2014, ജനുവരി 29, ബുധനാഴ്‌ച

ശാസ്ത്രവും ഞാനും

ഏനാമാക്കല്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് .. 

ഉച്ചയൂണ് കഴിഞ്ഞു ആദ്യത്തെ പിരീഡ് ..

"ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണം പറഞ്ഞെ ഡാ.." 

എന്നും പറഞ്ഞോണ്ട് കടന്നു വരുന്ന സോഷ്യല്‍ ടീച്ചര്‍ . 

"കള്ളുംകുടം" എന്നു വിദ്യാര്‍ഥികള്‍ ബഹുമാനപൂര്‍വ്വം വിളിക്കുന്ന ആ 

ടീച്ചറുടെ പേര് ഇപ്പോഴും എനിക്കറിയില്ല .

ഇനി ടീച്ചര്‍മാരെ ഇരട്ടപ്പേര് വിളിച്ചു എന്ന കുറ്റത്തിന് എന്നെ ക്രൂശിക്കാന്‍ 

ആരും വരണ്ട.

ഈ പേരിന് എന്നെക്കാള്‍ പഴക്കമുണ്ട് . 

സീനിയേഴ്സ് തലമുറകളായി കൈമാറി തരുന്ന ചില സംഗതികളാണ് 

ഇതൊക്കെ .

വീണ്ടും ക്ലാസിലേക്ക് : ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണം 

പറഞ്ഞെ ഡാ എന്ന ചോദ്യത്തിന് ഒറ്റവാക്കിലാണ് ഞങ്ങള്‍ പഠിപ്പിസ്റ്റ് 

ആണ്‍പിള്ളാര്‌ ഉത്തരം നല്‍കാറ് .

"അറിയില്ല "

ഇനി അഥവാ അറിഞ്ഞാലും പറയില്ല. കാരണം ഒന്നാം ലോക 

മഹായുദ്ധത്തിന്റെ കാരണം പറഞ്ഞാ പിന്നെ അടുത്ത ചോദ്യം വരും. 

അതില്‍ പങ്കെടുത്തത് ആരൊക്കെ അതിന്‍റെ അനന്തര ഫലങ്ങള്‍ 

എന്തൊക്കെ . പിന്നെ ഇന്ത്യയുടെ നിലപാട് .. അങ്ങനെ പോകും ഒരു 

ഒരുമാതിരി കൂതറ ചോദ്യങ്ങള്‍. അതോടെ ആ പിരീഡ് അങ്ങനെ 

ചോദ്യോത്തര വേളയായി തീര്‍ന്നാല്‍ നഷ്ടം ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ 

തന്നെയല്ലേ.

അത്തരം ഒരു ബുദ്ധിമുട്ട് ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ത്യാഗം സഹിച്ചു 

ഞങ്ങള്‍ ആണ്‍കുട്ടികള്‍ സോഷ്യല്‍ പിരീഡിന്‍റെ പകുതി സമയവും 

നിന്നാണ് പഠിക്കാറു. പെണ്‍കുട്ടികള്‍ എല്ലാം മുടിഞ്ഞ 

പുസ്തകപ്പുഴുക്കള്‍ ആണെന്ന ആരുടെയോ കണ്ടെത്തലില്‍ ഈ ചോദ്യ 

ശരങ്ങള്‍ അവര്‍ക്ക്‌ നേരെ പായിക്കാറില്ല .

പാവം ടീച്ചര്‍.. കുറച്ചുനേരം ടെക്സ്റ്റ്‌ എടുത്തു വായിച്ചിട്ട് ഇടയ്ക്ക് ആ 

കണ്ണടയുടെ മുകളിലൂടെയൊരു നോട്ടമുണ്ട്. ആ ഒരൊറ്റ നോട്ടത്തില്‍ ഒരു 

ലോഡ്‌ പുച്ഛം ഞങ്ങടെ മുഖത്തേക്ക്‌ സെന്‍റ് ചെയ്യും.. 

