2014 നവംബർ 18, ചൊവ്വാഴ്ച

നേരത്തെ എഴുന്നെല്‍ക്കാത്തത് എന്ത് കൊണ്ട് ??

പതിനൊന്നുമണിക്ക് പല്ല് തേയ്ച്ചാല്‍ എന്തെ വെളുക്കൂല്ലേ??
വൈകി എണീക്കണ കാര്യം പറയുമ്പോ എല്ലാര്‍ക്കും കലിപ്പാ എന്നോട്..
നിങ്ങക്കൊക്കെ പറഞ്ഞാ മതിയല്ലോ..
ഒരു ദിവസം നേരത്തെ എണീറ്റത് കൊണ്ട് മാത്രമാണ് എന്‍റെ ജീവിതം തന്നെ മാറി പോയത്.
ദാ.. ഒരു അനുഭവക്കുറിപ്പ്..
************************
അഞ്ചാം ക്ലാസ് കഴിഞ്ഞുള്ള വേനലവധി. ഞാനും ന്‍റെ ചേട്ടനും കൂടി ഒരുമിച്ചാണ് എന്നും കിടന്നുറങ്ങുന്നത്.
ചേട്ടന്‍ പണ്ടേ പൊട്ട പഠിപ്പാ... എത്ര വൈകി കിടന്നാലും നേരത്തെ എണീക്കും പഹയന്‍.
എണീക്കുന്നതില്‍ എനിക്ക് പരാതിയൊന്നും ഉണ്ടായിട്ടല്ല. പ്രശ്നം എന്താന്നു വച്ചാല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടെ പുതയ്ക്കാന്‍ എടുത്താ പൊങ്ങാത്ത ഒരു വല്യ കമ്പിളി പുതപ്പുണ്ട്.
കിടക്കാന്‍ നേരത്ത് നല്ല വൃത്തിയില്‍ മടക്കി വച്ചിട്ടുണ്ടാകും. പക്ഷെ പുലര്‍ച്ചെ ആകുമ്പോ കാബൂളിവാലയിലെ ജഗതീം ഇന്നസെന്‍റും ചെയ്യണ പോലെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് പറിച്ചു ആകെ അലങ്കോലമായിട്ടുണ്ടാകും.
അവസാനം എണീക്കുന്ന ആളുടെ ഡ്യൂട്ടിയാണ് ഈ കമ്പിളി പുതപ്പ് മടക്കി വെക്കല്‍. അതായത് എന്‍റെ പണി എന്ന് പ്രത്യേകം പറയണ്ടല്ലോ.
ചിന്തിക്കണം ഒരു പത്തു വയസുകാരന്‍ പയ്യനെ കൊണ്ടാണ് ഈ കഠിന ജോലി ചെയ്യിക്കുന്നത്.
ഒരിക്കലെങ്കിലും ഈ പണ്ടാരം മടക്കുന്ന ബുദ്ധിമുട്ട് ചേട്ടനും ഒന്നറിയണം എന്നു ഞാന്‍ തിരുമാനിച്ചു.
സാധാരണ അമ്മയുടെ കുറ്റിചൂല് കൊണ്ടുള്ള നില്‍പ്പാണ് ദിവസവും കാണാറ്..
നിങ്ങള് കരുതും എണീറ്റ പാടെ നീയെന്തിനാ മുറ്റത്ത് ഇറങ്ങി നില്‍ക്കുന്നെ എന്ന്.
അമ്മ മുറ്റമടിക്കാനല്ല സുഹൃത്തുക്കളെ എന്നെ അടിക്കാനാണ് കുറ്റിചൂലെടുക്കുന്നത്. 

അങ്ങനെ അന്ന് ഞാന്‍ ആദ്യമായി ചേട്ടനേക്കാള്‍ നേരത്തെ എണീറ്റു..
അന്നായിരിക്കണം പ്രഭാത സൂര്യന്‍റെ ഭംഗി ഞാന്‍ ആദ്യമായി ആസ്വദിക്കുന്നത്.
ആഹാ.. എന്ത് രസം എന്ത് രസം..
ഉദയസൂര്യ പ്രഭയില്‍ ആര്‍മാദിക്കാന്‍ മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോഴുണ്ട് അടുത്ത വീട്ടിലെ ഹൈദര്‍ ഇക്കയുടെ സൈക്കിള്‍ റോഡില്‍ ഇരിക്കുന്നു..
മനസ്സില്‍ ഒരഞ്ചാറ് ലഡ്ഡു ഒരുമിച്ചു പൊട്ടി.
സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു വരുന്നവന്, അതും സ്വന്തമായി ഒരു സൈക്കിള്‍ ടയര്‍ മാത്രമുള്ളവന് ഒരു സൈക്കിള്‍ ഇങ്ങനെ എന്നെ എടുത്തോ എന്നെ എടുത്തോ എന്ന് പറയാതെ പറഞ്ഞു ഇരിക്കണ കാണുമ്പോ തോന്നുന്ന എല്ലാര്‍ക്കും തോന്നണ ആ ലത് ഇല്ലേ.. ആ ലത് എനിക്കും തോന്നി.
എന്നെക്കാളും വല്യ സൈക്കിളില്‍ കയറി ഞാന്‍ ചെങ്കല്ല് വിരിച്ച റോഡിലൂടെ ചവിട്ടി.. സീറ്റിലേക്ക്‌ ഇരുന്നാല്‍ പെടലിലേക്ക് കാലെത്തില്ല. എന്നുകരുതി സീറ്റില്‍ ഇരുന്നു ചവിട്ടാതിരിക്കുന്നതെങ്ങനെ..
കയറി ഇരുന്നു.. ആഹാ.. എന്ത് സുഖം എന്തൊരു സുഖം... എന്നിട്ടും പൂതി തീര്‍ന്നില്ല.
ചെങ്കല്‍ റോഡില്‍ എട്ടിടാന്‍ ഒരു സാഹസിക ശ്രമം. എല്ലാ ഫ്രീക്കന്മാരുടെ സൈക്കിളിനും ബ്രേക്ക്‌ കാണില്ല എന്ന നഗ്ന സത്യം മനസിലാക്കും മുന്‍പേ ഞാന്‍ സ്പൈഡര്‍ മാനായി. വപ്പത്തണ്ട് പോലത്തെ എന്‍റെ കൈ ഒടിഞ്ഞു രണ്ടു പീസായി..
പിന്നെ രണ്ടു ദിവസം ഹോസ്പ്പിറ്റല്‍ അത് കഴിഞ്ഞു ഒന്നര മാസം എന്‍റെ വലതുകൈക്കുഞ്ഞിനെ തൊട്ടില് കെട്ടി താലോലിച്ചു നടക്കേണ്ടി വന്നു.
കരാട്ടെ പഠിച്ചു ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടണം എന്ന എന്‍റെ ജീവിതാഭിലാഷത്തിനു തിരശീല വീണത്‌ ദിങ്ങനെ
അച്ഛന്‍: "മോന് ബ്ലാക്ക് ബെല്‍റ്റ്‌ അച്ഛന്‍ ഇന്ന് തന്നെ വാങ്ങി തരാം... പിന്നെ കരാട്ടെ കൂടെ പഠിക്കാന്‍ പോയിട്ട് ഇനീം എല്ലിന്‍റെ എണ്ണം കൂട്ടണ്ട. ഒടിയുമ്പോ ഒടിയുമ്പോ പശ വെച്ച് ഒട്ടിക്കാന്‍ പറ്റണ സാധനല്ല ഈ കയ്യ്"
ഇനി നിങ്ങള് പറ.. ഞാന്‍ വൈകി എണീക്കുന്നത് ഒരു തെറ്റാ ???

2014 ഫെബ്രുവരി 27, വ്യാഴാഴ്‌ച

കുരുത്തക്കേട്സ് ..

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫെബ്രുവരി മാസത്തിലെ ഏതോ ഒരു  മുടിഞ്ഞ ദിവസം

"ഡാ പിള്ളാരെ.. തീ കൊണ്ട് കളിക്കണ്ട്രാ.. "

അടുക്കളയില്‍ നിന്നും ഗീത ചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു .
.
.
.


