2012, ജനുവരി 6, വെള്ളിയാഴ്‌ച

മന്ദാരപ്പൂക്കള്‍


സുഹറ....
എന്തെഴുതണം എന്നെനിക്കറിയില്ല. ഞാന്‍ നിനക്ക് കത്തെഴുതുന്നത് ആദ്യമല്ലേ. ഒരുമിച്ചു കളിച്ചു വളര്‍ന്ന നമ്മള്‍ തമ്മില്‍ കത്തിലൂടെ പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് എഴുതണമെന്ന് തോന്നി.

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോകുന്നത്. മണ്ണപ്പം ചുട്ടു കളിച്ചതും ഉണ്ണിപ്പുര കെട്ടിയതും തെക്കേ തൊടിയിലെ മൂവാണ്ടന്‍ മാവില്‍ മാമ്പഴം എറിഞ്ഞിട്ടു ഒരുമിച്ചു പകുത്തു തിന്നതുംഎല്ലാം... എല്ലാം ഇന്ന് ഓര്‍മയുടെ ചില്ല് ജാലകത്തിലൂടെ ഞാന്‍ കാണുന്നു. അതെന്നെ കൊതിപ്പിച്ചു കൊണ്ട് മാടി വിളിക്കുന്നു. പക്ഷെ ഇനിയുമൊരു തിരിച്ചു പോക്ക്, അത് സാധ്യമല്ലല്ലോ.


നിനക്കവിടെ സുഖമെന്ന് കരുതുന്നു. അല്ല, സുഖം തന്നെയായിരിക്കും. കാരണം നിന്റെ തട്ടം പിടിച്ചു വലിക്കാനും ചിത്രം വരയ്ക്കുമ്പോ പിന്നിലൂടെ വന്നു കണ്ണ് പൊത്താനും നിന്നരികില്‍ ഞാനില്ലല്ലോ.


അന്നൊരിക്കല്‍ ഒത്തു പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ കുഞ്ഞു പര്‍ദ്ദയില്‍ ഒളിപ്പിച്ചു എനിക്കായ് നീ കൊണ്ട് വന്നു തന്ന ആ അത്തര്‍ കുപ്പി ഇന്നും എന്റെ കയ്യില്‍ ഭദ്രമാണ്. പക്ഷെ അതിലെ അനുഭൂതി നിറയുന്ന ഗന്ധം ഇന്നില്ല. എന്നാലും എനിക്കത് ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ. നീ ആദ്യമായ്‌ എനിക്ക് നല്‍കിയ സമ്മാനമല്ലേ ...


പിന്നൊരിക്കല്‍ നിന്‍റെ നിറക്കൂട്ടുകളില്‍ ന്നിന്നും കറുത്ത ചായം കൊണ്ടെനിക്ക് മീശ വരച്ചതും ഒപ്പം എന്‍റെ നെഞ്ചില്‍ വെളുത്ത ചായം  തേച്ചതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. അന്നെനിക്ക് എന്താണ് നീ ഉദ്ദേശിച്ചത് എന്ന് മനസിലാവാതെ പോയി. നിന്നെ പോലെ കലാവാസനയും ഗഹനമായ ചിന്തകളും എനിക്ക് കൂട്ടില്ലായിരുന്നല്ലോ. പക്ഷെ പിന്നെ ഞാന്‍ മനസിലാക്കി അതിനര്‍ത്ഥം. കറുത്ത ചായത്തിന്‍റെ സ്ഥാനത്ത് കട്ടി മീശ വന്നപ്പോഴേക്കും മനസിന്‍റെ വെളുപ്പ്‌ നിറം മങ്ങാന്‍ തുടങ്ങിയിരുന്നു. 


ഒരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ. പ്രാരാബ്ദതിന്‍റെ വിള്ളല്‍ വീണു തകരാറായ കുടുംബം നോക്കാന്‍ എനിക്ക് നിന്നെ മറന്നു വിയര്‍പ്പ് പോലും സ്വതന്ത്രമായൊഴുകാന്‍ വിസമ്മതിക്കുന്ന പ്രവാസത്തിന്‍റെ മരുക്കാടിലേക്ക് യാത്രയാകേണ്ടി വന്നു. പിന്നെ ഓട്ടമായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ പണം നേടാനുള്ള വ്യഗ്രതയില്‍.. പലവട്ടം തട്ടി വീണു. എങ്കിലും എനിക്കെന്‍റെ ലക്‌ഷ്യം നിറവേറ്റണമായിരുന്നു.


പതര്‍ച്ചയോടെയെങ്കിലും മെല്ലെ മെല്ലെ പുരോഗതിയിലേക്ക് കാല്‍ വെക്കാന്‍ തുടങ്ങിയപ്പോള്‍ നിന്നെയോര്‍ക്കാന്‍ ഞാന്‍ വൈകി പോയി. അതൊരു വലിയ തെറ്റാണെന്നറിയാം.