ഇരിക്കെടാ എല്ലാം . 

പിന്നെ എന്തൊക്കെയോ പിറുപിറുക്കും .. അതുവരെയുള്ള ഉറക്കം 

പോയ വിഷമത്തില്‍ ഞങ്ങള്‍ ഇരിക്കും. 

അന്നും അത് തന്നെ സംഭവിച്ചു. എല്ലാറ്റിനേം ഇരിക്കാന്‍ ആജ്ഞാപിച്ചു 

ക്ലാസ്‌ തുടരുന്നതിനിടയിലാണ് ബാക്ക് ബഞ്ചില്‍ നിന്നും ഒരു ചടപടാ  

ശബ്ദം കേട്ടത് ..

സംഗതി മറ്റൊന്നുമല്ല. ലാസ്റ്റ്‌ ബഞ്ചില്‍ ഇതൊന്നും അറിയാതെ മാന്യമായി 

കിടന്നുറങ്ങിയ ഒരുത്തന്‍ ബഞ്ചില്‍ നിന്നും വീണതാ.. എല്ലാരും എണീറ്റ് 

നിന്ന മറയില്‍ കക്ഷി അസ്സലായി സമാധാനത്തോടെ 

കിടന്നുറങ്ങിയതായിരുന്നു . 

ക്ലാസില്‍ കൂട്ടച്ചിരി ..

അന്ന് ടീച്ചറുടെ ദേഷ്യം പിറുപിറുക്കലില്‍ നിന്നില്ല. എന്താണ്ടോക്കെയോ 

ബീപ് ബീപ് പറഞ്ഞു കക്ഷി .. ഇത്തവണ അവനെ മാത്രം 

എഴുന്നേല്പിച്ചു നിര്‍ത്തി .

ക്ലാസ്‌ ലീഡര്‍ക്ക് പണി കിട്ടിയ വിഷയത്തില്‍ ക്ലാസ്‌ റൂം ഏതാണ്ട് 

നിയമസഭാ സമ്മേളനത്തില്‍ എന്ന പോലെ ബഹളത്തില്‍ മുങ്ങി .


കിട്ടിയ ചാന്‍സില്‍ ലവ് ലെറ്റര്‍ കൊണ്ട് റോക്കറ്റ്‌ 

ഉണ്ടാക്കി വിടാനുള്ള ശ്രമത്തിലായത്കൊണ്ട് ശാസ്ത്ര പഠനത്തില്‍ 

പണ്ടേ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഞാനിതൊന്നും ശ്രദ്ധിച്ചില്ല .

. ഇന്ത്യ അന്ന് റോക്കറ്റ്‌ വിക്ഷേപണത്തില്‍ ഒരുപാട് പഴികള്‍ കേട്ട 

സമയം . നീതുവിനെ ലക്ഷ്യമാക്കി പറന്ന റോക്കറ്റ് ഒരു നിമിഷം എന്‍റെ 

കാല്‍ക്കുലേഷന്‍ തെറ്റിച്ചു .

ലക്‌ഷ്യം പിഴച്ചതിനാണോ കയ്യക്ഷരം ഇഷ്ട്ടാവാഞ്ഞിട്ടാണോ അതോ 

പൈങ്കിളി സാഹിത്യം പിടിക്കാഞ്ഞിട്ടാണോ എന്നറിയില്ല. അന്നാദ്യമായി 

കള്ളുംകുടം എന്നെ തല്ലി. 

ഒരു ശാസ്ത്രഞ്ജന്‍ അന്നവിടെ ആ ക്ലാസില്‍ മരിച്ചു വീണു ... 

ഇന്ന് ഇന്ത്യ ചൊവ്വയിലെക്കും ചന്ദ്രനിലെക്കും ഒക്കെ റോക്കറ്റ്‌ വിടുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ വീണ്ടും ഓര്‍മ്മകള്‍ ഒമ്പതാം ക്ലാസിലേക്ക്‌ കടന്നു ചെല്ലും ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