ഓ സില്ലി ഉപദേശംസ് .. ആര്‍ക്കു വേണം..
.
.

വിശാലമായി കിടക്കുന്ന പറമ്പിലെ ഉണങ്ങിയ മാവില മുഴുവനും കത്തിക്കാനുള്ള  തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍ ..

ഞങ്ങള്‍ എന്ന് പറഞ്ഞാ  ഒപ്പം രണ്ടു കുരുത്തം കെട്ടവന്മാര്‍ കൂടി ഉണ്ടായിരുന്നു .

ഗിരീഷും ഗൌതുവും ..

എന്‍റെ ബാല്യകാല സഖന്‍സ്‌..

ഇവന്മാരുടെ അമ്മവീട്ടില്‍ ആണ് കലാ പരിപാടി ..

പ്ലാസ്റ്റിക്  കവര്‍  കത്തിച്ചാല്‍ തീ  നെയ്യുരുകി വീഴും പോലെ തുള്ളികള്‍ ആയി വീഴും.

അങ്ങനെ കത്തിക്കാന്‍ നല്ല രസമാണ് ..

എന്‍റെ വലിയ കണ്ടെത്തലിന് സഖന്മാരുടെ സപ്പോര്‍ട്ട് കൂടിയായപ്പോള്‍ അതങ്ങു പ്രയോഗികമാക്കുന്ന തിരക്കില്‍ ആയിരുന്നു ഞങ്ങള്‍ ..
.
.

കൊന്നവടിയില്‍ പ്ലാസ്റ്റിക്‌ കവര്‍ ചുറ്റി തീ കൊളുത്തിയിട്ടു കൂടിക്കിടക്കുന്ന ചവറു കത്തിച്ചു രസിക്കുകയാണ് ഞങ്ങള്‍.

ഇതിനിടയില്‍ വടി പുറകില്‍ പിടിച്ചു എന്താണ്ടോ ഉടായിപ്പ് ആലോചിച്ചു
നിന്ന ഗൌതു തന്‍റെ  പുറകു വശത്തു നിന്ന് ചൂട് കൂടുതല്‍
അനുഭവപ്പെടാന്‍ തുടങ്ങിയപ്പോഴാണ് തിരിഞ്ഞു നോക്കുന്നത് .


വിറകു പുര മേയാന്‍ വാങ്ങി അടക്കി വച്ചിരുന്ന ഓലക്കെട്ടുകളില്‍  തീ പിടിച്ചതാ.

രണ്ടാള്‍ പൊക്കത്തില്‍ തീ യാളി ..
കപ്പ് കൊണ്ട് വെള്ളം കോരിയൊഴിച്ചിട്ടോന്നും ഒരു രക്ഷയുമില്ല..
ആളു കൂടും എന്ന് തോന്നിയതോടെ ഞാന്‍ വലിഞ്ഞു..


അന്ന് നമ്മള് ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി ഒന്നും പഠിച്ചിട്ടില്ലലോ . അതോണ്ട്  സ്വന്തം സേഫ്റ്റി മാത്രേ നോക്കിയുള്ളൂ .. 


വീട്ടില്‍ പോയി ചൂടു പാലുംവെള്ളം മോന്തിക്കൊണ്ടിരിക്കുന്ന നേരത്ത് അച്ഛന്‍ ഓടിപ്പാഞ്ഞു വന്നു..

മിക്സ്ചര്‍ പാക്കറ്റ്‌ ഉപേക്ഷിച്ച് എനിക്ക് ഓടാന്‍ സമയം കിട്ടിയില്ല. അതിനു മുന്‍പേ എല്ലാം കഴിഞ്ഞു ..


 90 decibel നും ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയപ്പോഴാണ് തല്ല് നിര്‍ത്തിയത് ..

ശബ്ദമലിനീകരണനിയന്ത്രണം.. 

***************************


അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു .

ഈ സംഭവത്തോടെ സഖന്മാരോട് തല്‍ക്കാലം സുല്ല് പറഞ്ഞു അടുത്ത പടയുമായി തൊട്ടടുത്ത തറവാട്ടമ്പലത്തിലെ പൂരം കാണാന്‍ പോയി ..

 വെടിക്കെട്ടിന് സമയം അടുക്കുന്നു .. ഒരുപാട് കദനക്കുറ്റികള്‍ നിരത്തി വച്ചിട്ടുണ്ട് ..

അങ്ങനെ ഒരുപാട് എന്ന് പറഞ്ഞാ ഒരു കണക്ക് ആവില്ലല്ലോ. കൃത്യം എത്രയെണ്ണം എന്നറിയണം ..

നേരെ അതിനരികിലെക്ക് ചെന്നു..

 കണക്ക് പഠിപ്പിച്ച ബീന ടീച്ചറെ മനസ്സില്‍ ധ്യാനിച്ച്‌  എണ്ണാന്‍ തുടങ്ങി . .
.
.
ഒന്ന് .. രണ്ട്.. മൂന്ന്... 

ഇടയ്ക്കു പുറകില്‍ നിന്നും ഒരു ശബ്ദം..
.
.
.
ദാണ്ടെ നില്‍ക്കുന്നു വില്ലന്‍.. സോറി അച്ഛന്‍..

പിന്നെ സൂപ്പര്‍ സീന്‍ ആയിരുന്നു ..

പടയപ്പയിലെ രജനീകാന്തിനെ പോലെ അച്ഛന്‍..

 അതിലെ കുതിരയെ പോലെ ഞാന്‍..

പക്ഷെ ചാട്ടയ്ക്ക് പകരം പച്ചീര്‍ക്കില്‍ ആയിരുന്നു എന്ന് മാത്രം..

അമ്പലപ്പറമ്പ് മുതല്‍ വീട് വരെ ഓടിച്ചിട്ട്‌ തല്ലി..
****************************

അതേ അമ്പലത്തില്‍ ഇക്കഴിഞ്ഞ പൂരത്തിന് ഇതൊക്കെ ഓര്‍ത്തുകൊണ്ട് നില്ക്കുമ്പോഴുണ്ട് ഒരു ചികിട് പയ്യന്‍ കദനക്കുറ്റികള്‍ എണ്ണിക്കൊണ്ട് നടക്കുന്നു ..

ഒന്ന്.. രണ്ട്.. മൂന്ന്... 

******************************


ലോകം എത്ര വികസിച്ചാലും കാലം എത്ര മാറി മറിഞ്ഞാലും "ഈ വക കുരുത്തം കെട്ടവന്മാര്" എന്നും കാണും.. എവിടെയും.. 

2014 ഫെബ്രുവരി 3, തിങ്കളാഴ്‌ച

കൊട്ടേഷന്‍

രംഗം 1:


സമയം 9.30AM

പതിവ് പോലെ കൃത്യ സമയത്ത്  ഓഫീസ്‌ തുറന്നു സാറിന്‍റെ  കാബിനിലെ കൃഷ്ണ വിഗ്രഹത്തിനു മുന്‍പില്‍ വിളക്ക് തെളിയിച്ചു തട്ടില്‍ നിന്നും ഒരു നുള്ള് ഭസ്മം നെറ്റിയില്‍ തൊട്ടു  പ്രാര്‍ത്ഥന തുടങ്ങി.
 ആദ്യത്തെ ഒന്നര പേജ് പരാതികള്‍ക്ക്‌ ശേഷം അടുത്തത് ഇന്നത്തെ  സുപ്രധാന ആവശ്യങ്ങളുടെ പേജ് കണ്ണടച്ച് വായിച്ചു  ..

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ഇതായിരുന്നു .

"ഭഗവാനെ ഇന്ന് സാറിന്‍റെ എറണാകുളം യാത്ര ട്രെയിനില്‍ ആകരുതേ ..
സ്വന്തം കാറെടുത്ത് പോകാന്‍ അദ്ദേഹത്തിനു മനസുണ്ടാകണേ .."

