സമയം ഇന്ന് പുലര്‍ച്ചെ ഏഴര ..
പല്ല് തേയ്ക്കും മുന്‍പേ എഫ ബിയില്‍ കയറി നോട്ടിഫിക്കേഷന്‍ നോക്കുന്നത് ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു .
അപ്പോഴാണ് പ്രിയ സുഹൃത്തിന്‍റെ അനുമോദന മെസേജ് ശ്രദ്ധയില്‍ പെട്ടത് ..
"നീ നന്നായി എഴുതുന്നുണ്ടല്ലോ ..
നിനക്ക് ഇതൊക്കെ ഒരു പുസ്തകത്തില്‍ എഴുതിയാലെന്താ .. "
ആദ്യം കേട്ടപ്പോ വല്ലാതങ്ങു സുഖിച്ചു എങ്കിലും അതിന്‍റെ ദ്വയാര്‍ത്ഥം മനസിലാക്കാന്‍ വൈകി പോയി ..
"ഈ ചളിയൊക്കെ കൊണ്ട് മോന്തപ്പുസ്തകത്തില്‍ തേയ്ച്ചു നാട്ടാരെ വെറുപ്പിക്കുന്നതിനു പകരം വല്ല നോട്ടു ബുക്കിലോ മറ്റോ എഴുതി സ്വയം ഇരുന്നു വായിച്ചു മടുത്താ പോരെടാ പുല്ലേ"
എന്നാകണം ലവള്‍ ഉദ്ദേശിച്ചത്.
എന്നിട്ടും എന്താ ഞാന്‍ നന്നാവാത്തെ എന്നല്ലേ ??
അതിനു പുറകില്‍ ഒരു കഥയുണ്ട് ...
*****************************ഒരു മുടിഞ്ഞ ആത്മകഥ *****************************
ഞാന്‍ പ്ലസ് ടൂ നു പഠിക്കുന്ന സമയം ..
("പഠിക്കുന്ന" എന്ന് വെച്ചതിനു "നുണയാ.." എന്ന് എന്നെ വിളിക്കരുത് )
അങ്ങനെ പഠിച്ചു പഠിച്ചു പഠിച്ചു ബോറടിച്ചപ്പോ എഫ് ബിയില്‍ പോസ്ടാന്‍ വേണ്ടി ആത്മകഥ പോലൊരു കഥ എഴുതാന്‍ തിരുമാനിച്ചു .
അങ്ങനെ ആത്മകഥ എന്നൊന്നും പറയാനില്ലെങ്കിലും അന്നും ചളിക്ക് ക്ഷാമമില്ലാത്തത് കൊണ്ട് ഒരു പേജ് നിറയെ കുറെ സെന്റിയും കുട്ടിസാഹിത്യവും ചേര്‍ത്ത് എഴുതിക്കൂട്ടി.
എന്‍റെ കലാസൃഷ്ടി വീട്ടുകാര്‍ ആരും കാണുന്നത് എനിക്ക് പിടിക്കില്ല.
കലാബോധം ഇല്ലെന്നേ .. ( ഞാന്‍ മാത്രം ഇങ്ങനായി ... )
ഞാനെന്തു സാധനം എവിടെ കൊണ്ട് വച്ചാലും വീട്ടിലെ സി ഐ ഡി ആയ ന്‍റെ ചേച്ചീടെ കയ്യില്‍ കിട്ടും.
ഹും. ഈ ച്യാച്ചി കാരണം കീറി കളഞ്ഞ ലവ് ലെറ്ററിനു കണക്കില്ല
അതുകൊണ്ട് എന്‍റെ മഹത്തായ ആ കലാസൃഷ്ട്ടിയെ നാലായി മടക്കി പോക്കറ്റില്‍ തിരുകിക്കൊണ്ട് ഞാന്‍ കളിക്കാന്‍ പോയി .
ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോ ചേട്ടനുമായി ഒന്ന് സ്നേഹപ്രകടനം നടത്തേണ്ടി വന്നു .
ഞാന്‍ പ്യാവം ആയതിനാല്‍ കിട്ടിയ ഇടിക്ക് ഒരു കണക്കും ഇല്ലാരുന്നു ..
പോരാത്തതിന് എന്‍റെ പേരില്‍ കള്ളക്കേസും പാസാക്കി പഹയന്‍ .
ചേട്ടനെ തല്ലിയ കുറ്റത്തിന് സുപ്രീം കോര്‍ട്ട് (അച്ഛന്‍ ) എന്‍റെ പേരില്‍ സ്വമേധയാ കേസെടുത്തു .
രണ്ടെണ്ണം ആ വകുപ്പിലും കിട്ടി .
സ്റ്റഡി ലീവ് ആയത് കൊണ്ട് പിറ്റേന്ന് നേരത്തെ എണീറ്റ് കുളിയും കഴിഞ്ഞു ഞാന്‍ കളിക്കാന്‍ പോയി .