ഇന്ന് ഞാന്‍ സ്വതന്ത്രനാണ്. മൂത്ത ചേച്ചിയുടെ വിവാഹം കഴിഞ്ഞു. അച്ഛന്‍ വരുത്തി വെച്ച കടങ്ങള്‍ എല്ലാം തീര്‍ത്തു. ഇന്നെനിക് ചുറ്റും മതില്‍ക്കെട്ടുകളില്ല.  അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവാസത്തിന്‍റെ ലോകം വെടിഞ്ഞു ഞാനിതാ നമ്മുടെ ഗ്രാമത്തില്‍ എത്തിയിരിക്കുന്നു.


ഇവിടെ എല്ലാമുണ്ട്. പഴയ ആ മൂവാണ്ടന്‍ മാവും പിന്നെ നമ്മള്‍ മീന്‍ പിടിക്കാറുള്ള ആ പുഴയും എല്ലാം...പിന്നെ നമ്മള്‍ പിരിയാന്‍ നേരം ഒരുമിച്ചു നട്ട ആ മന്ദാര തയ്യില്‍ ഇന്ന് നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു, നിന്‍റെ മനസ് പോലെ സുന്ദരമായ, നിഷ്ക്കളങ്കമായ വെള്ള  മന്ദാരപ്പൂക്കള്‍,.... എങ്കിലും എവിടെയും ഒരു ശൂന്യത തളം കെട്ടി നില്‍ക്കുന്നു. സുഹറാ ... അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ .........


എനിക്കറിയാം ഇനിയെന്നെ കാണാന്‍, എന്നോട് കൂട്ട് കൂടാന്‍ നീ വരില്ലെന്ന്.  പക്ഷെ എനിക്ക് നീ വേണം. ഇനിയുള്ള നാളുകളില്‍ എനിക്ക് തുണയായി എന്‍റെ മാത്രമായി നീ വേണം സുഹറാ...


ഇന്ന് ഞാന്‍ വരികയാണ്. നിന്നരികിലേക്ക്. എങ്കില്‍ പിന്നെ എന്തിനീ എഴുത്ത് എന്നാവും. വെറുതെ,... നീ കേട്ടാലും ഇല്ലെങ്കിലും എനിക്ക് എന്നോട് തന്നെ എല്ലാം ഏറ്റു പറയണം. അതിനു ഈ എഴുത്ത് സഹായിക്കുമെന്ന് തോന്നി.


ഇന്ന് ഞാന്‍ നിന്‍റെ മേല്‍ നിനക്കിഷ്ട്ടപ്പെട്ട മന്ദാരപ്പൂക്കള്‍ വിതറും. പിന്നെ നിന്നെ പുണര്‍ന്നു കിടക്കും. നമുക്കിടയില്‍ ആറടിക്കനത്തില്‍ ഖബരസ്ഥാനിലെ മണ്ണ് ഒരു പ്രതിബന്ധം സൃഷ്ട്ടിക്കും എന്നറിയാം. പക്ഷെ നിന്നിലലിയാനാണ് ഞാന്‍ വരുന്നത്. ജുമാഅത് പള്ളിയില്‍ നിന്നും  മറ്റൊരു ബാങ്ക് മുഴങ്ങും മുന്‍പേ നമ്മള്‍ ഒന്നാകും. നിന്നോടോരുമിച്ചു നമ്മള്‍ മാത്രമുള്ള ആരും ശല്യപ്പെടുത്താനില്ലാത്ത  ലോകത്തിലേക്ക്.... 

7 അഭിപ്രായങ്ങൾ:

  1. വളരെ മനോഹരമായിരിയ്ക്കുന്നു.......ഇനിയും എഴുതുക.....

    ശ്രീകുമാരന്‍ അങ്കിള്‍......

    മറുപടിഇല്ലാതാക്കൂ
  2. മന്ദാരപ്പൂക്കള്‍ എടുക്കാന്‍ മറക്കണ്ട..നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. ഹൃദയസ്പര്‍ശിയായ കഥാശൈലി! ഇനിയുമെഴുതുക.

    മറുപടിഇല്ലാതാക്കൂ
  4. പലരും എഴുതിയ വിഷയമാണെങ്കിലും നല്ല വായന സുഖം തന്നു എന്ന് പറയാം... നന്ദി...

    വ്യത്യസ്ത വിഷയവുമായി വീണ്ടും എഴുതുക....

    സ്നേഹാശംസകളോടെ...

    മറുപടിഇല്ലാതാക്കൂ