മറ്റൊന്നും കൊണ്ടല്ല  . തൃശൂരില്‍ നിന്നും എറണാകുളം വരെയുള്ള രണ്ടു മണിക്കൂര്‍ യാത്രയില്‍  ഒരു നാല്പതു തവണയെങ്കിലും ഉള്ള വിളി നേര്‍ പകുതിയായെങ്കിലും കുറയണമെങ്കില്‍ അദ്ദേഹം സ്വന്തം വണ്ടിയോടിച്ചു തന്നെ പോകണം.. "

ആദ്യത്തെ പാര (ഗ്രാഫ് ) വായിച്ചു ആശ്ചര്യ ചിഹ്നത്തില്‍ വിരലമര്‍ത്താനും അന്തം വിട്ടിരിക്കുന്ന സ്മൈലി കമന്റാനും വരട്ടെ പ്രിയ സുഹൃത്തുക്കളെ..


ഇതൊന്നും ചെയ്യുന്നത് ഞാനല്ല. ഞങ്ങളുടെ ഓഫീസിലെ ഫ്രണ്ട്‌ ഓഫീസ്‌ സ്റ്റാഫ്‌ ശ്രുതി . അവള്‍ക്ക്‌ ജോലി ഒഴിഞ്ഞ സമയമില്ല.

മുന്‍പ്‌ എപ്പോഴും സര്‍ ചീത്ത പറയുന്നത് ഓര്‍ത്ത്‌ ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ ഇപ്പൊ അവള്‍ടെ കാര്യത്തില്‍ സാറിനു ആണ് ടെന്‍ഷന്‍.

 ചീത്ത പറയാന്‍ വാ തുറക്കും മുന്‍പേ അവള്‍ രണ്ട് ലിറ്റര്‍ കണ്ണീരോഴുക്കും. അതോടെ സാറ് ഫ്ലാറ്റ്‌.



അതേ സമയം തൃശൂരില്‍ നിന്നും ഏതാണ്ട് ഇരുപത്തിമൂന്നു കിലോസ്‌ അകലെ തൊയക്കാവ് എന്ന ഗ്രാമത്തിലെ ഒരു കൊച്ചു വീട്ടില്‍ ഇന്നലെ എവിടെയോ മറന്നു വെച്ച ബ്രഷ് തിരഞ്ഞു നടക്കുകയായിരുന്നു കഥാ നായകന്‍ ..

 ഒടുവില്‍,
 പുറത്തെ ഗോവണിയില്‍ നിന്നും കണ്ടു കിട്ടിയ ആ ബ്രഷില്‍ അല്പം പേസ്റ്റെടുത്തു ചറപറ തേച്ചുകൊണ്ട്  അടുത്ത അധ്യായത്തിലേക്ക് കാലെടുത്തു വച്ചപ്പോഴാണ് അവന് ആ ക്ലോസറ്റ്‌ മോറന്‍ എം ഡി യെ ഓര്‍മ്മ വന്നത് ..

തൃശൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ എം ഡി. ശ്രീ @!#$@#%#$^%


ഒരു പ്രത്യേക സ്വഭാവമാണ് കക്ഷിക്ക്‌ .
ചില നേരത്ത് ബാലരമയിലെ പുട്ടാലുവിനെ പോലെ  "ബുഹുഹാഹാ" എന്ന് ചുമ്മാ ഇരുന്നു ചിരിക്കുന്നത് കാണാം..
ചിലപ്പോ  ഏനാമാവ് ബണ്ടിലെ ഷട്ടര്‍  പോലെ  വാ പകുതിയടച്ച്‌ കാബിനിലെ റോളിംഗ് ചെയറില്‍ ഇരുന്നു ഉറങ്ങുന്നുണ്ടാകും.. അതുമല്ലെങ്കില്‍  മുടിഞ്ഞ ഗൌ ആണ് ..

അങ്ങേരുടെ ആ വായ്  ഓര്‍മ്മ വരുമ്പോഴാണ് പല്ല് തേയ്ക്കുന്നത്‌ നമ്മുടെ ആരോഗ്യത്തിനു മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യത്തിനും നല്ലതാണ് എന്ന ചിന്ത വരുന്നത് തന്നെ.


കുറെ നാളായി ഈ ഗഡിക്ക് ഒരു കൊട്ടേഷന്‍ കൊടുക്കാന്‍ ഞാന്‍ തക്കം പാര്‍ത്തു നടക്കുന്നു.

തല്ലാനല്ലട്ടാ  .. മ്മടെ സീ സീ ട്ടീ വി ടെ കൊട്ടേഷനാ ..  ഏതാണ്ട് പത്തോളം ബ്രാഞ്ചുകള്‍ ഉണ്ടേ.. കിട്ടിയാല്‍ കോളാ ..

കഴിഞ്ഞ ആഴ്ച പോയപ്പോ ഈയാഴ്ച വരാന്‍ പറഞ്ഞു. ഇന്ന് എന്തായാലും പോയെ പറ്റൂ..


ഉടന്‍ കട്ടിലില്‍ നിന്നും സാംസനെ എടുത്തു രണ്ട് തോണ്ട്.
 മൂന്നാമത്തെ റിങ്ങില്‍  ശ്രുതി ഫോണ്‍ എടുത്തു


"ശ്രുതീ... ഗുഡ്‌ മോണിംഗ് "


"ഓ നല്ല വാക്കായി അത് മാത്രല്ലേ ഉള്ളൂ.. നീ പണി തരാന്‍ വിളിച്ചതാവും.." 



"ഗൊച്ചു ഗള്ളീ മനസിലായല്ലേ.. 

ഇതങ്ങനെ വല്യ പണിയൊന്നുമില്ല ന്നേ  . ഞാന്‍ ഒരു കൊട്ടേഷന്‍ തയ്യാറാക്കി ഡസ്ക്ടോപ്പില്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. അത് ഇപ്പൊ തന്നെ പ്രിന്‍റ് എടുത്ത് ഒരു എന്വലപ്പില്‍ ആക്കി അഡ്രസ്‌ എഴുതി വെക്കണം. എനിക്ക് വന്നിട്ട് നൂറു കൂട്ടം പണിയുള്ളതാ. അതോണ്ടാ.. അല്ലേല്‍ ഞാന്‍ തന്നെ ചെയ്തേനെ"


"പോടാ എനിക്കിവിടെ ഒരു ലോഡ്‌ പണി തന്നിട്ടാ അങ്ങേരു എറണാകുളം പോകുന്നെ.. അതിനിടയിലാ ഇത്." 


"പ്ലീസ്‌ ഡീ.. ഞാന്‍ വരുമ്പോ ലേറ്റാകും..
 ഇപ്പൊ ഒരു കസ്റ്റമരെ വെയ്റ്റ്‌ ചെയ്തിരിക്ക്യാ... അതോണ്ട..

 ഇത് സിമ്പിള്‍ അല്ലെ.. 

ഡസ്ക് ടോപ്പിലെ ആ  ഫയല്‍ തുറക്കുന്നു, 

കണ്ട്രോള്‍ പി അമര്‍ത്തുന്നു,

 എന്‍റര്‍ അടിക്കുന്നു ... 

പ്രിന്‍റ് എടുത്തു മടക്കി എന്വലപ്പില്‍ ആക്കി അഡ്രസ്‌ എഴുതുന്നു.. 

അത്രേ ഉള്ളൂ.  

നിന്‍റെ കയ്യക്ഷരത്തില്‍ എഴുതിയാ പിന്നെ സംഗതി നമുക്ക്‌ തന്നെ കിട്ടും ന്നെ.. അതോണ്ടല്ലേ.. പിന്നെ പ്രിന്‍റ് കമ്പനി ലെറ്റര്‍ പാഡില്‍ തന്നെ എടുക്കണേ.." 



"മതീ ഡാ സുഖിപ്പിച്ചത്.. ആ റോയ്‌ കാലത്തെ തന്നെ തിരക്കിട്ട്  എന്താണ്ടോക്കെയോ നോക്കി പ്രിന്‍റ് എടുക്കുന്നുണ്ട്.. അത് കഴിഞ്ഞിട്ട് മതിയാ ?"


"ഏയ്‌. ഇത് ആദ്യം ചെയ്യ് ..  അവന്‍ ആ  ഇന്‍റര്‍കോം ന്‍റെ പ്രോഗ്രാം പ്രിന്‍റ് എടുത്തു വക്കുന്നതാകും. എല്ലാരോടും ഓരോ പ്രോഗ്രാം ഗൈഡ്‌ കയ്യില്‍ വെക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനി സൈറ്റില്‍ പോയി പ്രോഗ്രാം ചോദിച്ചു എന്നെ ആരും ബുദ്ധിമുട്ടിക്കാന്‍ വരരുതല്ലോ.."



