണിയോട് കൂടെയാണെന്നാ പറഞ്ഞു കേട്ടത് .” “എത്ര നല്ല മനുഷ്യനായിരുന്നു. ഹാ മനുഷ്യര്ടെ കാര്യൊക്കെ ഇത്രേയുള്ളൂ”.

കടപുഴകിയ നന്മ മരത്തിനു ചുറ്റും മതത്തിന്‍റെ നിറം കലരാത്ത കണ്ണുനീര്‍ ഉറ്റു വീഴുമ്പോള്‍ അങ്ങ് ദൂരെ............ ഒരു പാഴ്ക്കനി മരവിച്ച ചില്ലുപെട്ടിയിലേക്ക് സമയം കാത്തു കിടന്നു.    

6 അഭിപ്രായങ്ങൾ:

  1. വിനീത്, കഥ വായിച്ചു. സത്യം പറയട്ടെ, വിനീതിന്റെ കുരും കവിതകൊളോട് തോന്നിയ ഇഷ്ടം കഥയോട് തോന്നിയില്ല. അവസാനത്തെ പാരഗ്രാഫില്‍ മാത്രമേ കതയുല്ല്. ബാക്കിയൊക്കെ വെറും വിവരനമായിപ്പോയി. പക്ഷെ ശ്രമിച്ചാല്‍ നന്നാവും. നന്നാവാനുണ്ട്. ഒരുപാട്. എഴുത്ത് ഇവിടെ വച്ച് ഉപേക്ഷിക്കാനല്ല കൂടുതല്‍ നല്ല ശ്രമങ്ങലുണ്ടാവാന്‍ വേണ്ടിയാണ് പറഞ്ഞത് ഓ.കെ ?ശിവപ്രസാദിന്റെ കുരുംകഥകള്‍ ഒന്ന് വായിച്ചു നോക്കൂ. വളരെ കുറച്ചു വാചകങ്ങളില്‍ വലിയ ആശയത്തെ ഒളിപ്പിച്ച്ചിരിക്കുന്നത് കാണാം.

    മറുപടിഇല്ലാതാക്കൂ
  2. അറിയാം ടീച്ചര്‍...,... വിമര്‍ശനങ്ങള്‍ പുതിയൊരു വഴി തുറക്കും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. നന്ദി... അഭിപ്രായത്തിന്

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട്...

    സ്നേഹാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  4. വിനീതിന്റെ അബ്ദു .........ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