ആ നേരത്താണ് ഈ എഴുത്ത് അലക്കാനിട്ട സൌസറില്‍ നിന്നും സി ഐ ഡി കണ്ടെടുക്കുന്നത് .
കിട്ടിയ പാടെ രണ്ടു തവണ വായിച്ചു നോക്കീട്ട് കക്ഷി പെരുമ്പറയും കൊണ്ടിറങ്ങി .
ഡും ഡും ഡും..
************************
എന്തൂട്ട് വല്യ കളിയായാലും നാല് മണിയായാ വയറ്റില് ബെല്ലടിക്കും.
ഉച്ചക്ക് കൂട്ടുകാരന്‍റെ വീട്ടീന്നു കോഴി ബിരിയാണി തട്ടിയത് കൊണ്ട് ഒരു ബെല്ലടി ഒഴിവാക്കിയിരുന്നു .
ഞാന്‍ വീട്ടിലെത്തിയപ്പോ ഉണ്ട് അമ്മ സെന്ടിയടിച്ചു തലയ്ക്കു കയ്യും വച്ചു ഇരിക്കുന്നു ..
ചേച്ചിയുടെ മുഖത്ത് പല പല ഭാവങ്ങള്‍ .
ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു സ്പെഷല്‍ ഭാവവും.
എന്തോ കെണി ആണെന്ന് മനസിലായി .
പക്ഷെ അമ്മ ??? അമ്മക്കെന്തു പറ്റി ?
വയറ്റില്‍ കൂട്ടമണി അടിച്ചപ്പോ ഈ ചിന്തകളോട് ഗുഡ് ബൈ പറഞ്ഞു ഞാന്‍ അടുക്കളയില്‍ കയറി.
ഒരു കുറ്റി പുട്ടും രണ്ട് ചെറുപഴവും അകത്ത് ചെന്നപ്പോഴാണ് അരികില്‍ എന്നേം നോക്കിക്കൊണ്ട് അമ്മ വന്നു നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നത് ..
കഴിഞ്ഞയാഴ്ച്ച ഞങ്ങള്‍ടെ വീട്ടിലെ ആടിനെ അറവുകാരന്‍ ആലിക്ക വാങ്ങി കൊണ്ട് പോകുമ്പോഴും അമ്മയുടെ മുഖത്ത് ഇതേ ഭാവമായിരുന്നു .
"എന്താ അമ്മേ.. ആരാ മരിച്ചേ ?? "
അവസാനത്തെ പുട്ടിനെയും വയറ്റിലേക്ക് പറഞ്ഞയക്കുന്നതിനിടയില്‍ കഷ്ട്ടപ്പെട്ട് ഞാന്‍ ചോദിച്ചു.
"മോനെ.. എന്നാലും നീ .. "
"എന്തൂട്ട് ?? "
എനിക്കൊന്നും മനസിലായില്ല
"ചേട്ടനോട് തല്ലുകൂടിയതിന്റെ പേരില്‍ നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കണേ ??
ചെറു പ്രായല്ലേ നീ ??
ഞങ്ങള്‍ ഇത്രേം നാള്‍ പോറ്റി വളര്‍ത്തിയത് ഇതിനായിരുന്നോ ??
പെറ്റ വയറിന്‍റെ വേദന നിനക്ക് മനസിലാകില്ല "
"അവസാനത്തെ ആ ഡയലോഗ് ഏതു സീരിയലിലെ ആണെന്നു എത്ര ആലോചിച്ചിട്ടും ഒരു പിടീം കിട്ടാതെ ഞാന്‍ ഒന്നൂടെ ചോദിച്ചു .
"എന്താ കാര്യം ? എന്തൂട്ടാ ഇപ്പൊ പ്രശ്നം ?"
അപ്പോഴേക്കും ച്യാച്ചി ഓടിവന്നു .
"ഡാ നിന്‍റെയൊരു ആത്മഹത്യാക്കുറിപ്പ് പോക്കറ്റീന്നു കിട്ടീലോ .. നീ ചാവാന്‍ പോവാ ലെ "
ങേ!!!
തിന്ന പുട്ട് വരെ ഞെട്ടിത്തരിച്ച നിമിഷം ...
" പിശാശേ അത് ഞാനൊരു കഥ എഴുതിയതാ ..
അതും ഇന്നലത്തെ അടിയും തമ്മില്‍ യാതൊരു ബന്ധവുമില്ല .."
എന്ത് പറഞ്ഞിട്ട് എന്താ കാര്യം.
പിന്നേം കേസ് സുപ്രീം കോടതിയില്‍ .
അവസാനം എനിക്ക് ഒരു ഉടമ്പടിയില്‍ ജാമ്യം ലഭിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