"ഓ അല്ലേലും നാട്ടിലെ പ്രോഗ്രാംസ് അല്ലാതെ ഇന്റര്‍കോം ന്‍റെ പ്രോഗ്രാം  അറിയാന്‍ നിന്നെ വിളിച്ചിട്ട് ഒരു കാര്യോല്യ..." 

ഹും.. കാര്യം നടക്കേണ്ടത് എന്റെയല്ലേ അതോണ്ട് മറുപടി ഒന്നും പറയാതെ  ഒരു വളിച്ച ചിരി പാസാക്കി ഞാന്‍ ഫോണ്‍ വച്ചു..



*************************
രംഗം  രണ്ട്  
*************************


ധനകാര്യ സ്ഥാപനത്തിന്‍റെ തലയാപ്പീസ് .

"സര്‍.... 

ഗുഡ്‌ ആഫ്റ്റര്‍ നൂണ്‍.. ഞാന്‍ .."



"ആ മനസിലായി. കാമറയുടെ ലെ... ഇങ്ങനെ റേറ്റ്‌ ഇട്ടാ മ്മക്ക് താങ്ങൂല  മോനെ "

"പുതിയ കൊട്ടേഷന്‍ കൊണ്ട് വന്നിട്ടുണ്ട് സര്‍ " 

"ഉം.. "


എന്വലപ്പില്‍ നിന്നും വൃത്തിയായി മടക്കിയ കൊട്ടേഷന്‍ അയാള്‍ പുറത്തെക്കെടുത്തു .. കട്ടിക്കണ്ണടയിലൂടെ അതിലേക്ക് അതീവ ശ്രദ്ധയോടെ നോക്കി...

റേറ്റ്‌ അല്‍പ്പം കുറച്ചാ ഇട്ടിരിക്കുന്നെ. ഇങ്ങേരു എന്തായാലും വില പേശും എന്നറിയാവുന്നത് കൊണ്ട് തന്നെ മുന്‍പ്‌ കൊടുത്ത വില ലേശം കത്തി ആയിരുന്നേ .



"സര്‍.. 

വില നമ്മള്‍ കഴിഞ്ഞ ആഴ്ച സംസാരിച്ചത് പ്രകാരം കുറച്ചു തന്നെയാണ് ഇട്ടിരിക്കുന്നത്. വളരെ ചെറിയ മാര്‍ജിനില്‍ ആണ് ചെയ്യുന്നത് സര്‍ ..

 എല്ലാ ബ്രാഞ്ചസിലും  ചെയ്യുന്ന സ്ഥിതിക്ക്... "


ഞാന്‍ പറഞ്ഞു തീരും മുന്‍പേ ക്ലോസറ്റ് വായന്‍ ഷട്ടര്‍ തുറന്നു... ഉറക്കെ അട്ടഹസിക്കാന്‍ തുടങ്ങി.


ങേ!! വില കണ്ടാല്‍ മാക്സിമം തല കറങ്ങും എന്നതിനപ്പുറം വട്ടായി ചിരിക്കുന്നത് ആദ്യമായാ ഞാന്‍ കാണുന്നെ.. ഈ ചിരിയില്‍ സ്ട്രോങ്ങ്‌ റൂമിലിരിക്കുന്ന അലാം അടിക്കുമോ എന്തോ ..

 ഞാന്‍ ഉള്ളില്‍ ചിരിച്ചു .

ചിരിയുടെ ബ്രേക്ക്‌ ബ്രോക്ക് ആയതിനാലാവണം അയാള്‍  മാനേജരെ മാടി വിളിച്ചു..



"ഡോ ജോസെ.. നീയീ കൊട്ടേഷന്‍ കണ്ടാ.. മ്മക്ക് ഡിസ്കൌണ്ട് ചെയ്തു തരാന്ന് പറയുന്നുണ്ട്രാ... "


ചിരിക്കിടയില്‍ അയാളത് പറഞ്ഞൊപ്പിച്ചപ്പോ ശ്വാസം മുട്ടിയത്‌ എനിക്കായിരുന്നു .

ആ പേപ്പര്‍ മാനേജര്‍ക്ക്‌  നീട്ടിക്കൊണ്ട് അയാള്‍ ചിരി തുടര്‍ന്നു ...


ആദ്യം ഒരു അമ്പരന്നെങ്കിലും ചിരിയുടെ കാര്യത്തില്‍ എം ഡി യെ കടത്തി വെട്ടുന്ന തെണ്ടി ആയിരുന്നു ജോസ്‌ ..

 മാനേജരില്‍ നിന്നും കൊട്ടേഷന്‍ പേപ്പര്‍  മറ്റു ഭൂതഗണങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.. അവിടെ കൂട്ടച്ചിരിയായി.. ഏതാണ്ട് ഫ്രണ്ട്സ്‌ സിനിമയിലെ പോലെ ..

എ സി യുടെ കുളിരിലും ചെറുതായി വിയര്‍ക്കുന്നുണ്ടോ ???

എന്തോ എവിടെയോ പാളി എന്ന് മനസിലായതോടെ  ഒന്നും പറയാന്‍ നില്‍ക്കാതെ ഞാന്‍ തിരികെ നടന്നു.. പോകും വഴി വാതില്‍ക്കല്‍ വച്ച് ആ മാനേജര്‍ കൊട്ടേഷന്‍ എനിക്ക് തിരികെ തന്നു.

"ഞങ്ങള്‍ക്ക്‌ വീട്ടിലും വച്ച് തരണേ"
 ആപ്പീസിലെ  ക്ലര്‍ക്കികള്‍ രംഭയും തിലോത്തമയും രണ്ടു കപ്പ്  ചിരി മിക്സ് ചെയ്തു  കമന്റടിച്ചു   .

"ഉം.. നിനക്കൊക്കെ വീട്ടിലെ ബാത്ത് റൂമില്‍ വച്ച് തരാമെടീ"
 എന്ന് ഞാന്‍ ഉറക്കെ വിളിച്ചു  പറഞ്ഞു ..

ബട്ട്‌ നാവു പണി മുടക്കിയത് കൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല .



ശര വേഗത്തില്‍ പുറത്തു കടന്നു ആ പേപ്പര്‍ തുറന്ന ഞാന്‍ ഒരു നിമിഷം സ്തബ്ധനായി ..


"മൈ ലോര്‍ഡ്‌ ഡിങ്ക !! വാട്ട് ഈസ്‌ ദിസ്‌ ????"



ഹെഡിംഗ് : തലശ്ശേരി ദം ബിരിയാണി .
_____________________________________


വേണ്ട സാധനങ്ങള്‍:
____________________

 ..............
....................
....................
..................
..........................

ഉണ്ടാക്കുന്ന വിധം:
____________________

............................
.........................
.......................


***********************************
ഫ്ലാഷ് ബാക്ക് :
***********************************

 സമയം 9.40AM

നെറ്റിലെ ഏതോ സൈറ്റില്‍ കയറി ഓരോ ഫുഡ്‌ റെസിപ്പീസ് പ്രിന്‍റ് എടുക്കുകയായിരുന്നു ഓഫീസിലെ പുതിയ ടെക്നീഷ്യന്‍  മിസ്റര്‍ റോയ്‌ .

അതിനിടയില്‍ എ ഫോര്‍ ഷീറ്റ് തീര്‍ന്നതിനാല്‍ പ്രിന്‍ററില്‍   ദം ബിരിയാണിയുടെ റെസിപ്പീ വെയ്റ്റിംഗ് ലിസ്റ്റില്‍ കിടന്നു ..

അവനെ എങ്ങോട്ടോ എന്താണ്ടോ സൈറ്റിലേക്ക് വര്‍ക്കിനു വിട്ടു നമ്മുടെ കഥാ നായിക ലെറ്റര്‍ പാഡില്‍ നിന്നും പേപ്പര്‍ എടുത്തു വച്ചു കൊട്ടേഷന്‍ പ്രിന്‍റ് കൊടുത്തു .

ആദ്യം ക്യൂവില്‍ നിന്ന ദം ബിരിയാണി ആദ്യം പോന്നു. ബാക്കി ചിന്തനീയം ..


ശുഭം
 ***

2014 ജനുവരി 31, വെള്ളിയാഴ്‌ച

ന്യൂ ജെന്‍

കഴിഞ്ഞ ജന്മദിനത്തിന്റെ അന്ന് ..

വെര്‍തെ ഓര്‍മ്മകള്‍ അയവിറക്കാം എന്ന നിഷ്കളങ്കമായ ചിന്തയിലാണ് മുന്‍പ്‌ പഠിച്ച ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഏരിയയില്‍ ഒന്ന് കറങ്ങാന്‍ പോയത് . 

"ഹേ ...... പീ .............. ബേ .... ഡേ.. ബ്രോ .. "

പെട്ടെന്നൊരു ന്യൂ ജെന്‍ അശരീരി .. 

തിരിഞ്ഞു നോക്കിയപ്പോ കണ്ടത് അതിഫീകര കാഴ്ച ..

ഒരു നത്തോലി ചെക്കന്‍

കാലില്‍ കാന്‍വാസ് ഷൂ .. അതും പച്ച . നല്ല മഞ്ഞ പാന്‍റ്സ് .. പശു നക്കിയ പോലത്തെ മുടി.

ബ്ലാക്ക്‌ ടീഷര്‍ട്ടില്‍ ഒരു മാതിരി ഡിസൈന്‍

പിന്നേ അതിനിടയില്‍ വെളുത്ത കൂട്ടക്ഷരത്തില്‍ എഴുതിയത് വായിച്ചപ്പോ കിളി പാറി

"F***********K YOU"

പിന്നൊരു കൈ ചിഹ്നവും ..

അതെങ്ങനാന്നു പറയണ്ടല്ലോ ..

"നീയേതാടാ ??"

"എന്തൂട്ട് ചോദ്യ ബ്രോ .. ഞാന്‍ ബ്രോ ന്‍റെ എഫ് ബി ഫ്രണ്ട്‌ അല്ലെ .."


"എഹ് !!! യേത് ??"

"എന്നെ മനസിലായില്ലേ ?? ഞാന്‍ ________ശങ്കര്‍ . പള്ളിക്കടവിനടുത്തുള്ള...

ആ ഷാരുഖ് ന്‍റെ ഫോട്ടോ പ്രൊഫൈല്‍ പിക് ആയിട്ട്... കണ്ടിട്ടില്ലേ . ബ്രോ ന്‍റെ എല്ലാ ഫോട്ടോയും ഞാന്‍ ലൈക്കാറുണ്ട്.. പിന്നെ സ്ടാട്ടസ് ഒക്കെ സൂപ്പറാ ട്ടാ .."

ഇടയ്ക്ക് അവനെന്നെ സുഖിപ്പിച്ചത് ഞാന്‍ കേട്ടില്ലെന്നു നടിച്ചു .

അല്‍പ സമയത്തെ ആലോചനയ്ക്ക് ശേഷമാ ആളെ പിടി കിട്ടിയത് . ചായക്കടക്കാരന്‍ ശങ്കുരുട്ടി ചേട്ടന്‍റെ താഴെയുള്ള മോന്‍ .

ശങ്കുരുട്ടി ചേട്ടന്‍ ശങ്കര്‍ ആയതെങ്ങനെ ??

ന്യൂ ജെന്‍ വിക്രിയകള്‍..

ഭാഗ്യം ന്തായാലും തന്തയെ മാറ്റിയില്ല..

മൂത്ത പെങ്കൊച്ച് ആരുടെയോ ഒപ്പം ചാടി പോയതില്‍ പിന്നെ ശങ്കുരുട്ടി ചേട്ടന് ആകെയുള്ളത് ഈ തല തെറിച്ചവന്‍ മാത്രാ.. അടുത്ത കാലത്തൊന്നും ഈ മോതലിനെ ഞാന്‍ കണ്ടിട്ടുമില്ല .

നല്ല സ്നേഹമുള്ള ചേട്ടനാ..
പണ്ട് ഈ പ്രായത്തില്‍ അച്ഛനോടൊപ്പം അവിടെ പുട്ടും പഴോം തട്ടാന്‍ പോകുമ്പോ ചായക്കടയില് ഇവന്‍ അമ്മേടെ ഒക്കത്ത് മൂക്കും ഒലിപ്പിച്ചോണ്ട് വല്യ വായില്‍ കാറുന്നുണ്ടാകും.

ഇവന്‍റെ ബ്രോ വിളി കേള്‍ക്കുമ്പോ അന്നേ ഒരു കുറ്റി പുട്ട് കുത്തി കേറ്റി കൊന്നാ മതിയാരുന്നു എന്ന് തോന്നിപ്പോയി .

"നീയെന്താടാ ഇവിടെ? "

"എന്‍റെ അമ്മേടെ വീട് ഇവിടാ.. ഇവിടെ നിന്നാ ഞാന്‍ പടിക്കണേ .."

"എത്രേലാ പ്പോ ??"

"എട്ടില് .."


"പ്രൊഫൈലില് നീ ഡിഗ്രീ ആണല്ലോ."

" ആ... അത് പിന്നേ.... ഒരു ഇതിനു .."

" ഉം."

"എവിടേയ്ക്കാ ഈ കോലത്തില് ?"

"അച്ഛന്‍റെ വീട്ടീ പോവാ .."

അപ്പോഴും എന്‍റെ നോട്ടം ആ ടീഷര്‍ട്ടില്‍ ആയിരുന്നു.

" എന്തൂട്ട്രാ നിന്‍റെ ഷര്‍ട്ടില് എഴുതീരിക്കണേ ?"

"അത്.. അത് ഇപ്പഴത്തെ ട്രെന്‍ഡ് അല്ലെ ബ്രോ .."


നിന്‍റെ @#$@#$% ലെ ട്രെന്‍ഡ്. 

എനിക്കങ്ങ് കലി കേറി ..

" ഉം.. കേറഡാ വണ്ടീല് .. നിന്നെ ഞാന്‍ കൊണ്ടാക്കാം വീട്ടില് .."

ചായക്കട എത്തുന്ന വരെ ഒന്നും മിണ്ടിയില്ല.

എന്തോ പന്തികേട് ചെക്കനും തോന്നിയിരിക്കണം.

രണ്ടു കൊള്ളിച്ചിട്ടു തന്നെ കാര്യം ..

" ശങ്കുരുട്ട്യെട്ടാ.. "

"ആ മോനെ, നിന്നെ കണ്ടിട്ട് കുറെ നാളായല്ലോ.. അച്ഛന് സുഖല്ലേ ??"
" ആ സുഖന്നെ.."

"എന്താ ചേട്ടന്‍റെ വിശേഷങ്ങള്‍ ??"

"ഓ.. പഴേ പോലെ കച്ചോടം ഒന്നുല്ല ഡാ .."

ചില്ല് പെട്ടിയിലെ ഉറക്കം തൂങ്ങിയിരിക്കുന്ന പഴമ്പൊരിയും വടയും പറയാതെ പറയുന്നുണ്ടായിരുന്നു ആ കഥ

"ഇവനെ എവിടന്നു കിട്ടി ?? "

"വരും വഴി കണ്ടപ്പോ കയറ്റീതാ.."

" ഉം.. നീയിരിക്ക്. ഞാന്‍ ചായയെടുക്കാം .."

"വേണ്ട ചേട്ടാ.. പോയിട്ട് ലേശം ധൃതി ണ്ട് .

അല്ല ,

തെന്തു കോലാ ന്‍റെ ചേട്ടാ..."


ആ കുട്ടിപ്പിശാശിനെ ചൂണ്ടിക്കാട്ടി ഞാന്‍ ചോദിച്ചു.

" എന്തൂട്ട് പറയാനാ ഡാ .. നമ്മള് പറഞ്ഞോട്ത്ത് ഒന്നും നിക്കാണ്ടായി പിള്ളാര്.. ഒരുത്തി തന്നെ ഇട്ടേച്ചു പോയി. അതേ പിന്നെ ഞാന്‍ ഒന്നും പറയാറുമില്ല.. എന്നെ എല്ലാരും അറിയണോണ്ട് എവിടെ പോയാലും ഒരു ശ്രദ്ധേണ്ട് എല്ലാര്‍ക്കും " 

ശ്ശെടാ രണ്ടു കൊള്ളിക്കാന്‍ ഉള്ള ചാന്‍സ്‌ ചീറ്റി പോയോ ?? അവിടെ വച്ചേ രണ്ടു പൊട്ടിച്ചാ മതിയാരുന്നു ..

"അതല്ല ചേട്ടാ ഇവന്‍ ഇങ്ങനെ നടക്കണോണ്ട് അല്ല. ദേ അവന്‍റെ ഷര്‍ട്ടില് എഴുതീരിക്കണ കണ്ടാ.. "

"അതിപ്പോ ഞാന്‍ കണ്ടിട്ട് എന്തൂട്ടിനാ ണ്ടാ.. നിക്ക് വായിക്കാന്‍ അറിയില്ലല്ലോ .."

"അതിന്‍റെ അര്‍ഥം ന്താ ന്നു മനസിലായാ ? ദേ അവനോടു തന്നെ ചോദിക്ക്. അവന്‍ പറഞ്ഞു തരും ."


ചെക്കന്‍ നിന്ന് പരുങ്ങി..

"എന്തൂട്ട്രാ എഴുതീരിക്കണേ ?? "

"അത് പിന്നെ.. "

"ഉം... ഒലക്ക.. അച്ഛന്‍റെ കൊഞ്ചിച്ചു വളര്‍ത്തിയത്കൊണ്ട് മോള് ഇങ്ങനായി ന്നും പറഞ്ഞു അമ്മ വീട്ടാര് വളര്‍ത്തി നന്നാക്കാന്‍ നോക്കീതല്ലേ.. നീ അവടെ പോയിട്ട് പുത്തകം തൊറക്കില്ലാന്നു എനിക്കറിയാം.. എ ബി സി ഡി വരെ തെറ്റാണ്ട് പറയാന്‍ അറിയോടാ നിനക്ക് ? പിന്നെ ഇമ്മാതിരി കൂട്ടെഴുത്തു കണ്ട് എന്തൂട്ട് അര്‍ത്ഥറിയാനാ. "


അവന്‍റെ മുഖത്ത് നല്ല സ്ട്രോങ്ങ്‌ ടീ പരുവത്തില്‍ നോക്കിയിട്ട് കക്ഷി എന്നിലേക്ക്‌ തിരിഞ്ഞു .

"ഡാ ഇവന്‍റെ പ്രോഗ്രസ് കാര്‍ഡ്‌ ഒപ്പിടാന്‍ ഇപ്രാവശ്യം ഞാനാ പോയെ .. നാണം കേട്ടൂന്നു പറഞ്ഞാ മതീലോ.. 

പത്തു പന്ത്രണ്ടു വിഷയമുള്ളതില് ഒരെണ്ണം പോലും രണ്ടക്കം കടന്നിട്ടില്ല ..
ഈ ഇവനാ ഇതൊക്കെ വായിച്ചു നോക്കാന്‍ പോണേ ??

പട്ടക്കടലാസോണ്ട് കോണം അടിച്ചു കൊടുത്താ അതും ഇട്ടോണ്ട് നടന്നോളും.. അല്ലാണ്ട് വായിക്കാന്‍ വേണ്ടി ഒരു പേപ്പറു എടുക്കനത് ഞാനിതുവരെ കണ്ടിട്ടില്ല.. "

ആഹാ ഇപ്പൊ പറഞ്ഞു വരുന്നത് ചെക്കന് വിദ്യാഭ്യാസം ഇല്ലാത്തെന്റെ കഥയാ ?

"ഇതതൊന്നും അല്ലെന്‍റെ ചേട്ടാ ..

രണ്ടു കിട്ടാത്തെന്റെ കൊറവാ ചെക്കന് . ഓരോ പുതിയെ ഭാഷേം കൊണ്ട് നടക്കാ .. ഹും."

എന്‍റെ ദേഷ്യം കൂടി കൂടി വന്നു ..

"ന്നാ നീ പറയ് ഡാ . എന്തൂട്ടാ എഴുതീരിക്കണേ.. എന്തൂട്ട പ്രശ്നം. നിക്കൊന്നും മനസിലാവുണില്ല ??"

"ആ.. അത്... അത് പിന്നെ.. ഇതിന്‍റെ അര്‍ത്ഥം ന്താ ന്നു വച്ചാ ..."

അച്ഛന്‍റെ പ്രായമുള്ള ആളോട് ഞാന്‍ എങ്ങനാ ഇതിന്‍റെ മീനിംഗ് പറഞ്ഞു കൊടുക്കാ എന്നറിയാതെ ഞാന്‍ പൊറോട്ട മാവ് പോലെ കുഴങ്ങി



"അത് ശരി അപ്പൊ നീയും ആ പഴേ സ്വഭാവം തന്നെ ലെ ??
ഇപ്പോഴും പഠിക്കില്ലേ ?? അന്ന് നാരായണന്‍ ദേ ഇവടെ വന്നിരുന്നു നീ ഒഴപ്പി നടക്കണ കാര്യം വിഷമത്തോടെ ഇരുന്നു പറഞ്ഞിരുന്നത് ഞാനിന്നും മറന്നിട്ടില്ല . "

നല്ല ബെസ്റ്റ്‌ തന്ത.

പിറകിലേക്ക് നോക്കിയപ്പോ ചെക്കന്റെ കോപ്പിലെ ചിരി.

എന്തോ ഭാഗ്യത്തിന് കൂട്ടുകാരി മിസ്സടിച്ചത് ഞാന്‍ മുതലാക്കി .

" വീട്ടീന്നാ. അത്യാവശ്യായിട്ടു പോണം. ഞാന്‍ പിന്നെ വരാം.. എന്നും പറഞ്ഞു ഞാന്‍ സ്കൂട്ടായി ... "
ബൈക്ക്‌ സ്റ്റാര്‍ട്ട് ചെയ്തു നീങ്ങുന്നതിനിടയില്‍ ആ അശരീരി വീണ്ടും കേട്ടു..

"ബ്രോ അപ്പൊ ഇനി എഫ് ബില് കാണാം ട്ടാ..."

വിത്തൌട്ട് ചായയില് വീണ ഈച്ചയെ കോരി കളയുന്ന തിരക്കിലായിരുന്നു ശങ്കുരുട്ട്യെട്ടന്‍

2014 ജനുവരി 29, ബുധനാഴ്‌ച

കുങ്കുമപ്പൂവ്

ജനുവരി 8:


സമയം രാത്രി ഒമ്പത് മണി

കയറി വന്നപ്പോഴേ അമ്മയുടെ മുഖത്ത് ഒരു വിഷാദ ഭാവം ..

അടുത്തെങ്ങാനും സാമ്പാറ് മണക്കുന്നുണ്ടോ..

അയല്‍ വീടുകളിലേക്ക്‌ ഒന്ന് പാളി നോക്കി ..

ഇല്ല, ആരും പടമായ ലക്ഷണം കാണുന്നില്ല .

സമാധാനം , അച്ഛന് ഭാവമാറ്റങ്ങള്‍ ഒന്നും തന്നെയില്ല ..

വേഗം ഒരു കുളിയും പാസാക്കി ഒരു ചൂട് കഞ്ഞി വിത്ത് ബുള്‍സ് ഐ ഓര്‍ഡര്‍ ചെയ്തു കസേരയില്‍ കയറി ഇരുന്നു .

കഞ്ഞിയാക്കിയത് സത്യായിട്ടും വിശപ്പില്ലാഞ്ഞിട്ടാ..

( വൈകീട്ട് വരും വഴി കൊള്ളിയും ബീഫും തട്ടിയത് കൊണ്ടാണോ എന്തോ )

വീട്ടില്‍ വന്നിട്ട് ഒന്നും കഴിച്ചില്ലേല്‍ പിന്നെ അതിനു വേറെ വഴക്ക് കേള്‍ക്കണം ..

സമയം 9.35

കഞ്ഞി റെഡി .

ഏഷ്യാനെറ്റിലെ നീട്ടി വലിച്ചുള്ള തേങ്ങല്‍ കേട്ടാണ് ടീവിയിലെക്ക് നോക്കിയത് ..

മരണം .. രുദ്രന്‍ ഉണ്ട മരിച്ചിരിക്കുന്നു ..

ആകെ കണ്ണീരു മയം...

ആ വയലിന്‍ വായന കേട്ടപ്പോഴേ ചിരി പൊട്ടി .. അത് കേട്ടാല്‍ ജീവനുള്ളവര്‍ വരെ തട്ടിപ്പോകും ..

"എന്‍റെ രുദ്രന്‍ ഉണ്ടേ.. നിനക്ക് എസ്കോര്‍ട്ട് നു ഐജി വരെ ഉണ്ടായിട്ടും നിനക്കീ ഗതി വന്നല്ലോ.."

മദര്‍ ഇന്‍ ലോ എണ്ണിപ്പെറുക്കി കരയുന്നു..

അതിനിടയിലാ ശവത്തിനടുത്തിരുന്നു രണ്ടു "ഉണ്ടന്മാരുടെ" വഹ മുടിഞ്ഞ കരച്ചില്‍...

അതിലോരുത്തന്റെ കരച്ചില്‍ കേട്ടതും ചിരിച്ചു ചിരിച്ചു വായിലെ കഞ്ഞി വരെ തൂറ്റി ..

പെട്ടെന്നായിരുന്നു അമ്മയുടെ ഭാവം മാറിയത്

"എന്താടാ ഇത്ര കിണിക്കാന്‍ ??"

ഹും.. അതെങ്ങനാ ..
അന്യന്‍റെ വിഷമം മനസിലാക്കാന്‍ മനസ് എന്നൊന്ന് പറയുന്ന സാധനം വേണം..

അങ്ങനെയുള്ളവര്‍ക്കെ ഇതൊക്കെ കാണുമ്പോ ഉള്ളില്‍ സങ്കടം വരൂ ..

ഹും..

നീ ഏതു നേരോംആ കംബ്യൂട്ടറില്‍ കുത്തി പിടിച്ചിരുന്നോ..

ആര് ചത്താലും ജീവിച്ചാലും നിനക്കാ കുന്ത്രാണ്ടം മതീലോ .. "

അല്‍പ നേരത്തേക്ക്‌ മൌനം ..

പ്ലേറ്റില്‍ കിടക്കുന്ന ബുള്‍സ് ഐ വരെ എന്നെ നോക്കി കൊഞ്ഞനം കുത്തി.

കിട്ടിയ കഞ്ഞി പ്ലിംഗ് പ്ലിംഗ് എന്ന് കോരി കുടിച്ചു ഞാന്‍ മെല്ലെ സ്കൂട്ടായി

ഇന്‍റര്‍വ്യൂ

നാലാം ക്ലാസില്‍ നാലാമത്തെ പിരിയഡില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുമ്പോ

"ഉച്ചക്കഞ്ഞിക്ക് ഇന്ന് കോഴിമുട്ട കിട്ട്വോ"

എന്ന് ഞങ്ങടെ ആര്‍ സി യു പി സ്കൂളിലെ സീനിയര്‍ ഷെഫ്‌ ത്രേസ്യാമ്മ

ചേച്ചിയോട് ക്ലാസില്‍ ഇരുന്നോണ്ട് ഉറക്കെ വിളിച്ചു ചോദിച്ചതിനു ബീനടീച്ചര്‍ എന്നെ പുറത്താക്കി ..


****വിശക്കുന്നവന് ഇംഗ്ലീഷ്‌ ദഹിക്കില്ല എന്ന് ബീന ടീച്ചര്‍ക്ക്‌ അറിയില്ലല്ലോ**** 

എട്ടാം ക്ലാസില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുമ്പോ അവസാന ബഞ്ചില്‍

ഇരുന്നോണ്ട് കൂട്ടുകാരി നീതുവിനെ ലൈന്‍

അടിച്ചതിന് ജോസ്‌ബീന ടീച്ചര്‍ പുറത്താക്കി ..

****ഈ ജോസ്ബീന ടീച്ചര്‍ തന്നെ രണ്ടു കണ്ണും മിനിറ്റിനു മൂന്നാല് തവണ അടക്കുന്നുണ്ടല്ലോ. അതിനൊരു കുറ്റവും ഇല്ല ..****

പ്ലസ്‌ വണ്ണിനു ഇംഗ്ലീഷ്‌ പഠിക്കുമ്പോ ടെക്സ്റ്റ്‌ ബുക്കില്‍ തല വെച്ച്

കിടന്നുറങ്ങിയതിനു ജെസി ടീച്ചര്‍ പൊക്കി ..

***തലേ ദിവസം പ്രോവിഡന്‍സ് തിയറ്ററില്‍ സെക്കന്‍ഡ്‌ ഷോ കഴിഞ്ഞു

വന്നു രണ്ടര മണിക്കൂര്‍ ഉള്ള സിനിമാക്കഥ എസ് എം എസ് വഴി

സുഹൃത്തിന് പറഞ്ഞു കൊടുക്കുന്നവന്റെ സ്ട്രെയിന്‍ എത്രത്തോളം

ഉണ്ടെന്നു മനസിലാവണേല്‍ അനുഭവം വേണം അനുഭവം ..****

പറഞ്ഞു വന്നത് :

ഇങ്ങനെ ഓരോ കാരണത്താല്‍ ക്ലാസിനു അകത്തിരുന്നു

പഠിച്ചതിനേക്കാള്‍ അധികം പുറത്തു നിന്ന് ഇംഗ്ലീഷ്‌ പഠിക്കേണ്ടി വന്ന

പ്യാവം പയ്യനോട് ഒരു ദിവസം

" ഡാ അവര് വിളിച്ചു ഇന്‍റര്‍വ്യൂ ചെയ്യുമ്പോ പച്ചവെള്ളം പോലെ

ഇംഗ്ലീഷ്‌ ഒഴുകണം"

എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും ??

ന്നാലും സംഗതി ഞാന്‍ പയറ്റി .. പക്ഷെ പറഞ്ഞു വന്നപ്പോ പഞ്ചായത്ത്

പൈപ്പിലെ വെള്ളം പോലെ ആയിപ്പോയി എന്ന് മാത്രം .. 
 — feeling ലോകത്ത്‌ എല്ലായിടത്തും ഭാഷ മലയാളമായി എകീകരിച്ചിരുന്നെങ്കില്‍.

ആത്മഹത്യാക്കുറിപ്പ്‌



സമയം ഇന്ന് പുലര്‍ച്ചെ ഏഴര ..

പല്ല് തേയ്ക്കും മുന്‍പേ എഫ ബിയില്‍ കയറി നോട്ടിഫിക്കേഷന്‍ നോക്കുന്നത് ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു . 


അപ്പോഴാണ്‌ പ്രിയ സുഹൃത്തിന്‍റെ അനുമോദന മെസേജ് ശ്രദ്ധയില്‍ പെട്ടത് .. 


"നീ നന്നായി എഴുതുന്നുണ്ടല്ലോ .. 


നിനക്ക് ഇതൊക്കെ ഒരു പുസ്തകത്തില്‍ എഴുതിയാലെന്താ .. "


ആദ്യം കേട്ടപ്പോ വല്ലാതങ്ങു സുഖിച്ചു എങ്കിലും അതിന്‍റെ ദ്വയാര്‍ത്ഥം മനസിലാക്കാന്‍ വൈകി പോയി .. 


"ഈ ചളിയൊക്കെ കൊണ്ട് മോന്തപ്പുസ്തകത്തില്‍ തേയ്ച്ചു നാട്ടാരെ വെറുപ്പിക്കുന്നതിനു പകരം വല്ല നോട്ടു ബുക്കിലോ മറ്റോ എഴുതി സ്വയം ഇരുന്നു വായിച്ചു മടുത്താ പോരെടാ പുല്ലേ"


എന്നാകണം ലവള്‍ ഉദ്ദേശിച്ചത്. 


എന്നിട്ടും എന്താ ഞാന്‍ നന്നാവാത്തെ എന്നല്ലേ ?? 


അതിനു പുറകില്‍ ഒരു കഥയുണ്ട് ... 


*****************************ഒരു മുടിഞ്ഞ ആത്മകഥ *****************************


ഞാന്‍ പ്ലസ്‌ ടൂ നു പഠിക്കുന്ന സമയം .. 


("പഠിക്കുന്ന" എന്ന് വെച്ചതിനു "നുണയാ.." എന്ന് എന്നെ വിളിക്കരുത് ) 


അങ്ങനെ പഠിച്ചു പഠിച്ചു പഠിച്ചു ബോറടിച്ചപ്പോ എഫ് ബിയില്‍ പോസ്ടാന്‍ വേണ്ടി ആത്മകഥ പോലൊരു കഥ എഴുതാന്‍ തിരുമാനിച്ചു .


അങ്ങനെ ആത്മകഥ എന്നൊന്നും പറയാനില്ലെങ്കിലും അന്നും ചളിക്ക് ക്ഷാമമില്ലാത്തത് കൊണ്ട് ഒരു പേജ് നിറയെ കുറെ സെന്റിയും കുട്ടിസാഹിത്യവും ചേര്‍ത്ത് എഴുതിക്കൂട്ടി.


എന്‍റെ കലാസൃഷ്ടി വീട്ടുകാര്‍ ആരും കാണുന്നത് എനിക്ക് പിടിക്കില്ല.

കലാബോധം ഇല്ലെന്നേ .. ( ഞാന്‍ മാത്രം ഇങ്ങനായി ... )

ഞാനെന്തു സാധനം എവിടെ കൊണ്ട് വച്ചാലും വീട്ടിലെ സി ഐ ഡി ആയ ന്‍റെ ചേച്ചീടെ കയ്യില്‍ കിട്ടും. 

ഹും. ഈ ച്യാച്ചി കാരണം കീറി കളഞ്ഞ ലവ് ലെറ്ററിനു കണക്കില്ല 

അതുകൊണ്ട് എന്‍റെ മഹത്തായ ആ കലാസൃഷ്ട്ടിയെ നാലായി മടക്കി പോക്കറ്റില്‍ തിരുകിക്കൊണ്ട് ഞാന്‍ കളിക്കാന്‍ പോയി . 


ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോ ചേട്ടനുമായി ഒന്ന് സ്നേഹപ്രകടനം നടത്തേണ്ടി വന്നു . 


ഞാന്‍ പ്യാവം ആയതിനാല്‍ കിട്ടിയ ഇടിക്ക് ഒരു കണക്കും ഇല്ലാരുന്നു ..


പോരാത്തതിന് എന്‍റെ പേരില്‍ കള്ളക്കേസും പാസാക്കി പഹയന്‍ .


ചേട്ടനെ തല്ലിയ കുറ്റത്തിന് സുപ്രീം കോര്‍ട്ട് (അച്ഛന്‍ ) എന്‍റെ പേരില്‍ സ്വമേധയാ കേസെടുത്തു .

രണ്ടെണ്ണം ആ വകുപ്പിലും കിട്ടി . 

സ്റ്റഡി ലീവ് ആയത് കൊണ്ട് പിറ്റേന്ന് നേരത്തെ എണീറ്റ് കുളിയും കഴിഞ്ഞു ഞാന്‍ കളിക്കാന്‍ പോയി . 


ആ നേരത്താണ് ഈ എഴുത്ത് അലക്കാനിട്ട സൌസറില്‍ നിന്നും സി ഐ ഡി കണ്ടെടുക്കുന്നത് . 


കിട്ടിയ പാടെ രണ്ടു തവണ വായിച്ചു നോക്കീട്ട് കക്ഷി പെരുമ്പറയും കൊണ്ടിറങ്ങി . 

ഡും ഡും ഡും.. 
************************

എന്തൂട്ട് വല്യ കളിയായാലും നാല് മണിയായാ വയറ്റില് ബെല്ലടിക്കും. 


ഉച്ചക്ക് കൂട്ടുകാരന്‍റെ വീട്ടീന്നു കോഴി ബിരിയാണി തട്ടിയത് കൊണ്ട് ഒരു ബെല്ലടി ഒഴിവാക്കിയിരുന്നു . 


ഞാന്‍ വീട്ടിലെത്തിയപ്പോ ഉണ്ട് അമ്മ സെന്ടിയടിച്ചു തലയ്ക്കു കയ്യും വച്ചു ഇരിക്കുന്നു .. 


ചേച്ചിയുടെ മുഖത്ത് പല പല ഭാവങ്ങള്‍ .


ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു സ്പെഷല്‍ ഭാവവും.


എന്തോ കെണി ആണെന്ന് മനസിലായി . 


പക്ഷെ അമ്മ ??? അമ്മക്കെന്തു പറ്റി ?



വയറ്റില്‍ കൂട്ടമണി അടിച്ചപ്പോ ഈ ചിന്തകളോട് ഗുഡ്‌ ബൈ പറഞ്ഞു ഞാന്‍ അടുക്കളയില്‍ കയറി. 


ഒരു കുറ്റി പുട്ടും രണ്ട് ചെറുപഴവും അകത്ത് ചെന്നപ്പോഴാണ് അരികില്‍ എന്നേം നോക്കിക്കൊണ്ട് അമ്മ വന്നു നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നത് ..


കഴിഞ്ഞയാഴ്ച്ച ഞങ്ങള്‍ടെ വീട്ടിലെ ആടിനെ അറവുകാരന്‍ ആലിക്ക വാങ്ങി കൊണ്ട് പോകുമ്പോഴും അമ്മയുടെ മുഖത്ത് ഇതേ ഭാവമായിരുന്നു .

"എന്താ അമ്മേ.. ആരാ മരിച്ചേ ?? "

അവസാനത്തെ പുട്ടിനെയും വയറ്റിലേക്ക് പറഞ്ഞയക്കുന്നതിനിടയില്‍ കഷ്ട്ടപ്പെട്ട് ഞാന്‍ ചോദിച്ചു. 

"മോനെ.. എന്നാലും നീ .. "
"എന്തൂട്ട് ?? "
എനിക്കൊന്നും മനസിലായില്ല 

"ചേട്ടനോട് തല്ലുകൂടിയതിന്റെ പേരില്‍ നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കണേ ?? 

ചെറു പ്രായല്ലേ നീ ?? 

ഞങ്ങള്‍ ഇത്രേം നാള്‍ പോറ്റി വളര്‍ത്തിയത് ഇതിനായിരുന്നോ ??


പെറ്റ വയറിന്‍റെ വേദന നിനക്ക് മനസിലാകില്ല "


"അവസാനത്തെ ആ ഡയലോഗ് ഏതു സീരിയലിലെ ആണെന്നു എത്ര ആലോചിച്ചിട്ടും ഒരു പിടീം കിട്ടാതെ ഞാന്‍ ഒന്നൂടെ ചോദിച്ചു . 

"എന്താ കാര്യം ? എന്തൂട്ടാ ഇപ്പൊ പ്രശ്നം ?"
അപ്പോഴേക്കും ച്യാച്ചി ഓടിവന്നു . 
"ഡാ നിന്‍റെയൊരു ആത്മഹത്യാക്കുറിപ്പ്‌ പോക്കറ്റീന്നു കിട്ടീലോ .. നീ ചാവാന്‍ പോവാ ലെ " 

ങേ!!! 



തിന്ന പുട്ട് വരെ ഞെട്ടിത്തരിച്ച നിമിഷം ...

" പിശാശേ അത് ഞാനൊരു കഥ എഴുതിയതാ .. 
അതും ഇന്നലത്തെ അടിയും തമ്മില്‍ യാതൊരു ബന്ധവുമില്ല .." 
എന്ത് പറഞ്ഞിട്ട് എന്താ കാര്യം. 
പിന്നേം കേസ് സുപ്രീം കോടതിയില്‍ . 
അവസാനം എനിക്ക് ഒരു ഉടമ്പടിയില്‍ ജാമ്യം ലഭിച്ചു . 

***മേലാല്‍ കഥ വല്ലതും എഴുതുകയാണെങ്കില്‍ പേപ്പറിനു മുകളില്‍ " കഥ " എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വച്ചേക്കണം***